ദുബായ് : ഗാലറിയിലിരുന്ന് ആക്രോശവും മോശം വാക്കുകളുമായി ശല്യമുണ്ടാക്കിയ കാണിയുടെ പെരുമാറ്റത്തിൽ കോർട്ടിൽ പൊട്ടിക്കരഞ്ഞ് ബ്രിട്ടീഷ് വനിതാ ടെന്നീസ് താരം എമ്മ റാഡുകാനു. കഴിഞ്ഞ ദിവസം ദുബായ് ടെന്നീസ് ചാമ്പ്യൻഷിപ്പിൽ കരോളിന മുച്ചോവയ്ക്ക് എതിരായ മത്സരത്തിന്റെ ആദ്യ സെറ്റിനിടെയാണ് സംഭവം. തിങ്കളാഴ്ച മുതൽ ഇയാൾ എമ്മയുടെ പിന്നാലെ നടന്ന് ശല്യമുണ്ടാക്കിയിരുന്നു. ചൊവ്വാഴ്ച മുച്ചോവയ്ക്ക് എതിരെ എമ്മ കളത്തിലിറങ്ങിയപ്പോൾ ഗാലറിയുടെ മുൻനിര സീറ്റുകളിലൊന്നിൽ ഇയാളുമുണ്ടായിരുന്നു. ഇയാളുടെ ബഹളം അതിരുകടന്നപ്പോഴാണ് എമ്മ കരഞ്ഞുകൊണ്ട് ചെയർ അമ്പയറെ സമീപിച്ചത്. കരച്ചിലടക്കാൻ പണിപ്പെട്ട താരം അമ്പയറുടെ ചെയറിന് പിന്നിൽ മറഞ്ഞുനിൽക്കുകയും ചെയ്തു. എമ്മയെ ആശ്വസിപ്പിക്കാൻ മുച്ചോവയുമെത്തിയിരുന്നു. തുടർന്ന് സുരക്ഷാഭടന്മാർ ഇയാളെ പുറത്താക്കി.
സംഭവമുണ്ടാകുമ്പോൾ ആദ്യ സെറ്റിൽ 4-0ത്തിന് പിന്നിലായിരുന്ന എമ്മ കരച്ചിലടക്കി തിരിച്ചെത്തി 5-2വരെ എത്തിച്ചെങ്കിലും 7-6ന് മുച്ചോവ സെറ്റും 7-6,6-4ന് മത്സരവും സ്വന്തമാക്കി. എമ്മയെ ശല്യപ്പെടുത്തിയ ആളെ ടൂർണമെന്റിൽ നിന്ന് വിലക്കിയതായി പിന്നീട് സംഘാടകർ അറിയിച്ചു. മത്സരങ്ങൾക്കെത്തുന്ന താരങ്ങളുടെ സുരക്ഷ ശക്തമാക്കുമെന്ന് വനിതാ ടെന്നീസ് അസോസിയേഷനും അറിയിച്ചു.
2021ലെ യു.എസ് ഓപ്പണിൽ ക്വാളിഫിക്കേഷൻ റൗണ്ടിലൂടെയെത്തി ഗ്രാൻസ്ളാം കിരീടം സ്വന്തമാക്കി ചരിത്രമെഴുതിയ താരമാണ് എമ്മ റാഡുകാനു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |