കോട്ടയം : ലഹരിമാഫിയയുടെ അടിവേരറുക്കാൻ എക്‌സൈസ്, പൊലീസ് സംയുക്ത പരിശോധന ആരംഭിച്ചതോടെ മാളത്തിലൊളിച്ച് മുഖ്യകണ്ണികൾ. അതിർത്തികളിലടക്കം കനത്ത നിരീക്ഷണമാണുള്ളത്. സ്റ്റോക്കുള്ള സാധനങ്ങൾ ഒളിപ്പിച്ചും പിടികൊടുക്കാതെയും തത്കാലം നല്ലപിള്ള ചമഞ്ഞ് പരിശോധന കുറയുന്ന മുറയ്ക്ക് വീണ്ടും സജീവമാകാനാണ് പദ്ധതി. ജില്ലയിലെ ക്വട്ടേഷൻ, കവർച്ചാ പ്രതികളെല്ലാം രണ്ട് കൊല്ലത്തിലേറെയായി ലഹരി മാഫിയയുടെ ഭാഗമാണ്. അടിപിടിക്കേസുകളിൽപ്പെട്ട് തടി കേടാക്കുന്നതിലും ലാഭം ലഹരിക്കടത്ത് സേഫായി കരുതുകയായിരുന്നു പലരും. അന്യസംസ്ഥാനങ്ങളിൽ നിന്ന് ലഹരി എത്തിച്ച് വിൽക്കുന്ന വൻസംഘങ്ങൾ സജീവമെന്നാണ് പൊലീസും, എക്സൈസും പറയുന്നത്. കഞ്ചാവ് കടത്തിക്കൊണ്ടുവരുന്നതിലും സൂക്ഷിക്കുന്നതും റിസ്‌ക് കൂടുതലാണ്. കൂടുതൽ പണം ലഭിക്കാൻ അമിതഅളവിൽ സൂക്ഷിക്കണം. മണവും പുറത്തുവരും. ഈ സാഹചര്യത്തിൽ രാസലഹരിയോടാണ് പ്രിയം. വളരെ കുറഞ്ഞ അളവിന് പോലും ലാഭം കൂടുതലാണ്. ചെറുമണൽത്തരി പോലെയുള്ള രാസലഹരി നഖത്തിന്റെ ഇടയിൽ പോലും സൂക്ഷിക്കാം. ഒരു ചെറിയ തരി ഉപയോഗിച്ചാൽ രണ്ട് ദിവസം 'ഓൺ' ആയി നിൽക്കുമെന്നാണ് ഇവർ പറയുന്നത്.
കെണിയിൽ കുടുങ്ങി ഉന്നതരുടെ മക്കളും
ലഹരി, ക്വട്ടേഷൻ സംഘങ്ങളിലെ നിരവധിപ്പേർ കാപ്പ ചുമത്തിയും ശിക്ഷ അനുഭവിച്ചും ജയിലിലാണ്. ഇവരുടെ സംഘാംഗങ്ങളായിരുന്നു കാര്യങ്ങൾ നിയന്ത്രിച്ചിരുന്നത്. ഇവരൊക്കെ ഇപ്പോൾ ഒളിവിലാണ്. എന്നാൽ ഇതിലൊന്നും പെടാത്ത പൊലീസിന് കാര്യമായ വിവരം ലഭിക്കാത്ത കടത്തുകാരുമുണ്ട്. വിദ്യാർത്ഥികളും, അത്യാവശ്യ സാമ്പത്തിക സ്ഥിതിയുള്ള വീട്ടിലുമുള്ളവരുമാണിവർ. ആഡംബര ജീവിതമാണ് പലരുടെയും ലക്ഷ്യം. ഒറ്റയടിയ്ക്ക് ലക്ഷങ്ങൾ സമ്പാദിക്കാമെന്നതും ഇതിലേക്ക് ആകർഷിക്കുന്നു. അന്യസംസ്ഥാനത്ത് പഠനത്തിനായി പോകുന്ന ചെറുപ്പക്കാരാണ് കൂടുതലായും ലഹരിവലയിൽ അകപ്പെട്ടത്. പലരും എം.ഡി.എം.എ അടക്കമുള്ളവയ്ക്ക് അടിമകളുമാണ്.
സിഗരറ്റ് ഉപയോഗം കൂടി
16 വയസ് മുതൽ ആൺ - പെൺ ഭേദമില്ലാതെ സിഗരറ്റ് ഉപയോഗിക്കുന്നവരുണ്ടെന്നാണ് എക്‌സൈസ് കണ്ടെത്തൽ. മുറി സിഗരറ്റ് വലിച്ച് ആകാംഷ തീർത്തിരുന്ന പഴയ തലമുറയെപ്പോലെയല്ല. രാസലഹരി ഉപയോഗിച്ചതിന് ശേഷം സിഗരറ്റ് വലിച്ചാൽ കൂടുതൽ ഇഫക്ട് കിട്ടുമെന്നാണ് പറച്ചിൽ. പൊതുസ്ഥലത്തെ പുകവലിയും കൂടി.
അറസ്റ്റിലായവരിൽ 95 ശതമാനം 30 വയസിൽ താഴെയുള്ളവർ
ജീവിതം ഹോമിച്ച് യുവത്വം
ലഹരിക്കടത്തിൽ പ്രതികളേറെയും യുവാക്കൾ
ഉപയോഗിക്കുന്നത് വിദ്യാർത്ഥികൾ മുതൽ
അമിതലാഭം മാഫിയകളുടെ ഭാഗമാക്കുന്നു
പിടിക്കപ്പെടുന്നത് ഒറ്റുമ്പോൾ മാത്രം
''കോട്ടയം, ഇടുക്കി ജില്ലയുടെ അതിർത്തിയായ മുണ്ടക്കയത്ത് പ്രത്യേക പരിശോധനയ്ക്ക് ചെക്ക് പോസ്റ്റ് സ്ഥാപിക്കണം. മദ്ധ്യകേരളത്തിൽ എവിടേയ്ക്കും സാധനങ്ങൾ എത്തിക്കാം എന്നതാണ് ലഹരിക്കടത്ത് സംഘങ്ങൾ മുണ്ടക്കയം ഇടത്താവളമായി തിരഞ്ഞെടുക്കുന്നത്.
-സുരേഷ്, മുണ്ടക്കയം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |