ഇന്നത്തെ കാലത്ത് കാർ എന്നത് ആവശ്യം എന്നതിലുപരി സ്റ്റാറ്റസിന്റെ ഭാഗം കൂടിയാണ്. കേരളത്തെ സംബന്ധിച്ച് കാർ ഇല്ലാത്ത വീടുകൾ വളരെ ചുരുക്കമാണ്. കുടുംബവുമൊത്ത് യാത്ര ചെയ്യാൻ ഏതെങ്കിലുമൊരു കാർ വേണം എന്നായിരുന്നു മുമ്പ് പലരുടെയും സ്വപ്നം. എന്നാൽ കാലം മാറിയതോടെ ഈ സ്വപ്നത്തിലും മാറ്റം വന്നു. മുറ്റത്ത് ലക്ഷങ്ങൾ വിലയുള്ള ആഡംബർ കാർ തന്നെ വേണമെന്നായി.
കാർ എടുക്കാൻ ആലോചിക്കുമ്പോൾ തന്നെ ഏതെങ്കിലുമൊരു നിറം പലരുടെയും മനസിൽ തെളിയും. നിറത്തിനോട് കോംപ്രമൈസില്ല. ഇഷ്ട നിറം ലഭിക്കാൻ വേണ്ടി ബുക്ക് ചെയ്ത് കാത്തിരിക്കുന്നവരുമുണ്ട്. മിക്കവർക്കും ഡാർക്ക് കളറിനോടാണ് താത്പര്യം. ലുക്കും ട്രെൻഡും മൈലേജുമൊക്കെ നോക്കി കാർ വാങ്ങി വീട്ടിൽ കൊണ്ടുവരും.
എന്നാൽ സേഫ്റ്റിയെപ്പറ്റി പലരും ബോധവാന്മാരല്ലെന്നതാണ് വാസ്തവം. അതിനാൽത്തന്നെ അപകടനിരക്കും കുത്തനെ ഉയർന്നു. വണ്ടികൾ കൂട്ടിയിടിച്ചും, കാർ കത്തിയുമൊക്കെയാണ് പല അപകടങ്ങളും ഉണ്ടാകുന്നത്. നിരവധി പേർക്ക് ജീവൻ നഷ്ടമാകുകയും ചെയ്തു.
ഇത്തരത്തിൽ അപകടങ്ങൾ പെരുകാൻ എന്താണ് കാരണം. അശ്രദ്ധകരമായ ഡ്രൈവിംഗ്, അമിത വേഗത, വാഹനത്തിന്റെതായ ചില പ്രശ്നങ്ങൾ എന്നിവയൊക്കെയാണ് കാരണങ്ങളായി നിരത്താറുള്ളത്.
എന്നാൽ ഇവിടെ പലർക്കും അറിയാൻ പാടില്ലാത്ത ഒരു കാരണം കൂടിയുണ്ട്. എന്താണെന്നല്ലേ? നിങ്ങളുടെ കാറിന്റെ കളർ ആണ് ആ കാരണം. വാഹനത്തിന്റെ നിറം എങ്ങനെ അപകടത്തിന് കാരണമാകുമെന്നല്ലേ ചിന്തിക്കുന്നത്?
സുരക്ഷയിൽ നിറത്തിന്റെ സ്വാധീനം
പൊതുവെ ഇളം നിറമുള്ള കാറുകൾ സുരക്ഷിതമായിരിക്കുമെന്നാണ് വിദഗ്ദ്ധർ പറയുന്നത്, പ്രത്യേകിച്ച് രാത്രികാലങ്ങളിൽ. വെള്ളയോ മഞ്ഞയോ നിറങ്ങളിലുള്ള വാഹനങ്ങൾ വെളിച്ചം കുറവുള്ള സാഹചര്യങ്ങളിൽപ്പോലും കൂടുതൽ ദൃശ്യമാകുന്നതിനാൽ അപകട സാദ്ധ്യത കുറയ്ക്കുന്നു.
നേരെമറിച്ച് രാത്രി കാലങ്ങളിൽ, ഇരുണ്ട നിറമുള്ള വാഹനങ്ങൾ പരിസ്ഥിതിയോട് കൂടിച്ചേർന്ന്, അവയെ കണ്ടെത്തുന്നത് ബുദ്ധിമുട്ടാക്കും. എതിർ ദിശയിൽ വരുന്ന ഇരുണ്ട നിറത്തിലുള്ള വാഹനങ്ങൾ പെട്ടെന്ന് കാണാൻ സാധിക്കണമെന്നില്ല. അതിനാൽ ഇവ പരസ്പരം കൂട്ടിയിടിച്ച്, വൻ ദുരന്തങ്ങളുണ്ടാകാൻ സാദ്ധ്യതയേറെയാണ്.
ചുവന്ന കാറുകൾ: ഏറ്റവും അപകടകരം
ചുവന്ന കാറുകൾക്കാണ് കൂടുതൽ അപകടനിരക്കുള്ളതെന്നാണ് സമീപകാലത്തെ പഠനങ്ങൾ പറയുന്നത്. താരതമ്യേനെ 60% അപകടങ്ങളിൽ ഇത് പെടുന്നു. കൂടുതൽ വേഗത വാഗ്ദ്ധാനം ചെയ്യുന്ന സ്‌പോർട്സ് കാറുകളുടെ മുൻഗണനാ നിറം കൂടിയാണ് ഇത്. ഇത്തരം വാഹനങ്ങളുടെ അമിത വേഗതയും അപകടത്തിന് കാരണമാകും.
അപകട സാദ്ധ്യതയുള്ള മറ്റ് നിറങ്ങൾ
പൊതുവെ ചുവപ്പ്, തവിട്ട് നിറത്തിലുള്ള കാറുകൾക്ക് അപകട സാദ്ധ്യതയേറെയാണ്. യു കെ പോലുള്ള വിപണികളിൽ കറുത്ത കാറുകൾക്ക് ആവശ്യക്കാരേറെയാണ്. ഇത്തരത്തിലുള്ള ലക്ഷക്കണക്കിന് വാഹനങ്ങൾ നിരത്തിലോടുന്നു. ഇതിൽ ഏകദേശം 57 ശതമാനത്തോളം വാഹനങ്ങൾ അപകടത്തിൽപ്പെടുന്നുണ്ടത്രേ.
എന്തുകൊണ്ട് നിറം പ്രധാനമാണ്
പ്രത്യക്ഷത്തിൽ കാറിന്റെ നിറവും അപകടങ്ങളും തമ്മിൽ പ്രത്യേകിച്ച് ബന്ധമൊന്നുമില്ല. എന്നാൽ റോഡുകളുടെയും നഗര കാഴ്ചകളുടെയും പശ്ചാത്തലത്തിൽ ഇളം നിറങ്ങൾ കൂടുതൽ വേറിട്ടുനിൽക്കുന്നു. അതിനാൽത്തന്നെ എതിർദിശയിൽ നിന്ന് വരുന്ന ഡ്രൈവർമാർക്ക് പെട്ടെന്ന് ഇത് കാണാൻ സാധിക്കും. സുരക്ഷിതമായി, അൽപം കരുതലോടെ തന്നെ വണ്ടിയോടിക്കുകയും ചെയ്യാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |