തിരുവനന്തപുരം: വേതന വർദ്ധന ആവശ്യപ്പെട്ട് സംസ്ഥാന സർക്കാരിനെതിരെ ഒരു വിഭാഗം ആശമാർ സെക്രട്ടേറിയറ്രിന് മുന്നിൽ പ്രതിഷേധം തുടരുമ്പോൾ കേന്ദ്രത്തിനെതിരെ സമരവുമായി ഇടത് അനുകൂല ആശാവർക്കർമാർ. സംസ്ഥാനമല്ല, കേന്ദ്ര സർക്കാരാണ് പ്രശ്നങ്ങൾക്ക് പരിഹാരം കാണേണ്ടതെന്ന് പറഞ്ഞാണ് സി.ഐ.ടി.യു നേതൃത്വത്തിലുള്ള
ആശ വർക്കേഴ്സ് ഫെഡറേഷന്റെ സമരം.
തിരുവനന്തപുരം ഒഴികെ മറ്റു ജില്ലകളിൽ കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾക്ക് മുന്നിൽ ഇന്ന് പ്രതിഷേധിക്കും. തിരുവനന്തപുരത്ത് നാളെ സെക്രട്ടേറിയറ്റിന് സമീപത്തെ ഏജീസ് ഓഫീസിന് മുന്നിലാണ് സമരം. ഇവിടെ സി.ഐ.ടി.യു സംസ്ഥാന ജനറൽ സെക്രട്ടറിയും സി.പി.എം കേന്ദ്രകമ്മിറ്റി അംഗവുമായ എളമരം കരീം പങ്കെടുക്കും.
ഓണറേറിയം വർദ്ധിപ്പിക്കാമെന്ന് സംസ്ഥാന സർക്കാർ സമ്മതിച്ചിട്ടുണ്ട്. എന്നാൽ, കേന്ദ്രം നൽകാനുള്ള 484 കോടി സംസ്ഥാനത്തിന് കിട്ടാത്തതാണ് തടസം. ഈ സാഹചര്യത്തിലാണ് കേന്ദ്രസർക്കാർ സ്ഥാപനങ്ങൾക്ക് മുന്നിൽ പ്രതിഷേധിക്കുന്നതെന്ന് ഫെഡറേഷൻ ജനറൽ സെക്രട്ടറി പി.പി.പ്രേമ പറഞ്ഞു. ആശമാർ ഉന്നയിച്ച വിഷയങ്ങളിൽ സാദ്ധ്യമായതെല്ലാം ചെയ്തെന്നും ഇനി ഒന്നും ചെയ്യാനില്ലെന്നുമുള്ള നിലപാടിലാണ് സംസ്ഥാന സർക്കാരും.
സെക്രട്ടേറിയറ്റിന് മുന്നിലെ
സമരം 18-ാം ദിവസം
കേരള ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തുന്ന സമരം ഇന്ന് 18-ാം ദിവസത്തിലേക്ക് കടന്നു. രാപകൽ സമരത്തെ പൊളിക്കാനുള്ള നീക്കം നടക്കുന്നുണ്ടെന്ന് അസോസിയേഷൻ ഭാരവാഹികൾ ആരോപിച്ചു. തങ്ങളും സമരരംഗത്തുണ്ടെന്ന് വരുത്താനുള്ള ശ്രമമാണ് ഇടത് അനുകൂല സംഘടനയുടെ നീക്കമെന്നും കുറ്റപ്പെടുത്തി.
അതേസമയം ശക്തമായി മുന്നോട്ട് പോകുമെന്ന് ആവർത്തിക്കുകയാണ് അസോസിയേഷൻ നേതാക്കൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |