ന്യൂഡൽഹി: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ അറ്റകുറ്റപ്പണികളുമായി ബന്ധപ്പെട്ട കേരള- തമിഴ്നാട് തർക്കങ്ങൾ കേന്ദ്രസർക്കാർ പുതുതായി രൂപീകരിച്ച മേൽനോട്ട സമിതി പരിശോധിക്കണമെന്ന് സുപ്രിംകോടതി നിർദ്ദേശിച്ചു. സമിതി രണ്ടാഴ്ചയ്‌ക്കുള്ളിൽ യോഗം വിളിച്ചുകൂട്ടണം. തമിഴ്നാടിനെയും കേരളത്തെയും കേട്ട് ഇരുസംസ്ഥാനങ്ങൾക്കും സ്വീകാര്യമായ സമവായമുണ്ടാക്കണം.
ഏതെങ്കിലും വിഷയത്തിൽ തർക്കം തുടരുകയാണെങ്കിൽ സുപ്രീംകോടതിയുടെ തീർപ്പിന് വിടണം. ചർച്ചകളുടെ ഫലം സംബന്ധിച്ച് സമിതി നാലാഴ്ചയ്‌ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്നും
ജസ്റ്റിസുമാരായ സൂര്യകാന്ത്, എൻ.കോട്ടീശ്വർ സിംഗ് എന്നിവരടങ്ങിയ ബെഞ്ച് നിർദ്ദേശിച്ചു.
മുല്ലപ്പെരിയാറിലെ അറ്റകുറ്റപ്പണികൾക്ക് കേരളം തടസം നിൽക്കുന്നുവെന്ന തമിഴ്നാടിന്റെ പരാതി പരിഗണിക്കുകയായിരുന്നു ഡിവിഷൻ ബെഞ്ച്.
മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട എല്ലാ ഹർജികളും മൂന്നംഗ ബെഞ്ചിന് വിടുകയാണെന്നും വ്യക്തമാക്കി. ബെഞ്ചിന്റെ ഘടന ചീഫ് ജസ്റ്റിസ് തീരുമാനിക്കും. അണക്കെട്ടിന്റെ സുരക്ഷയിൽ ആശങ്കയുന്നയിച്ച് സമർപ്പിച്ച ഒരുകൂട്ടം പൊതുതാത്പര്യഹർജികൾ നേരത്തെ മൂന്നംഗ ബെഞ്ചിന് വിട്ടിരുന്നു.
'കേരളത്തിന് അപകടമെന്ന്
ചിലർ പ്രചരിപ്പിക്കുന്നു'
മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട് തമിഴ്നാട് എന്തു ചെയ്‌താലും കേരളത്തിന് അപകടകരമെന്ന് ചിലർ പ്രചരിപ്പിക്കുന്നതായി സുപ്രീംകോടതി. കേരളം തകരുമെന്നാണ് പെരുപ്പിച്ചു പറയുന്നത്. അറ്റകുറ്റപ്പണിയുടെ ഭാഗമായി മേഖലയിലെ 15 മരങ്ങൾ മുറിച്ചു മാറ്റാൻ കേരളം അനുമതി നൽകിയിരുന്നെങ്കിലും പിന്നീട് റദ്ദാക്കിയെന്ന് തമിഴ്നാടിന്റെ അഭിഭാഷകൻ ശേഖർ നാഫ്ഡെ അറിയിച്ചപ്പോഴായിരുന്നു പ്രതികരണം. അഞ്ചു വർഷത്തിലൊരിക്കൽ നടത്തേണ്ട സുരക്ഷാ പരിശോധന തമിഴ്നാട് ഒഴിവാക്കുകയാണെന്ന് കേരളത്തിന്റെ അഭിഭാഷകൻ ജയ്‌ദീപ് ഗുപ്‌ത അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |