ബംഗളൂരു: പതിനാലുകാരിയെ ബലം പ്രയോഗിച്ച് വിവാഹം കഴിച്ച് വീട്ടിലേക്ക് കൊണ്ടു പോകാൻ ശ്രമിച്ച 29കാരനെതിരെ കേസ്. കർണാടകയിലെ കാളികുട്ടൈ എന്ന മലയോര ഗ്രാമത്തിൽ നിന്നുളള മാദേശ് എന്ന യുവാവിനെതിരെയാണ് പരാതി. തമിഴ്നാട്ടിനടുത്തുളള തോട്ടമഞ്ഞ് എന്ന ഗ്രാമത്തിൽ നിന്നുളള പെൺകുട്ടിയെയാണ് ഇയാൾ വിവാഹം കഴിച്ചത്. മാർച്ച് മൂന്നിനായിരുന്നു സംഭവം. ഏഴാം ക്ലാസുകാരിയായ പെൺകുട്ടിയെ വിവാഹം കഴിച്ച് ബലം പ്രയോഗിച്ച് എടുത്ത് കൊണ്ട് പോകുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് സംഭവം പുറത്തു വന്നത്. ബംഗളൂരുവിൽ വച്ചാണ് ഇവരുടെ വിവാഹം നടന്നത്.
നിലവിളിച്ച് ഓടാൻ രക്ഷപ്പെടുന്ന പെൺകുട്ടിയെ മാദേശ് എടുത്തുകൊണ്ടു പോകുന്നത് വീഡിയോയിലുണ്ട്. ദൃശ്യങ്ങളിൽ യുവാവിന്റെ സഹോദരൻ മല്ലേശും മറ്റൊരു സ്ത്രീയെയും കാണാം, വിവാഹം കഴിഞ്ഞ് യുവാവിനോടൊപ്പം പോകാൻ പെൺകുട്ടി വിസമ്മതിച്ചതോടെയാണ് അസാധാരണ സംഭവങ്ങൾ അരങ്ങേറിയത്. രക്ഷിതാക്കളോടും ബന്ധുക്കളോടും പെൺകുട്ടി കരഞ്ഞ് പറഞ്ഞെങ്കിലും ആരും കുട്ടിയെ സഹായിച്ചില്ല. സംഭവം കണ്ടു നിന്നവരാണ് വീഡിയോ എടുത്ത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്. സംഭവത്തിൽ കുട്ടിയുടെ മുത്തശി പരാതി നൽകിയിട്ടുണ്ട്. ഡെങ്കനിക്കോട്ടൈയിലെ വനിതാ പൊലീസ് അന്വേഷിക്കുകയാണ്.
കേസിൽ മാദേശിനെയും സഹോദരനെയും പെൺകുട്ടിയുടെ അമ്മ നാഗമ്മയെയും ബുധനാഴ്ച തന്നെ അറസ്റ്റ് ചെയ്തിരുന്നു. ഇന്ന് പുലർച്ചെ പെൺകുട്ടിയുടെ പിതാവിനെയും മല്ലേശിന്റെ ഭാര്യയെയും അറസ്റ്റ് ചെയ്തു. ഇവർക്കെതിരെ പോക്‌സോ വകുപ്പുകളും ശൈശവ വിവാഹനിയമവും ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. അവർക്ക് രണ്ട് വർഷം തടവും ഒരു ലക്ഷം രൂപ പിഴയും ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. പെൺകുട്ടി ഇപ്പോൾ മുത്തശിയോടൊപ്പം സുരക്ഷിതയാണ്.
പ്രായപൂർത്തിയാകാത്തവരെ വിവാഹം കഴിപ്പിക്കുന്നത് ഇന്ത്യയിൽ നിയമവിരുദ്ധമാണ്. എന്നാലും രാജസ്ഥാൻ, ഉത്തർപ്രദേശ്, മദ്ധ്യപ്രദേശ്, ജാർഖണ്ഡ്. ഛത്തീസ്ഗഢ്, ബീഹാർ, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ ഉൾനാടൻ ഗ്രാമങ്ങളിൽ ഇപ്പോഴും ശൈശവ വിവാഹം നടക്കുന്നുണ്ട്. 2023-24ൽ പുറത്തുവന്ന കണക്കുകൾ അനുസരിച്ച് കർണാടകയിൽ 180 ശൈശവ വിവാഹങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |