കൊച്ചി: കാട്ടുപോത്തിന്റെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഝാർഖണ്ട് സ്വദേശി സഞ്ജയ് മരിച്ചു. എറണാകുളം മലക്കപ്പാറയിലാണ് സംഭവം. കഴിഞ്ഞ ഞായറാഴ്‌ച വൈകിട്ടാണ് യുവാവിനെ കാട്ടുപോത്ത് ആക്രമിച്ചത്. നട്ടെല്ലിനും ആന്തരികാവയവങ്ങൾക്കും ഗുരുതര പരിക്കേറ്റിരുന്നു. ഇതാണ് മരണകാരണമെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.
ഞായറാഴ്‌ച വൈകിട്ട് കടയിൽ നിന്ന് സാധനങ്ങൾ വാങ്ങി വരുമ്പോഴായിരുന്നു കാട്ടുപോത്ത് ആക്രമിച്ചത്. റോഡിലൂടെ നടന്നുപോകുന്നതിനിടെ ഓടിവന്ന കാട്ടുപോത്ത് യുവാവിനെ ഇടിച്ച് തെറിപ്പിച്ചു. നാട്ടുകാർ ചേർന്ന് ഇയാളെ ഉടൻതന്നെ അടുത്തുള്ള ടാറ്റാ ആശുപത്രിയിൽ എത്തിച്ചു. പരിക്ക് ഗുരുതരമായതിനാൽ വിദഗ്ദ്ധ ചികിത്സയ്‌ക്കായി പൊള്ളാച്ചിയിലെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇതിനിടെ ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം.
മലക്കപ്പാറ മേഖലയിൽ സ്ഥിരമായി കാട്ടുപോത്ത്, കാട്ടാന, പുലി തുടങ്ങിയ വന്യജീവികളുടെ സാന്നിദ്ധ്യം ഉണ്ടാവാറുണ്ട്. സഞ്ജയും കുടുംബവും വർഷങ്ങളായി ഇവിടെത്തന്നെ താമസിക്കുന്നവരാണ്. മൃതദേഹം ഝാർഖണ്ഡിലേക്ക് കൊണ്ടുപോകുമോ കേരളത്തിൽ തന്നെ സംസ്‌കരിക്കുമോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |