SignIn
Kerala Kaumudi Online
Friday, 23 October 2020 2.30 PM IST

രാഹുൽ ഗാന്ധിയെ കാണാനെത്തി,​ ഉണർന്നിട്ടില്ലെന്ന് അറിയിപ്പ്,​ നിലമ്പൂരിലെ ജനങ്ങൾ ഇനി ഡൽഹിയിലേക്ക്‌ എത്തണോ എന്ന് പി.വി അൻവർ

rahul-gandhi

വയനാട്: വയനാട് എം.പി രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി നിലമ്പൂർ എം.എൽ.എ പി.വി അൻവർ രംഗത്ത്. നിലമ്പൂരിലെ ജനങ്ങളുടെ പ്രശ്നങ്ങൾ എം.പിയെ അറിയിക്കാൻ മുൻകൂട്ടി അനുമതി എടുത്ത് എത്തിയപ്പോൾ ഉണർന്നിട്ടില്ല എന്ന അറിയിപ്പാണ് ലഭിച്ചതെന്നും അൻവർ ഫേസ്ബുക്കിൽ കുറിച്ചു. എപ്പോൾ കാണാനാകും എന്നത്‌ സംബന്ധിച്ച്‌ വ്യക്തമായ വിവരം നൽകാൻ ഉത്തരവാദിത്വപ്പെട്ടവർ തയ്യാറായില്ല. തുടർന്ന് ഒരു യോഗമുള്ളതിനാൽ താൻ തിരിച്ച് വരികയാണ് ചെയ്തതെന്നും അൻവർ പറഞ്ഞു.

പ്രളയപുനരധിവാസം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ പിന്തുണ അഭ്യർത്ഥിക്കാനാണ് എം.പിയെ കാണാനെത്തിയത്. എന്നാൽ സ്വന്തം മണ്ഡലത്തിൽ നടക്കുന്നത്‌ എന്തെന്ന് എം.പിക്ക്‌ കാര്യമായ ധാരണയില്ലെന്ന് വ്യക്തമായി. ചുറ്റും നടക്കുന്ന ഉപഗ്രഹങ്ങളായ നേതാക്കൾ പറയുന്നതിൽ മാത്രമായി ജനങ്ങൾ തിരഞ്ഞെടുത്ത എം.പിയുടെ റോൾ ഒതുങ്ങിയിരിക്കുന്നുമെന്നും അൻവർ വിമർശിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

ബഹു.വയനാട്‌ എം.പി.ശ്രീ.രാഹുൽ ഗാന്ധിയെ കാണാൻ സമയം ചോദിച്ചിരുന്നു.ഇന്ന് രാവിലെ 8 മണിക്ക്‌ സമയം അനുവദിച്ചിട്ടുള്ളതായി വ്യക്തമാക്കി കൊണ്ട്‌ അദ്ദേഹത്തിന്റെ ഓഫീസിൽ നിന്ന് ഇന്നലെ അറിയിപ്പ്‌ എത്തിയിരുന്നു.മമ്പാട്‌ ടാണയിൽ എത്തി കാണണമെന്നാണ് അറിയിച്ചിരുന്നത്‌.അത്‌ പ്രകാരം 7:45-ന് തന്നെ മമ്പാട്‌ എത്തി.8:45 വരെ അദ്ദേഹത്തെ കാണാനായി കാത്തിരുന്നെങ്കിലും,ഉണർന്നിട്ടില്ല എന്ന അറിയിപ്പാണ് ലഭിച്ചത്‌.


എപ്പോൾ കാണാനാകും എന്നത്‌ സംബന്ധിച്ച്‌ വ്യക്തമായ വിവരം നൽകാൻ ഉത്തരവാദിത്വപ്പെട്ടവർ തയ്യാറായില്ല.പ്രളയദുരിതം അനുഭവിക്കുന്ന കൈപ്പിനി പ്രദേശത്തുള്ള ജനങ്ങളുടെയും ജനപ്രതിനിധികളുടെയും യോഗം 9 മണിക്ക്‌ കൈപ്പിനിയിൽ വച്ച്‌ വിളിച്ചിരുന്നു.പുനർനിർമ്മാണത്തിന്റെ ഭാഗമായി,കൈപ്പിനിയിലെ ബഷീർ എന്ന വ്യക്തിക്കായി നിർമ്മിക്കുന്ന വീടിന്റെ തറക്കല്ലിടൽ ഈ സമയത്ത്‌ തീരുമാനിച്ചിരുന്നു.ഇത്‌ രണ്ടും ഒഴിവാക്കാൻ കഴിയാത്തതിനാൽ,മമ്പാട്‌ നിന്നും മടങ്ങേണ്ടി വന്നു.

പ്രളയം തകർത്തെറിഞ്ഞ മണ്ഡലമാണ് നിലമ്പൂർ.61 പേർക്ക്‌ നിലമ്പൂരിൽ ജീവൻ നഷ്ടപ്പെട്ടിട്ടുണ്ട്‌.നൂറുകണക്കിനാളുകൾ ഭവനരഹിതരായിട്ടുണ്ട്‌.പുനരധിവാസം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ,പിന്തുണ അഭ്യർത്ഥിക്കാനാണ് എം.പിയുടെ അപ്പോയിൻമെന്റ്‌ ആവശ്യപ്പെട്ടിരുന്നത്‌.
ആൾനാശം ഒന്നും ഉണ്ടായിട്ടില്ലാത്ത,വണ്ടൂർ മണ്ഡലത്തിലെ ജനപ്രതിനിധികളുടെ യോഗം എം.പി ഇന്ന് മമ്പാട്‌ വച്ച്‌ വിളിച്ച്‌ ചേർത്തിരുന്നു.ഏറനാട്‌ മണ്ഡലത്തിലെ ജനപ്രതിനിധികളുടെ യോഗം ഇന്നലെ അരീക്കോട്ടും എം.പി വിളിച്ച്‌ ചേർത്തിരുന്നു.നിലമ്പൂരിൽ ഇത്തരത്തിൽ ഒരു യോഗം വിളിച്ചിട്ടില്ല.കഴിഞ്ഞ തവണ എത്തിയപ്പോൾ ഉൾപ്പെടെ,നിലമ്പൂരിലെ സ്ഥിതിഗതികൾ എം.പി.എന്ന നിലയ്ക്ക്‌ അദ്ദേഹം അന്വേഷിച്ചില്ല.അതിനാലാണ് ഇത്തവണ മുൻകൂട്ടി അനുവാദം വാങ്ങി അദ്ദേഹത്തെ കാണുവാൻ ശ്രമിച്ചത്‌.സ്വന്തം മണ്ഡലത്തിൽ നടക്കുന്നത്‌ എന്തെന്ന് എം.പിക്ക്‌ കാര്യമായ ധാരണയില്ലെന്ന് വ്യക്തമാണ്.ചുറ്റും നടക്കുന്ന ഉപഗ്രഹങ്ങളായ നേതാക്കൾ പറയുന്നതിൽ മാത്രമായി ജനങ്ങൾ തിരഞ്ഞെടുത്ത എം.പിയുടെ റോൾ ഒതുങ്ങിയിരിക്കുന്നു.

എന്റെ വ്യക്തിപരമായ കാര്യങ്ങൾക്കല്ല,നിലമ്പൂരിലെ ജനങ്ങളുടെ പ്രശ്നങ്ങൾ എം.പിയുടെ മുന്നിൽ അവതരിപ്പിക്കാനാണ് അദ്ദേഹത്തെ തേടി പോയത്‌.നിലമ്പൂരിലെ ജനങ്ങൾ അദ്ദേഹത്തിനോട്‌,അല്ലെങ്കിൽ അദ്ദേഹം വിശ്വസിക്കുന്ന നേതാക്കളോട്‌ എന്ത്‌ തെറ്റ്‌ ചെയ്തു എന്ന് മനസ്സിലാകുന്നില്ല.മികച്ച ഭൂരിപക്ഷം നൽകിയ നിലമ്പൂരിലെ ജനങ്ങളോട്‌ ധാർമ്മികമായി എം.പിക്ക്‌ യാതൊരുവിധ ബാധ്യതകളുമില്ലേ?
എല്ലാ നഷ്ടപ്പെട്ട നിലമ്പൂരിലെ ജനങ്ങൾ ഇനി എന്ത്‌ വേണം?ദില്ലിയിലേക്ക്‌ എത്തണോ?

ഓഫീസ്‌ ഉദ്ഘാടനം മധുരം വിതരണം ചെയ്ത്‌ ആഘോഷിക്കുന്ന നിങ്ങൾ ഒന്ന് ഓർക്കണം.ചവിട്ടി നിൽക്കുന്ന മണ്ണിൽ ഇന്നും കുറച്ച്‌ മൃതദേഹങ്ങൾ കണ്ടെടുക്കാനാകാതെ,ബാക്കിയുണ്ട്‌.
രാഷ്ട്രീയം കാണിക്കേണ്ടത്‌ ദുരന്തമുഖത്തല്ല.ഇന്നത്തെ കൂടിക്കാഴ്ച്ച നടക്കാതെ പോയത്‌ ചില തൽപ്പര കക്ഷികളുടെ ശ്രമങ്ങളുടെ ഭാഗമായാണെന്ന് വ്യക്തമായ ധാരണയുണ്ട്‌.അവരിൽ പലരേയും മമ്പാട്‌ കാണുകയും ചെയ്തിരുന്നു.പ്രളയം തുടങ്ങിയ നാൾ മുതൽ ഇന്ന് വരെ ജനങ്ങൾക്കൊപ്പം ഉണ്ട്‌.കഴിയാവുന്നതെല്ലാം ചെയ്യുന്നുണ്ട്‌.ഇനിയും അത്‌ അങ്ങനെ തന്നെ തുടരും.ചെയ്യേണ്ട കാര്യങ്ങൾ കൃത്യമായി ചെയ്യാൻ അറിയാം.
ഡിസാസ്റ്റർ ടൂറിസത്തിനിടയിൽ,ഡിസാസ്റ്റർ മാനേജ്മെന്റിനൊന്നും ഒരു സ്ഥാനവുമില്ലെന്ന് വ്യക്തമായി.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: RAHULGANDHI, WAYANAD MP, PV ANVAR, NILAMBUR FLOOD
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.