മ്യൂണിക്ക് : യുവേഫ ചാമ്പ്യൻസ് ലീഗ് ഫുട്ബാളിന്റെ പ്രീ ക്വാർട്ടർ പ്ളേ ഓഫിന്റെ രണ്ടാം പാദത്തിൽ കെൽറ്റിക്കിനോട് 1-1ന് സമനിലയിൽ പിരിഞ്ഞെങ്കിലും മുൻ ചാമ്പ്യന്മാരായ ജർമ്മൻ ക്ളബ് ബയേൺ മ്യൂണിക്കിന് പ്രീ ക്വാർട്ടറിലേക്ക് എൻട്രി ലഭിച്ചു. ആദ്യ പാദത്തിൽ 2-1ന് ജയിച്ചിരുന്ന ബയേൺ 3-2 എന്ന ആകെ ഗോൾ മാർജിനിലാണ് അവസാന 16ലേക്ക് കാലെടുത്തുവച്ചത്. അതേസമയം കഴിഞ്ഞരാത്രി നടന്ന രണ്ടാംപാദ മത്സരത്തിൽ ഡച്ച് ക്ളബ് ഫയനൂർദിനോട് 1-1ന് സമനിലയിൽ പിരിഞ്ഞിരുന്ന മുൻ ചാമ്പ്യൻസായ ഇറ്റാലിയൻ ക്ളബ് എ.സി മിലാൻ പുറത്തായി. ആദ്യ പാദത്തിൽ ഏകപക്ഷീയമായ ഒരു ഗോളിന് തോറ്റതാണ് മിലാന് അടിയായത്.
ബെൽജിയൻ ക്ളബ് ബ്രൂഗ്ഗെ, പോർച്ചുഗീസ് ക്ളബ് ബെൻഫിക്ക എന്നിവരും പ്രീ ക്വാർട്ടറിലെത്തി. ആദ്യ പാദത്തിൽ ഇറ്റാലിയൻ ക്ളബ് അറ്റ്‌ലാന്റയെ 2-1ന് തോൽപ്പിച്ചിരുന്ന ബ്രൂഗ്ഗെ രണ്ടാം പാദത്തിൽ 3-1നാണ് വിജയിച്ചത്. ബെൻഫിക്ക ആദ്യ പാദത്തിൽ ഫ്രഞ്ച് ക്ളബ് മൊണോക്കോയെ 1-0ത്തിന് തോൽപ്പിച്ചശേഷം രണ്ടാം പാദത്തിൽ 3-3ന് സമനില വഴങ്ങുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |