പറവൂർ: വീട്ടാവശ്യത്തിനുള്ള ഭക്ഷ്യധാന്യങ്ങളെല്ലാം ബ്രാൻഡ് ചെയ്ത് പാക്കറ്റിലാക്കി വില്പന പൊടിപൊടിക്കുമ്പോൾ നാട്ടിൻ പുറത്തെ പൊടിമില്ലുകൾക്ക് ദുരിതകാലം. മൂന്ന് വർഷത്തിനുള്ളിൽ കേരളത്തിൽ 2000 ലധികം മില്ലുകളാണ് പൂട്ടിയത്. കഴിഞ്ഞ വർഷം തൃശൂർ ജില്ലയിൽ മാത്രം 210 ലേറെ മില്ലുകൾ ലൈസൻസ് പുതുക്കിയില്ല.
റേഷൻകടയിൽ നിന്ന് കിട്ടുന്ന പച്ചരിയും ഗോതമ്പും കഴുകി ഉണക്കിയാണ് പലരും ഫ്ളോർമില്ലുകളിൽ കൊണ്ടുപോയി പൊടിച്ചെടുത്തിരുന്നത്. ഒപ്പം മല്ലി, മുളക്, മഞ്ഞൾ തുടങ്ങിയവയും പൊടിച്ചെടുത്ത് ഉപയോഗിച്ചിരുന്നു. റേഷൻകടകൾ വഴി പച്ചരി വിതരണം കുറയുകയും ഗോതമ്പ് ഒഴിവാക്കി പാക്കറ്റ് ആട്ട വിതരണവും തുടങ്ങിയതോടെ ഫ്ളോർമില്ലകളെ ജനങ്ങൾ ആശ്രയിക്കാതെയായി.
നൂറു രൂപ പോലും കിട്ടുന്നില്ല
പ്രതിദിനം നൂറുരൂപ പോലും വരുമാനമില്ലാത്ത അവസ്ഥ വന്നതോടെയാണ് നാട്ടുപുറങ്ങളിലെ പലമില്ലുകളും അടച്ചുപൂട്ടിയത്. വൈദ്യുതി ചാർജ് വർദ്ധനവ്, കെട്ടിട വാടക, ലൈൻസ് ഫീസ്, തൊഴിൽ നികുതി എന്നിവയുടെ വർദ്ധനവും ഫ്ളോർമില്ലുകളുടെ പ്രവർത്തനത്തെ സാരമായി ബാധിച്ചു.
വർഷങ്ങളായി പ്രവർത്തിച്ചിരുന്ന മില്ലുകൾക്ക് മലിനീകരണ നിയന്ത്രണ ബോർഡിന്റെ ലൈസൻസ്, ലേബർ രജിസ്ട്രഷൻ, എഫ്.എഫ്.എസ്.ഐ.എ സർട്ടിഫിക്കറ്റ് എന്നിവയും ലൈസൻസ് പുതുക്കാൻ തദ്ദേശസ്ഥാപനങ്ങൾ ആവശ്യപ്പെട്ടുന്നതും മില്ലുകൾ പൂട്ടാൻ കാരണമായി. റേഷൻകടകളിലൂടെ പച്ചരിയും ഗോതമ്പും വിതരണം പുനസ്ഥാപിച്ചെങ്കിൽ മാത്രമേ ഫ്ളോർമില്ലുകൾക്ക് ഇനിയുള്ള കാലം പിടിച്ചു നിൽക്കാൻ സാധിക്കൂ.
ചെറുകിട ഫ്ലോർമില്ലുകളെ പീഡിത വ്യവസായങ്ങൾക്കുള്ള അനുകൂല്യം നൽകി സംരക്ഷിക്കണം. സർക്കാരിന്റെ അടിയന്തരശ്രദ്ധയും പരിഗണനയും ഉണ്ടായെങ്കിൽ മാത്രമേ മില്ലുകൾക്ക് പിടിച്ചുനിൽക്കാൻ കഴിയൂ.
ടി.കെ. ബാബു (സംസ്ഥാന പ്രസിഡന്റ്)
കെ. മുരളിധരൻ (സംസ്ഥാന സെക്രട്ടറി)
ഓൾ കേരള ഫ്ലോർമിൽ ഓണേഴ്സ് അസോസിയേഷൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |