കറാച്ചി: ചാമ്പ്യൻസ് ട്രോഫിയിലെ ആദ്യ മത്സരത്തിൽ ആതിഥേയരായ പാകിസ്ഥാൻ ന്യൂസിലാന്റിനോട് 60 റൺസിന്റെ തോൽവി വഴങ്ങിയിരിക്കുകയാണ്. മുൻ നായകനായ ബാബർ അസമിന്റെ ബാറ്റിംഗ് ആണ് ഇന്ന് പാകിസ്ഥാന് തോൽവിയിലേക്ക് വഴി തെളിച്ചത്. 90 പന്തുകൾ നേരിട്ട ബാബർ ആറ് ഫോറുകളും ഒരു സിക്‌സുമടക്കം 64 റൺസ് മാത്രമാണ് നേടിയത്. സൗദ് ഷക്കീലിനൊപ്പം ഓപ്പണറായി ഇറങ്ങിയ ബാബർ ആറാമനായാണ് പുറത്തായത്. അപ്പോഴും ടീമിന് വേണ്ട വിജയലക്ഷ്യത്തിന്റെ പകുതിപോലും ആയിരുന്നില്ല. സൽമാൻ അലി ആഖയുമായി ചേർന്ന് 58 റൺസ് കൂട്ടുകെട്ട് ഉണ്ടാക്കിയതിലെ ബാബറിന്റെ ബാറ്റിംഗ് ശൈലിയെ മുൻ ഇന്ത്യൻ സ്‌പിന്നർ ആർ അശ്വിൻ എക്‌സിലൂടെ പരിഹസിച്ചു.
'സൽമാൻ അലി ആഖയെ കൂട്ടുപിടിച്ച് അർദ്ധ സെഞ്ച്വറി നേടിയ ബാബറിന്റെ ബാറ്റിംഗ് ആമയും മുയലും കഥയുടെ ഏറ്റവും മികച്ച ചിത്രീകരണമായി.' എന്നാണ് അശ്വിന്റെ പ്രതികരണം. 321 റൺസിന്റെ വമ്പൻ ലക്ഷ്യം പിന്തുടരുമ്പോഴായിരുന്നു ബാബറിന്റെ 'കൊട്ടികളി'. പത്ത് ഓവറിൽ രണ്ട് വിക്കറ്റുകൾ നഷ്‌ടമായ പാകിസ്ഥാന് 22 റൺസ് ആണ് അതുവരെ നേടാനായത്. സമ്മർദ്ദമേറുന്ന അന്താരാഷ്‌ട്ര മത്സരങ്ങളിൽ ഒരിക്കൽ കൂടി ബാബർ അസം പരാജയപ്പെടുന്നതാണ് ഇന്ന് കണ്ടത്.
സൽമാൻ അലി ആഖ 28 പന്തുകളിൽ 42 റൺസ് നേടി പുറത്തായി. പിന്നീട് ഖുഷ്‌ദിൽ ഷാ ക്രീസിലെത്തിയ ശേഷമാണ് പാകിസ്ഥാൻ സ്‌കോർബോർഡിന് ജീവൻ വച്ചത്. 49 പന്തുകളിൽ 10 ബൗണ്ടറിയും ഒരു സിക്‌സറുമടക്കം ഷാ 69 റൺസ് നേടി. ന്യസിലാന്റിനായി നായകൻ സാന്റനർ 66 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്‌ത്തി. വിൽ ഓ റൂർക്കി 47 റൺസ് വഴങ്ങി മൂന്ന് വിക്കറ്റുകൾ നേടിയപ്പോൾ മാറ്റ് ഹെൻട്രി രണ്ട് വിക്കറ്റുക വീഴ്‌ത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |