കൊച്ചി: രാജ്യത്ത് ഒക്ടോബർ ഒന്നു മുതൽ നിർമ്മിക്കുന്ന ട്രക്കുകളിൽ ശീതീകരിച്ച ക്യാബിൻ നിർബന്ധമാക്കുന്നതോടെ വാഹനകമ്പനികൾ വില വർദ്ധിപ്പിക്കാനൊരുങ്ങുന്നു. എ.സി. ക്യാബിനുള്ള ട്രക്കുകൾക്ക് വലിപ്പത്തിനനുസരിച്ച് 30,000- 50,000 രൂപ വരെ വില ഉയരും. എൻജിൻ ശേഷി കൂട്ടൽ, റിപ്പയറിംഗ് തുടങ്ങി അനുബന്ധ ചെലവുകളുമുണ്ടാകും. ഇന്ധനക്ഷമത 4% വരെ കുറയാനും ഇടയുണ്ട്.
എ.സി ക്യാബിനുള്ള ട്രക്കുകൾ നിലവിൽ പല കമ്പനികളും പരിമിതമായാണ് പുറത്തിറക്കുന്നത്. ഭാരത് ബെൻസ്, മഹീന്ദ്ര തുടങ്ങിയ കമ്പനികൾക്ക് ഇൻബിൽറ്റ് എ.സി ക്യാബിൻ നിർമ്മിക്കാനുള്ള സംവിധാനമുണ്ട്. ടാറ്റയും ലെയ്ലാൻഡുമടക്കം ഷാസികളാണ് കൂടുതലും വിൽക്കുന്നത്. ഇത്തരം കമ്പനികൾ തത്ക്കാലം ഷാസിക്കൊപ്പം എ.സി കിറ്റുകൾ ലഭ്യമാക്കാനാണ് ആലോചിക്കുന്നത്. ബോഡി ബിൽഡിംഗ് വർക്ക്ഷോപ്പുകളിൽ വച്ച് ഇവ ഘടിപ്പിക്കേണ്ടി വരും.
തൊഴിൽ സാഹചര്യം മെച്ചപ്പെടുത്തൽ ലക്ഷ്യം
ഡ്രൈവർമാരുടെ തൊഴിൽ സാഹചര്യം മെച്ചപ്പെടുത്താനും അപകടങ്ങൾ കുറയ്‌ക്കാനും ലക്ഷ്യമിട്ടാണ് കേന്ദ്രസർക്കാരിന്റെ നിർദ്ദേശം. ക്യാബിനുകൾ എ.സിയാക്കുന്നതോടെ ട്രക്കുകൾക്ക് വില ഉയരും.
എൻ 2 (3.5- 12 ടൺ വരെ ഭാരം), എൻ 3 (12 ടണ്ണിന് മുകളിൽ) വിഭാഗത്തിൽപ്പെട്ട പുതിയ ചരക്കു വാഹനങ്ങൾക്കാണ് എ.സി ക്യാബിൻ നിർബന്ധമാക്കുക. ഐ.എസ് 14618:2022 നിലവാരത്തിലെ എ.സി വേണമെന്ന് ഉപരിതല മന്ത്രാലയത്തിന്റെ വിജ്ഞാപനത്തിൽ പറയുന്നു. ചരക്കുനീക്കത്തിലെ മുഖ്യകണ്ണിയെന്ന നിലയിൽ ഡ്രൈവർമാർക്ക് മെച്ചപ്പെട്ട തൊഴിൽ സാഹചര്യമൊരുക്കേണ്ടത് അനിവാര്യമാണെന്നാണ് കേന്ദ്രനിലപാട്.
ദീർഘദൂര ട്രിപ്പുകളിൽ ഡ്രൈവർമാർക്കുണ്ടാകുന്ന ക്ഷീണത്തിന് പ്രധാന കാരണം ക്യാബിനിലെ ചൂട്
ശബ്ദശല്യത്തിന്റെ ഫലമായി പലരുടെയും വലതു ചെവിക്ക് കേൾവി കുറയുന്നു
റോഡപകടങ്ങൾക്ക് ഡ്രൈവർമാരുടെ ആരോഗ്യപ്രശ്നങ്ങളും വഴിയൊരുക്കുന്നു
ഇന്ത്യയിൽ ട്രക്കുകളുടെ എണ്ണം- 40 ലക്ഷം
പ്രതിവർഷ ചരക്കുനീക്കം - 4600 കോടി ടൺ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |