മുംബയ്: എൻസിപിയുടെ ധനഞ്ജയ് മുണ്ടെ രാജിവച്ചതിന് പിന്നാലെ സ്ത്രീയോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ ബിജെപി മന്ത്രിക്കെതിരെ രാജിയാവശ്യവുമായി പ്രതിപക്ഷം. യുവതിക്ക് നഗ്നചിത്രങ്ങൾ അയച്ചുവെന്നാരോപിച്ച് മന്ത്രി ജയ്‌കുമാർ ഗോരെക്കെതിരെയാണ് പ്രതിഷേധം ഉയരുന്നത്.
കോൺഗ്രസ് എംഎൽഎ വിജയ് വടേറ്റിവർ ആണ് മന്ത്രിക്കെതിരെ ആദ്യം രംഗത്തെത്തിയത്. അതിക്രമത്തിനിരയായ സ്ത്രീയെ മന്ത്രി വീണ്ടും ഭീഷണിപ്പെടുത്തിയെന്നാണ് ആരോപണം. മന്ത്രിയെ പുറത്താക്കണമെന്നും വടേറ്റിവർ ആവശ്യപ്പെട്ടു. എന്നാൽ ജയ്‌കുമാർ ഗോരെയുടെ പേരെടുത്ത് പറയാതെയായിരുന്നു പരാമർശം. വിഷയത്തിൽ കോടതിയിൽ മാപ്പ് പറഞ്ഞ ഗോരെ മന്ത്രിയായതിനുശേഷം അതിക്രമത്തിനിരയായ സ്ത്രീയെ വീണ്ടും ഉപദ്രവിക്കുകയാണെന്നും എംഎൽഎ വിമർശിച്ചു.
ഇതിന് പിന്നാലെ ശിവസേന ഉദ്ധവ് പക്ഷം എംപി സഞ്ജയ് റാവുത്തും മന്ത്രിക്കെതിരെ രംഗത്തെത്തി. 'അതിക്രമത്തിനിരയായ സ്ത്രീ വിധാൻ ഭവന് മുന്നിൽ നിരാഹാര സമരം നടത്താൻ ഒരുങ്ങുകയാണ്. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് തന്റെ മന്ത്രിസഭ പരിശോധിക്കണം. ജയ്കുമാർ ഗോരെയെപ്പോലുള്ള വികൃത മന്ത്രിമാർ സംസ്ഥാന മന്ത്രിസഭയിലുണ്ട്. തെളിവുകൾ പുറത്തുവന്നിട്ടുണ്ട്, ഈ വിഷയം നിയമസഭയിൽ ഉന്നയിക്കേണ്ടിവരും. ഇത്തരം മന്ത്രിമാരെ പുറത്താക്കണം. സ്ത്രീകളെ പീഡിപ്പിക്കുന്ന മന്ത്രിമാരാണ് ഇവർ. ഈ മന്ത്രിമാർ നിങ്ങളുടെ മന്ത്രിസഭയിൽ തുടർന്നാൽ, സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്കെതിരെ ദേവേന്ദ്ര ഫഡ്‌നാവിസ് എങ്ങനെ സംസാരിക്കും'- സഞ്ജയ് റാവൂത്ത് ചോദിച്ചു.
അതേസമയം, കോടതി കുറ്റവിമുക്തനാക്കിയ സംഭവത്തിലാണ് ആരോപണം ഉന്നയിക്കുന്നതെന്നും കുറ്റപ്പെടുത്തിയവർക്കെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്യുമെന്നും മന്ത്രി ജയ്‌കുമാർ ഗോരെ പറഞ്ഞു. 'കേസ് 2017ലാണ് ഫയൽ ചെയ്തത്. വിചാരണയിലേക്ക് പോകുകയും ചെയ്തു. 2019ൽ കോടതി എന്നെ കുറ്റവിമുക്തനാക്കി. നമ്മൾ ജനാധിപത്യ രാജ്യത്താണ് ജീവിക്കുന്നത്. ആറ് വർഷം മുമ്പ് കോടതി വിധി പുറപ്പെടുവിച്ച വിഷയം വീണ്ടും ചൂടുപിടിക്കുകയാണ്. രാഷ്ട്രീയ നേതാക്കൾ സംയമനം പാലിക്കണം. ആരോപണങ്ങൾ ഉന്നയിക്കുന്നവർക്കെതിരെ അവകാശലംഘന പ്രമേയം കൊണ്ടുവരും, അവർക്കെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്യും'- മന്ത്രി വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |