പത്തനംതിട്ട: കടമ്മനിട്ട രാമകൃഷ്ണൻ ഫൗണ്ടേഷന്റെ കടമ്മനിട്ട രാമകൃഷ്ണൻ പുരസ്കാരം സാഹിത്യ നിരൂപക ഡോ. എം ലീലാവതിക്ക്. ഫൗണ്ടേഷൻ അദ്ധ്യക്ഷൻ എം. എ. ബേബി, സെക്രട്ടറി ഡോ. എം. ആർ. ഗീതാദേവി എന്നിവരടങ്ങുന്ന സമിതിയാണ് പുരസ്കാര ജേതാവിനെ തിരഞ്ഞെടുത്തത്. 55,555 രൂപയും ഫലകവും പ്രശസ്തിപത്രവുമടങ്ങുന്ന പുരസ്കാരം കടമ്മനിട്ട രാമകൃഷ്ണന്റെ ചരമദിനത്തോടനുബന്ധിച്ച് 30ന് എറണാകുളത്ത് ലീലാവതിയുടെ വീട്ടിൽ നടക്കുന്ന ചടങ്ങിൽ നൽകും.
വാർത്താസമ്മേളനത്തിൽ ഫൗണ്ടേഷൻ ഭാരവാഹികളായ വി. കെ. പുരുഷോത്തമൻ പിള്ള, ബാബു ജോൺ, എം .ആർ ഗീതാകൃഷ്ണൻ, ആർ. കലാധരൻ എന്നിവർ പങ്കെടുത്തു.
കേരളം വൈജ്ഞാനിക സമൂഹത്തിന്റെ
കലവറ: എം.വി. ഗോവിന്ദൻ
തിരുവനന്തപുരം: ലോകത്തിന് ആവശ്യമുള്ള വൈജ്ഞാനിക സമൂഹത്തിന്റെ കലവറയാണ് കേരളമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പറഞ്ഞു. ഡി.വൈ.എഫ്.ഐയുടെ ‘മവാസോ' സ്റ്റാർട്ടപ് ഫെസ്റ്റിവലിൽ മുഖാമുഖം പരിപാടിയിൽ "വൈജ്ഞാനിക കേരളം: തളിപ്പറമ്പ് മാതൃക' വിഷയത്തിൽ പ്രവീൺ പരമേശ്വരനുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹാപ്പിനസ് ഇൻഡക്സിൽ ഇന്ത്യ 126-ാമതാണ്. എന്നാൽ, ഇതേ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ കേരളം എടുത്തു പരിശോധിച്ചാൽ വളരെ മുന്നിലാകും. ലോകത്ത് കൂടുതൽ പേർ ഉന്നത വിദ്യാഭ്യാസം നേടുന്ന നാടായി കേരളം മാറി. ഇതിൽ ഭൂരിപക്ഷവും സ്ത്രീകളാണ്. അടിസ്ഥാന വിദ്യാഭ്യാസംകൊണ്ടുമാത്രം തൊഴിൽ ലഭിക്കില്ല. തൊഴിൽ പരിശീലനംകൂടി വേണമെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു.
ഹയർസെക്കൻഡറി പരീക്ഷ ചുമതല ഒഴിവാക്കണം: ഹിന്ദി അദ്ധ്യാപക് മഞ്ച്
തിരുവനന്തപുരം : പ്രൈമറി,അപ്പർ പ്രൈമറി സ്കൂൾ അദ്ധ്യാപകർക്ക് ഹയർസെക്കൻഡറി പരീക്ഷ ചുമതല നൽകിയ നടപടി ഒഴിവാക്കണമെന്ന് ഹിന്ദി അദ്ധ്യാപക് മഞ്ച് ആവശ്യപ്പെട്ടു. മാർച്ച് 3 മുതൽ 29 വരെയാണ് പരീക്ഷ. ഹയർ സെക്കൻഡറി പരീക്ഷ നടക്കുന്ന കാലയളവിൽ പ്രൈമറി,അപ്പർ പ്രൈമറി വിദ്യാലയങ്ങളിൽ ഒട്ടനേകം പരിപാടികൾ നടക്കുന്നതിനാൽ അദ്ധ്യാപകരില്ലാത്തത് പ്രയാസം സൃഷ്ടിക്കും. പ്രൈമറി,അപ്പർ പ്രൈമറി വിദ്യാലയങ്ങളിൽ ഉള്ള ഏക ഹിന്ദി അദ്ധ്യാപകരെ പരീക്ഷ ഡ്യൂട്ടിയ്ക്ക് നിയോഗിച്ചാൽ പഠനോത്സവം ഉൾപ്പെടെയുള്ള പ്രവർത്തനങ്ങളെ സാരമായി ബാധിക്കും. ഒരു വിദ്യാലയത്തിൽ നിന്ന് ഒന്നിലധികം അദ്ധ്യാപകരെ ഇപ്പോൾ പരീക്ഷ ഡ്യൂട്ടിക്ക് നിയോഗിച്ച് ഉത്തരവായിട്ടുള്ളത് പഠന പ്രവർത്തനങ്ങളുടെ താളം തെറ്റിക്കും. അതിനാൽ ഹയർ സെക്കൻഡറി പരീക്ഷാ ഡ്യൂട്ടിക്ക് പ്രൈമറി,അപ്പർ പ്രൈമറി അദ്ധ്യാപകരെ നിയമിച്ച നടപടി ഒഴിവാക്കണം.
എക്സൈസ് ഓഫീസേഴ്സ് അസോ.
ഭാരവാഹികളെ തിരഞ്ഞെടുത്തു
തൃശൂർ: സ്റ്റേറ്റ് എക്സൈസ് ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാനസമ്മേളനം മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്തു. അംഗബലം കൊണ്ട് ചെറുതാണെങ്കിലും പൊതുസമൂഹത്തിലെ വളരെ പ്രധാനപ്പെട്ട ഉത്തരവാദിത്തം നിർവഹിക്കുന്ന വകുപ്പാണ് എക്സൈസെന്ന് മന്ത്രി പറഞ്ഞു. വകുപ്പിൽ മികച്ച പ്രവർത്തനം നടത്തി ബാഡ്ജ് ഒഫ് ഓണർ നേടിയവരെയും മുഖമന്ത്രിയുടെ മെഡൽ ലഭിച്ച ഉദ്യോഗസ്ഥരെയും ആദരിച്ചു. സംഘടന സംസ്ഥാന പ്രസിഡന്റ് എൻ.അശോക് കുമാർ അദ്ധ്യക്ഷത വഹിച്ചു. കെ. രാധാകൃഷ്ണൻ എം.പി, മുരളി പെരുനെല്ലി എം.എൽ.എ എന്നിവർ സംസാരിച്ചു. സംസ്ഥാന പ്രസിഡന്റായി ആർ. മോഹൻ കുമാറിനെയും ജനറൽ സെക്രട്ടറിയായി എം.കൃഷ്ണ കുമാറിനെയും ട്രഷററായി കെ.ആർ.അജിത്തിനെയും തിരഞ്ഞെടുത്തു.
ഒരേ വോട്ടർ കാർഡ് നമ്പരുകൾ വ്യാജമെന്ന്
കണക്കാക്കാനാവില്ല: തിരഞ്ഞെടുപ്പ് കമ്മിഷൻ
തിരുവനന്തപുരം: വ്യത്യസ്ത സംസ്ഥാനങ്ങളിലെ വോട്ടർമാർക്ക് ഒരേ വോട്ടർ കാർഡ് നമ്പരുകൾ വന്നാൽ അത് വ്യാജമെന്ന് കണക്കാക്കാനാവില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ.
ചില വോട്ടർമാരുടെ ഇലക്ടറൽ ഫോട്ടോ ഐഡന്റിറ്റി കാർഡ് നമ്പരുകൾ ഒരുപോലെ ആയിരിക്കാം. എന്നാൽ, അസംബ്ലി മണ്ഡലം, പോളിംഗ് ബൂത്ത് ഉൾപ്പെടെയുള്ള മറ്റ് വിശദാംശങ്ങൾ വ്യത്യസ്തമാണെന്നും കമ്മിഷൻ ചൂണ്ടിക്കാട്ടി.
'EPIC നമ്പർ കണക്കിലെടുക്കാതെ തന്നെ,ഏതൊരാൾക്കും അവരുടെ നിയോജക മണ്ഡലത്തിലെവോട്ടർപട്ടികയിൽ പേരുണ്ടെങ്കിൽ വോട്ട് ചെയ്യാമെന്ന് ഇലക്ഷൻ കമ്മിഷൻ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |