ന്യൂഡൽഹി : ലോക്‌സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയുടെ പൗരത്വവുമായി ബന്ധപ്പെട്ട ഹർജിയിൽ കേന്ദ്രസർക്കാരിന്റെ മറുപടി തേടി ഡൽഹി ഹൈക്കോടതി. രാഹുൽ ബ്രിട്ടീഷ് പൗരനാണെന്ന് ആരോപിച്ചും ഇന്ത്യൻ പൗരത്വം റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ബി.ജെ.പി നേതാവ് സുബ്രഹ്മണ്യൻ സ്വാമി കേന്ദ്രത്തിന് നൽകിയ നിവേദനത്തിന്റെ ഇപ്പോഴത്തെ സ്ഥിതിയെന്തെന്ന് അറിയിക്കണം. നിവേദനത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തീരുമാനമെടുക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി സുബ്രഹ്മണ്യൻ സ്വാമി സമർപ്പിച്ച ഹർജിയിലാണിത്. ചീഫ് ജസ്റ്റിസ് ഡി.കെ. ഉപാദ്ധ്യായ, ജസ്റ്റിസ് തുഷാർ റാവു ഗെഡേല എന്നിവരടങ്ങിയ ബെഞ്ച് മാർച്ച് 26ന് വീണ്ടും പരിഗണിക്കും.
2019ൽ നിവേദനം നൽകി. വിശദീകരണമാവശ്യപ്പെട്ട് കേന്ദ്രം രാഹുലിന് ഷോകോസ് നോട്ടീസ് അയച്ചിരുന്നു. എന്നാൽ രാഹുൽ മറുപടി നൽകിയിട്ടില്ല. കേന്ദ്രത്തിന്റെ ഭാഗത്തു നിന്ന് തുടർനടപടിയുണ്ടായിട്ടില്ലെന്ന് സുബ്രഹ്മണ്യൻ സ്വാമി ഹൈക്കോടതിയെ അറിയിച്ചു. യു.കെയിൽ രജിസ്റ്റർ ചെയ്‌ത ബാക്ഓപ്‌സ് ലിമിറ്റഡ് എന്ന കമ്പനിയുടെ ഡയറക്‌ടറിൽ ഒരാളാണ് രാഹുലെന്നാണ് ആരോപണം. കമ്പനിയുടെ വാർഷിക റിട്ടേൺസിൽ രാഹുൽ ബ്രിട്ടീഷ് പൗരനാണെന്നാണ് പറയുന്നതെന്നും ബി.ജെ.പി നേതാവ് പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |