കൊച്ചി: കുന്നത്തുനാട്ടിൽ അറുപതോളം തെരുവുനായ്ക്കളെ ഒരു വീട്ടിൽ പാർപ്പിച്ചിരിക്കുന്നതിനെതിരെ പ്രതിഷേധവുമായി നാട്ടുകാർ. വീണാ ജനാർദ്ദനൻ എന്ന സ്ത്രീയാണ് വാടക വീട്ടിൽ നായ്ക്കളെ പാർപ്പിച്ചിരിക്കുന്നത്. ഇവിടെ നിന്ന് നിരന്തരം നായ്ക്കളുടെ കുരയും ദുർഗന്ധവുമാണെന്ന് നാട്ടുകാർ പറയുന്നു.
ഇപ്പോൾ നായ്ക്കളെ ഇവിടെ നിന്ന് മാറ്റാൻ സാധിക്കില്ലെന്നാണ് വീണ പറയുന്നത്. 'സ്റ്റാഫിനെ വച്ച് ക്ലീൻ ചെയ്യുന്നതാണ്. ആളുകളെ കണ്ടിട്ടാണ് നായ്ക്കൾ കുരയ്ക്കുന്നത്. വീട്ടുടമയും മൃഗസ്‌നേഹിയാണ്. പട്ടിയെയോ, പന്നിയേയോ എല്ലാത്തിനെയും വളർത്തിക്കോയെന്നാണ് ഉടമ പറഞ്ഞത്. എഗ്രിമെന്റുണ്ട്. എത്ര നായ്ക്കളെ വളർത്തുമെന്ന് എഗ്രിമെന്റിൽ പറഞ്ഞിട്ടില്ല. കാരണം ഞാൻ റെസ്‌ക്യൂവർ ആണ്.'- യുവതി പറഞ്ഞു.
നായയെ ആ വീട്ടിൽ നിന്ന് മാറ്റുമെന്ന് പി വി ശ്രീനിജൻ എം എൽ എ പ്രതികരിച്ചു. 'ഞാൻ അവിടെ പോയിരുന്നു. രണ്ട് സ്ത്രീകളും ചെറിയ കുട്ടിയും അറുപത് പട്ടികളുമാണ് ആ വീട്ടിൽ ഉള്ളത്. വീട്ടിൽ കയറാൻ നോക്കിയില്ല. ഹെൽത്ത് ഇൻസ്‌പെക്ടറെയും പൊലീസിനെയും വിളിച്ചുവരുത്തി. അവിടെ വാടകയ്ക്ക് താമസിക്കുന്ന സ്ത്രീയുമായി സംസാരിച്ചു. പരാതി കിട്ടിയിട്ടുണ്ടെന്നും അവരെ അറിയിച്ചു. പക്ഷേ അവർ പൊലീസിനെയൊന്നും അകത്തേക്ക് കയറ്റിയില്ല. 1998ലെ കേരള മുനിസിപ്പാലിറ്റി റൂൾസിൽ കൃത്യമായി പറയുന്നൊരു കാര്യമുണ്ട്. പട്ടികളെ ഏതെങ്കിലും വീട്ടിൽ പരിപാലിക്കുന്നുണ്ടെങ്കിൽ പഞ്ചായത്ത് റൂൾസ് പ്രകാരം സെക്രട്ടറി ലൈസൻസ് കൊടുക്കണം. അത്തരത്തിലൊരു ലൈസൻസും ഇവരെടുത്തിട്ടില്ലെന്നാണ് ഞാൻ മനസിലാക്കിയത്.'- എം എൽ എ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |