നെടുങ്കണ്ടം: ജോലി തേടി ഭർത്താവിനൊപ്പം നെടുങ്കണ്ടത്തെത്തിയ അസം സ്വദേശിനിയെ ബലാത്സംഗം ചെയ്ത നാല് അന്യസംസ്ഥാന തൊഴിലാളികൾ അറസ്റ്റിൽ. അസം സ്വദേശികളായ സദ്ദാം ഹുസൈൻ (23), അജിം ഉദിൻ (26), മുഖീബുർ റഹ്മാൻ (38), കയിറുൾ ഇസ്ലാം (29) എന്നിവരെയാണ് നെടുങ്കണ്ടം പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച രാത്രിയിലായിരുന്നു സംഭവം. ഇരയായ സ്ത്രീയുടെ ഭർത്താവിന്റെ സുഹൃത്ത് ജോലി വാഗ്ദാനം ചെയ്തതനുസരിച്ചാണ് ഇവർ വെള്ളിയാഴ്ച രാത്രി നെടുങ്കണ്ടത്തിന് സമീപം താന്നിമൂട്ടിൽ എത്തിയത്. കട്ടക്കളത്തിനോട് ചേർന്നുള്ള ഷെഡിലാണ് ഇവരുടെ സുഹൃത്ത് മറ്റ് അന്യസംസ്ഥാന തൊഴിലാളികളോടൊപ്പം താമസിച്ചിരുന്നത്. രാത്രി പത്തോടെ മദ്യപിച്ച പ്രതികൾ സ്ത്രീയുടെ ഭർത്താവിനെ ഭീഷണിപ്പെടുത്തുകയും പ്രതികളിലൊരാളായ സദ്ദാം ഹുസൈൻ സ്ത്രീയെ കുളിമുറിയിലെത്തിച്ച് ബലാത്സംഗം ചെയ്യുകയുമായിരുന്നു.
തുടർന്ന് മറ്റ് മൂന്ന് പ്രതികളും സ്ത്രീയെ ശാരീരികമായി ഉപദ്രവിച്ചു. ഇന്നലെ രാവിലെ ഇവിടെ നിന്ന് ഇറങ്ങിയ സ്ത്രീയും ഭർത്താവും നെടുങ്കണ്ടത്തെത്തി വിവരം ഓട്ടോറിക്ഷാ തൊഴിലാളികളെ അറിയിച്ചു. തുടർന്ന് ഇവർ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഡിവൈ.എസ്.പി വി.എ. നിഷാദ്‌മോൻ, നെടുങ്കണ്ടം എസ്.എച്ച്.ഒ ജെർലിൻ വി. സ്‌കറിയ, എസ്.ഐ വിനോദ്, എ.എസ്.ഐ ഹരികുമാർ, സി.പി.ഒമാരായ ജോമോൻ, ജിതിൻ, രഞ്ജു, റസിയ, മിഥുൻ എന്നിവരാണ് പ്രതികളെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |