ന്യൂഡൽഹി : ശനിയാഴ്ച ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിലുണ്ടായ തിക്കിലും തിരക്കിലും 20 പേർ മരിക്കാനിടയായ സംഭവത്തിൽഇടപെട്ട് ഡൽഹി ഹൈക്കോടതി. കേന്ദ്രസർക്കാർ, റെയിൽവേ, റെയിൽവേ ബോർഡ് തുടങ്ങിയ എതിർകക്ഷികൾക്ക് നോട്ടീസ് അയക്കാൻ ചീഫ് ജസ്റ്റിസ് ഡി.കെ. ഉപാദ്ധ്യായ, ജസ്റ്റിസ് തുഷാർ റാവു ഗെഡേല എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവിട്ടു. ഒരു കോച്ചിൽ ഉൾക്കൊള്ളിക്കാൻ കഴിയുന്നവരുടെ എണ്ണം റെയിൽവേയ്‌ക്ക് നിശ്ചയമുണ്ട്. എന്നിട്ടും പരിധിയില്ലാതെ യാത്രാ ടിക്കറ്റ് വിറ്റത് എന്തിനെന്ന് കോടതി ആരാഞ്ഞു. കോച്ചുകളിൽ യാത്ര ചെയ്യാൻ കഴിയുന്നവരുടെ പരമാവധി എണ്ണം അധികൃതർ നിശ്ചയിക്കണമെന്ന് റെയിൽവേ നിയമത്തിൽ വ്യവസ്ഥയുണ്ട്. അത് ആത്മാർത്ഥതയോടെ നടപ്പാക്കിയിരുന്നുവെങ്കിൽ ദുരന്തം ഒഴിവാക്കാമായിരുന്നുവെന്നും ഹൈക്കോടതി വ്യക്തമാക്കി. അർത്ഥ് വിധി എന്ന സംഘടന സമർപ്പിച്ച പൊതുതാത്പര്യഹർജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി.
ദുരന്തകാരണം
വീഴ്ചകളെന്ന് ഹർജിക്കാർ
അധികൃതരുടെ ഭാഗത്തു നിന്നുണ്ടായ വീഴ്ചകളാണ് ദുരന്തത്തിന് കാരണമെന്ന് ഹർജിക്കാർ വാദിച്ചു. ലക്ഷകണക്കിന് ആൾക്കാരാണ് അന്ന് റെയിൽവേ സ്റ്റേഷനിൽ എത്തിയതെന്നും ക്രമാതീതമായ തിരക്ക് നിയന്ത്രിക്കാൻ തക്ക അടിസ്ഥാന സൗകര്യമൊരുക്കുക സാദ്ധ്യമല്ലെന്നും ജസ്റ്റിസ് തുഷാർ റാവു ഗെഡേല പ്രതികരിച്ചു. അടിസ്ഥാന സൗകര്യമല്ല ഇവിടെ വിഷയമെന്നും റെയിൽവേ സ്വന്തം നിയമം പാലിച്ചാൽ മാത്രം മതിയാകുമെന്നും ഹർജിക്കാർ അറിയിച്ചു. പ്ലാറ്റ്ഫോം, ജനറൽ ടിക്കറ്റുകൾ ഇല്ലാതെ ഒട്ടേറെ പേർ യാത്ര ചെയ്യാൻ എത്തുന്നുണ്ട്. ജനറൽ ക്ലാസ് ടിക്കറ്റുകൾ നൽകുന്നതിൽ മാർഗരേഖ വേണം. ജനങ്ങളുടെ സുരക്ഷയ്‌ക്ക് ആ നടപടി ആവശ്യമാണെന്നും വാദിച്ചു. നിലവിൽ സർക്കുലർ ഇറക്കിയിട്ടുണ്ടെന്ന് റെയിൽവേയ്‌ക്ക് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത അറിയിച്ചു. ചൂണ്ടിക്കാണിച്ച പ്രശ്‌നങ്ങൾ പരിശോധിക്കുമെന്നും കൂട്ടിച്ചേർത്തു. തുടർന്ന് കേന്ദ്രസർക്കാരും റെയിൽവേയും സത്യവാങ്മൂലം സമർപ്പിക്കണമെന്ന് കോടതി നിർദ്ദേശിച്ചു. മാർച്ച് 26ന് വീണ്ടും പരിഗണിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |