കുറ്റ കൃത്യങ്ങളിലേക്ക് നയിക്കുന്നതും,എന്നാൽ പ്രതിരോധിക്കാവുന്നതുമായ ചില അറിവുകൾ ഈ വേളയിൽ ജനങ്ങൾക്ക് നൽകാം. അതിലൊന്ന് ലഹരി പദാർത്ഥങ്ങളുടെ സ്വാധീനമാണ്. പരിസരങ്ങളിലും വീടുകളിലും ഈ കൊല്ലുന്ന പദാർത്ഥങ്ങൾ കയറി പറ്റിയിട്ടുണ്ടോയെന്ന നോട്ടം എല്ലാവരും ചെയ്യേണ്ടേ. വിലക്കുകൾ ഏർപ്പെടുത്തേണ്ടേ? അടിമപ്പെടുന്നവരെ നേരത്തെ വീണ്ടെടുക്കുകയും വേണം.
ചികിൽസിക്കപ്പെടാതെ പോകുന്ന ചില മാനസികരോഗങ്ങളെ കുറിച്ചുള്ള ബോധവത്കരണവും വേണം. മനോരോഗമുള്ളവരിൽ അപൂർവം ചിലർ പ്രകോപന സാഹചര്യത്തിൽ അക്രമ വഴിയിൽ പോകാം. ചികിത്സ തക്ക സമയത്തു നൽകിയാലിത് തടയാം. വീടുകളിലെ വളർത്തലുകളിലും,സ്‌കൂളുകളിലെ വ്യക്തിത്വ കേന്ദ്രികൃത ഇടപെടലുകളിലും ചെയ്യേണ്ട ജാഗ്രതകളാണ് മറ്റൊന്ന്. പെരുമാറ്റ വൈകല്യങ്ങളും അക്രമ വാസനകളും കാട്ടുന്ന കുട്ടികളെ ചെറു പ്രായത്തിൽ തിരുത്താൻ പറ്റിയെന്ന് വരും. കാണുന്ന വയലൻസിനെ അനുകരിക്കാതിരിക്കാനുള്ള പാഠങ്ങളും ചൊല്ലി കൊടുക്കണം.
ക്രിമിനലിസത്തിന്റെയും കൊടും ക്രൂരതകളുടെയും ഉപ സംസ്കാരം രൂപപ്പെടുന്നുണ്ടെങ്കിൽ അതിനെ തടയാൻ എന്ത് ചെയ്യുന്നുവെന്ന ചോദ്യം ഉയരണം. അക്രമത്തെ ശരിവത്കരിക്കുകയും വിനോദമായി വാഴ്ത്തുകയും ചെയ്യുന്നതിൽ ആരൊക്കെയാണ് പങ്കാളികളാകുന്നത്?ആ ഉത്തരവാദിത്വത്തിൽ നിന്നും പലർക്കും ഒഴിഞ്ഞു പോകാനാകില്ല. നമ്മെളെല്ലാം കൂടി നിർമ്മിത കുബുദ്ധികളെ സൃഷ്ടിക്കുന്നുണ്ടോ? ഈ ക്രൂരത വിളയാട്ടങ്ങൾ തടയുന്നതിൽ പൊതു സമൂഹത്തിനുണ്ടാകുന്ന വീഴ്ചകൾ കാണാതെ പോകുന്നുണ്ടോ ?
ദുരന്ത സംഭവങ്ങൾ ഉണ്ടാകുമ്പോൾ മാത്രം ചർച്ച ചെയ്ത് പിന്നീട് മറക്കുന്ന പതിവ് ശൈലി ഇതിൽ വിപരീത ഫലം ഉണ്ടാക്കിയേക്കാം. ഇത്തരം സാമൂഹിക തിന്മകൾക്കെതിരെയുള്ള പ്രതിരോധങ്ങൾ സമൂഹ മനസ്സിൽ കെടാതെ നിൽക്കണം. അത് പ്രാവർത്തികമാക്കുന്നതിന് തുടർനടപടികൾ വേണം. ഒരു മാർക്കോ സിനിമയോ,ആവേശമോ പണിയോ കാണും മട്ടിലുള്ള റീൽ അനുഭവമായി മാത്രം ഇത്തരം പൊള്ളുന്ന റിയൽ സംഭവങ്ങളെ കാണരുത്. ഭീകരം ഭയങ്കരമെന്നൊക്കെയുള്ള ആശ്ചര്യപ്പെടലുകളിൽ മാത്രം ഒതുങ്ങുന്ന നിഷ്ക്രിയ സമൂഹം ക്രിമിനലുകൾക്ക് ആവേശം പകർന്നുവെന്ന് വരും.
ഓരോ സംഭവങ്ങളും മറ്റൊന്നിന് പ്രേരണയായി മാറുകയും ചെയ്യും. റിതു,ചെന്താമര,അഫാൻ...ഇനി ആര്?
തടയാൻ നമ്മൾ എന്ത് ചെയ്യുന്നുവെന്ന അപ്രിയ ചോദ്യം അവശേഷിക്കും. നമുക്ക് ചുറ്റുമുള്ള ലോകത്തിൽ പലതും ചെയ്യാം. മാതാപിതാക്കളെന്ന നിലയിൽ,നല്ല പൗരനെന്ന റോളിൽ,അദ്ധ്യാപകരായി,സമൂഹ ജീവിയായി. എല്ലാവർക്കും ചെയ്യാനുണ്ട്. തടയാൻ എന്തെങ്കിലുമൊക്കെ ചെയ്യേണ്ടേ?.
(സീനിയർ സൈക്യാട്രിസ്റ്റ്,മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റൽ,എറണാകുളം)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |