പറവൂർ: മുൻ എം.എൽ.എയും സി.പി.ഐ സംസ്ഥാന സമിതി മുൻ അംഗവുമായ പി. രാജുവിന് വിടനൽകി ജന്മനാട്. പാലാരിവട്ടം റിനൈ മെഡിസിറ്റി ആശുപത്രിയിൽ നിന്ന് ഇന്നലെ രാവിലെ എട്ടരയോടെ വിലാപയാത്രയായി മൃതദേഹം പറവൂർ മുനിസിപ്പൽ ടൗൺഹാളിൽ പൊതുദർശനത്തിനെത്തിച്ചു. നാടിന്റെ നാനാതുറകളിൽനിന്ന് ആയിരങ്ങളാണ് തങ്ങളുടെ പ്രിയ നേതാവിനെ കാണാനും അന്ത്യാഞ്ജലി അർപ്പിക്കാനുമെത്തിയത്.
പൊതുദർശനത്തിനു ശേഷം ഒരുമണിയോടെ മൃതദേഹം കെടാമംഗലത്തെ മേപ്പള്ളി തറവാട്ടുവീട്ടിലെത്തിച്ചു. നാലോടെ വീട്ടുവളപ്പിൽ പൊലീസ് ഗാർഡ് ഒഫ് ഓണറിനു ശേഷം സഹോദരൻ രഘു, മരുമകൻ ഡോ. ജയകൃഷ്ണൻ എന്നിവർ ചേർന്ന് ചിതയ്ക്ക് തീകൊളുത്തി.
മുഖ്യമന്ത്രിക്കും വ്യവസായ മന്ത്രിക്കും വേണ്ടി ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷ് പുഷ്പചക്രം സമർപ്പിച്ചു.
പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ആശുപത്രിയിലെത്തി അന്തിമോപചാരം അർപ്പിച്ചു. സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, പി. സന്തോഷ്‌കുമാർ എം.പി, മന്ത്രിമാരായ കെ. രാജൻ, ജി.ആർ. അനിൽ, പി. പ്രസാദ്, രാമചന്ദ്രൻ കടന്നപ്പള്ളി, മുൻമന്ത്രിമാരായ സി. ദിവാകരൻ, കെ.ഇ. ഇസ്മയിൽ, കെ.പി. രാജേന്ദ്രൻ, വി.എസ്. സുനിൽകുമാർ, എസ്. ശർമ്മ, ജോസ് തെറ്റയിൽ, ഡൊമിനിക് പ്രസന്റേഷൻ, എം.എൽ.എമാരായ ഇ.കെ. വിജയൻ, അൻവർ സാദത്ത്, കെ.ജെ. മാക്‌സി, വാഴൂർ സോമൻ, വി.ആർ. സുനിൽകുമാർ, ഇ.ടി. ടൈസൺ, മുൻ എം.എൽ.എമാരായ ബാബുപോൾ, എ.കെ. ചന്ദ്രൻ, എൽദോ എബ്രഹാം, ജോണി നെല്ലൂർ, സാജു പോൾ, എ.എം. യൂസഫ്, ജോൺ ഫെർണാണ്ടസ്, മുൻ മേയർ സി.എം. ദിനേശ് മണി, ടി.ജെ. ആഞ്ചലോസ്, വി.ബി. ബിനു ,കെ. സുരേഷ്‌കുറുപ്പ്, എൻ. അരുൺ, സി.എൻ. മോഹനൻ, മുഹമ്മദ് ഷിയാസ്, എ.എൻ. രാധാകൃഷ്ണൻ, ജോർജ് ഇടപ്പരത്തി, കെ. ചന്ദ്രൻപിള്ള, സി.എൻ. രാധാകൃഷ്ണൻ, ഷൈജു മനയ്ക്കപ്പടി തുടങ്ങി രാഷ്ട്രീയ - ബഹുജന സംഘടനാ നേതാക്കളും പ്രവർത്തകരും അന്ത്യാഞ്ജലി അർപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |