റണ്‍വേയല്ല, ടെര്‍മിനലാണ് വേണ്ടതെന്ന് അദാനി
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിന് രണ്ടാംറണ്‍വേ നിര്‍മ്മിക്കണമെന്ന ആവശ്യം വീണ്ടുമുയരുന്നു. ശംഖുംമുഖത്ത് കടല്‍നികത്തി രണ്ടാംറണ്‍വേ നിര്‍മ്മിക്കാനുള്ള പദ്ധതി നേരത്തേ സര്‍ക്കാര്‍ ഉപേക്ഷിച്ചതാണ്. രണ്ടാംറണ്‍വേ വേണമെന്ന സമൂഹമാദ്ധ്യമ ഗ്രൂപ്പിന്റെ ആവശ്യം തിരുവനന്തപുരം വികസനഅതോറിട്ടി(ട്രിഡ) വിമാനത്താവള അധികൃതര്‍ക്ക് കൈമാറി. എന്നാല്‍ ഇപ്പോള്‍ പുതിയ റണ്‍വേയല്ല, ടെര്‍മിനല്‍ വികസനമാണ് വേണ്ടതെന്നാണ് അദാനിഗ്രൂപ്പ് വ്യക്തമാക്കുന്നത്. 30 വര്‍ഷത്തേക്കുള്ള ആവശ്യങ്ങള്‍ക്ക് നിലവിലെ റണ്‍വേ മതിയാവുമെന്നും പുതിയ റണ്‍വേയ്ക്ക് ഇപ്പോള്‍ പദ്ധതിയില്ലെന്നുമാണ് അദാനിയുടെ നിലപാട്.
3373മീറ്റര്‍ നീളവും 150അടി വീതിയുമുള്ളതാണ് തിരുവനന്തപുരത്തെ റണ്‍വേ. 200കോടിയിലേറെ ചെലവിട്ട് 191രാജ്യങ്ങളിലേതുപോലുള്ള നിലവാരത്തില്‍ റീകാര്‍പ്പെറ്റിംഗ് നടത്തുകയാണിപ്പോള്‍. പ്രതിദിനം ശരാശരി നൂറ് സര്‍വീസുകളിലായി 15000ലേറെ യാത്രക്കാരുണ്ട്.
ഇപ്പോഴത്തെ സാഹചര്യത്തില്‍ ടെര്‍മിനല്‍ കെട്ടിടങ്ങള്‍ വികസിപ്പിക്കുകയാണ് വേണ്ടതെന്ന് അദാനിഗ്രൂപ്പ് വ്യക്തമാക്കി. 1300കോടിയുടെ പദ്ധതി ഇതിനായി നടപ്പാക്കുകയാണ്. ടാക്‌സിബേ,പാര്‍ക്കിംഗ്‌ബേകള്‍, ഡ്രെയിനേജ്‌സംവിധാനം എന്നിവയും നവീകരിക്കുന്നുണ്ട്.
അതേസമയം, റണ്‍വേ കൂടുതല്‍ സുരക്ഷിതമാക്കാന്‍ ബേസിക്‌സ്ട്രിപ്പ് നിര്‍മ്മിക്കാനുള്ള സ്ഥലം സര്‍ക്കാര്‍ എയര്‍പോര്‍ട്ട് അതോറിട്ടിക്ക് കൈമാറും. റണ്‍വേയുടെ മദ്ധ്യത്തില്‍ നിന്ന് 150മീറ്റര്‍ ഇരുവശത്തും ഒഴിച്ചിടണമെന്നാണ്ചട്ടം. ഈസ്ഥലത്ത് നിര്‍മ്മാണങ്ങള്‍ അനുവദിക്കില്ല. റണ്‍വേയുടെ പലഭാഗത്തും 20മീറ്റര്‍ വരെ കുറവുണ്ട്. ആള്‍സെയിന്റ്‌സ് ഭാഗത്താണ് ഏറ്റവും സ്ഥലക്കുറവ്. ഇത്പരിഹരിക്കാന്‍ ബ്രഹ്‌മോസിന്റെ 4.557, ഫയര്‍ഫോഴ്‌സിന്റെ 4.417, ചാക്ക ഐ.ടി.ഐയുടെ 0.007ഏക്കര്‍ വീതവും 4.205ഏക്കര്‍ സ്വകാര്യഭൂമിയും ഏറ്റെടുക്കും.
?തലസ്ഥാനത്തേത് സൂപ്പര്‍ റണ്‍വേ
1)ഏത് പ്രതികൂല കാലാവസ്ഥയിലും സുരക്ഷിതമായി ലാന്‍ഡിംഗിന് പറ്റിയ റണ്‍വേയാണ് തിരുവനന്തപുരത്തേത്.
2)മഴയത്തും മൂടല്‍മഞ്ഞിലും കാഴ്ചക്കുറവുള്ളപ്പോഴും സുരക്ഷിത ലാന്‍ഡിംഗിനുള്ള അപ്രോച്ച് ലൈറ്റിംഗ് സിസ്റ്റം 5.83കോടി ചെലവിട്ട് സജ്ജമാക്കിയിട്ടുണ്ട്.
3)റണ്‍വേയില്‍ നിന്ന് തെന്നിമാറിയുള്ള അപകടങ്ങളും കാഴ്ചപരിധിയില്ലാതെ വഴിതിരിച്ചു വിടുന്നതു മൂലമുള്ള സാമ്പത്തിക - സമയനഷ്ടവും ഒഴിവായി.
എയര്‍പോര്‍ട്ട് ഭൂമി വളരെ കുറവ്
തിരുവനന്തപുരം..............628.70
കണ്ണൂര്‍..................................3200
കൊച്ചി..................................1300
ബംഗളൂരു.............................5200
(ഏക്കറില്‍)
കടല്‍റണ്‍വേ
ശംഖുംമുഖത്ത് കടല്‍നികത്തി റണ്‍വേയുണ്ടാക്കാനുള്ള 2018ലെ നിര്‍ദ്ദേശം പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ കാരണം സര്‍ക്കാര്‍ ഉപേക്ഷിച്ചതാണ്. 5.5കിലോമീറ്റര്‍ നീളത്തിലായിരുന്നു റണ്‍വേയ്‌ക്കൊരുങ്ങിയത്. ശംഖുംമുഖം റോഡ് ടാക്‌സിബേയ്ക്ക് അടിയിലൂടെയാക്കുന്ന തരത്തിലായിരുന്നു പദ്ധതി. അതിരൂക്ഷമായ കടലാക്രമണമുള്ള അവിടെ പദ്ധതി പ്രായോഗികമാവില്ലെന്ന് കണ്ട് ഉപേക്ഷിക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |