തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ലോട്ടറിയെടുത്ത് ഭാഗ്യം പരീക്ഷിക്കുന്നവർ കൂടുതലായും ശ്രദ്ധിക്കുന്ന ഒരു കാര്യമുണ്ട്. ലോട്ടറിയുടെ പുറകുവശത്ത് എജൻസി സീൽ ഉണ്ടോയെന്നത്. ഇതില്ലെങ്കിൽ ലോട്ടറി വ്യാജനാണെന്ന് കരുതുന്നവരാണ് കൂടുതലും. എന്നാൽ ടിക്കറ്റിന്റെ പുറകുവശത്ത് സീൽ ഇല്ലെങ്കിൽ അത് വ്യാജനാണെന്ന് തെറ്റിദ്ധരിക്കേണ്ട. ലോട്ടറി വകുപ്പ് തന്നെയാണ് സീൽ വേണ്ടെന്ന് വച്ചത്. ഇനി സീൽ ഇല്ലാത്ത ടിക്കറ്റിൽ നിങ്ങൾക്ക് ധൈര്യമായി ഭാഗ്യം പരീക്ഷിക്കാം. ഇനി ലോട്ടറി വ്യാജനാണെന്ന സംശയം ഉണ്ടായാൽ ഭാഗ്യ കേരളം മൊബൈൽ ആപ്പിലൂടെ ക്യൂആർ കോഡ് സ്‌കാൻ ചെയ്താൽ മതിയാകും. ഇങ്ങനെ ചെയ്താൽ വ്യാജനാണോ ഒർജിനലാണോ എന്ന് തിരിച്ചറിയാൻ സാധിക്കും.
കഴിഞ്ഞ ദിവസം മുതലാണ് സീൽ ഇല്ലാത്ത ടിക്കറ്റുകൾ വിൽപന നടത്തിത്തുടങ്ങിയത്. എന്നാൽ സീൽ ഇല്ലാത്ത ടിക്കറ്റിന്റെ വിൽപന തുടങ്ങിയപ്പോൾ പലയിടങ്ങളിലും തർക്കങ്ങളുണ്ടായി. സീൽ ഇല്ലാത്ത ടിക്കറ്റ് ഏറ്റെടുക്കാൻ ചെറുകിട വിൽപനക്കാർ തയ്യാറായില്ല. സീൽ ഇല്ലെങ്കിൽ ആളുകൾ വ്യാജനാണെന്ന് കരുതി വാങ്ങില്ലെന്നായിരുന്നു അവർ പറഞ്ഞത്. ഇതോടെ ചില ഏജന്റുമാർ സീൽ വയ്ക്കാൻ നിർബന്ധിതരാവേണ്ടി വന്നു.
ലക്ഷക്കണക്കിന് ടിക്കറ്റിന് മേൽ സീൽ പതിപ്പിക്കുന്നതിന്റെ പ്രായോഗിക ബുദ്ധിമുട്ടും സീലിലെ മഷിപ്പടർപ്പ് കാരണം ടിക്കറ്റിന് കേടുപാടുകൾ സംഭവിക്കുന്നതും കണക്കിലെടുത്താണ് ലോട്ടറി വകുപ്പിന്റെ പുതിയ തീരുമാനം. ടിക്കറ്റിന് പിന്നിൽ വലതുവശത്തായാണ് നേരത്തെ സീൽ പതിപ്പിച്ചിരുന്നത്. ഇത് ക്യൂആർ കോഡിൽ പടരുന്നതിനെത്തുടർന്ന് സമ്മാനാർഹമായ ടിക്കറ്റുകൾ മാറ്റിയെടുക്കാൻ കഴിയാത്ത സ്ഥിതിയുണ്ടായിരുന്നു. ഇതും കൂടി കണക്കിലെടുത്താണ് സീൽ ചെയ്യുന്ന നടപടി ഉപേക്ഷിക്കാൻ ലോട്ടറി വകുപ്പ് തയ്യാറായത്. അതേസമയം, സീൽ ഇല്ലാത്തതിനെ തുടർന്നുണ്ടാകുന്ന ആശങ്കകൾക്കും സംശയങ്ങൾക്കും ഒരാഴ്ചയ്ക്കുള്ളിൽ പരിഹാരം ഉണ്ടാക്കുമെന്ന് ജില്ലാ ലോട്ടറി ഓഫീസ് അധികൃതർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |