SignIn
Kerala Kaumudi Online
Monday, 25 May 2020 3.57 AM IST

ഒരു ഏകീകൃത ഹിന്ദു സ്വത്വ നിർമ്മാണമാണ് അവരുടെ അജണ്ട, സമാന ലക്ഷ്യങ്ങളാണ് എസ്.ഡി.പി.ഐ പോലുള്ള സംഘടനകൾക്കുള്ളത്: വി.ടി ബൽറാം

vt-balram

തിരുവനന്തപുരം: മലപ്പുറം ജില്ലയിലെ എടയൂരിൽ അയ്യപ്പക്ഷേത്രം ആക്രമിച്ച സംഘപരിവാർ പ്രവർത്തകർ അറസ്റ്റിലായതിനെ പശ്ചാത്തലത്തിൽ ബി.ജെ.പിക്കെതിരെയും കേരളത്തിലെ വർഗീയ ശക്തികൾക്കെതിരയും തുറന്നടിച്ച് തൃത്താല എം.എൽ.എ വി.ടി ബൽറാം. ഇവിടത്തെ ജനങ്ങൾ പരമ്പരാഗതമായി യു.ഡി.എഫ്, എൽ.ഡി.എഫ് മുന്നണികളെ പിന്തുണച്ചു പോരുന്നവരാണ്. ഏറ്റക്കുറച്ചിലുകൾ ഉണ്ടാവുമെങ്കിലും ഈ രണ്ടു മുന്നണികൾക്കും ഹിന്ദു, മുസ്ലിം, കൃസ്ത്യൻ വിഭാഗക്കാരുടെ പിന്തുണ സാമാന്യമായി ലഭിച്ചു പോരുന്നുണ്ട്. എന്നാൽ ഈ സന്തുലിതാവസ്ഥ ഇല്ലാതാക്കാൻ ആഗ്രഹിക്കുന്നത് ബി.ജെ.പിക്കാരണെന്നും ബൽറാം ഫേസ്ബുക്കിൽ കുറിച്ചു.

ഇവിടത്തെ ഹിന്ദു വിഭാഗം ഇതര വിഭാഗങ്ങളുമായി അകൽച്ചയിലാവുന്ന ഒരു സാഹചര്യമുണ്ടായാൽ അതിന്റെ ഗുണഭോക്താക്കളാവുക ബി.ജെ.പിയായിരിക്കും എന്നാണവർ കണക്കുകൂട്ടുന്നുണ്ടാവുക. അതുകൊണ്ടുതന്നെ ഹിന്ദുക്കൾക്കിടയിൽ അതൃപ്തിയും ആശങ്കയുമുണ്ടാക്കുക എന്നതാണ് ബി.ജെ.പി രാഷ്ട്രീയത്തിന്റെ ആത്യന്തിക ലക്ഷ്യം. ബൽറാം കൂട്ടിച്ചേർത്തു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

മലപ്പുറം ജില്ലയിലെ എടയൂരിൽ അയ്യപ്പക്ഷേത്രം ആക്രമിച്ച കേസിൽ മൂന്ന് സംഘ് പരിവാർ നേതാക്കൾ അറസ്റ്റിലായിരിക്കുന്നു. ഇതിലൊരാൾ ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ചയാളുടെ സഹോദരൻ കൂടിയാണ്. മനുഷ്യ വിസർജ്യം ക്ഷേത്രാങ്കണത്തിലേക്ക് വലിച്ചെറിഞ്ഞതുൾപ്പെടെ ഹീനമായ പ്രവർത്തനങ്ങളാണ് അരങ്ങേറിയത്.

ഇപ്പോൾ അന്വേഷണത്തിൽ സത്യം പുറത്തുവരുന്നതിന് മുൻപ് ഈ വിഷയം നമ്മുടെ വീടുകൾക്കകത്തും സുഹൃദ് സദസ്സുകളിലും ഫാമിലി വാട്ട്സ്അപ്പ് ഗ്രൂപ്പുകളിലും ഏതെല്ലാം നിലയിലുള്ള ചർച്ചകളാണ് ഉണ്ടാക്കിയിരിക്കുക എന്നത് ഏവർക്കും ഊഹിക്കാവുന്നതാണ്. സംഭവസമയത്ത് സംഘ് പരിവാർ സംഘടനയായ ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തിൽ സമരവും തീപ്പൊരി പ്രസംഗങ്ങളും നടന്നിരുന്നു.

കേരളത്തിലെ ജനങ്ങൾ, പ്രത്യേകിച്ചും മഹാഭൂരിപക്ഷം വരുന്ന മതവിശ്വാസികൾ മനസ്സിലാക്കേണ്ട ഒരു ലളിതമായ വസ്തുതയുണ്ട്. ഹിന്ദുക്കളും മുസ്ലീങ്ങളും കൃസ്ത്യാനികളും ജനസംഖ്യാപരമായി സാമാന്യം ശക്തമായ വിഭാഗങ്ങളാണ് കേരളത്തിൽ. അതുകൊണ്ടുതന്നെ വ്യത്യസ്ത വിഭാഗക്കാരെ ഏതാണ്ട് സമന്വയിപ്പിച്ച് കൊണ്ടുപോവുക, എല്ലാവരുടേയും വിശ്വാസമാർജ്ജിക്കുക എന്നത് ഇവിടത്തെ രാഷ്ട്രീയ പാർട്ടികളുടേയും സ്വാഭാവികമായ താത്പര്യമാണ്. ഇവിടത്തെ ജനങ്ങൾ പരമ്പരാഗതമായി യുഡിഎഫ്, എൽഡിഎഫ് എന്നീ മുന്നണികളെ പിന്തുണച്ചു പോരുന്നവരാണ്. ഏറ്റക്കുറച്ചിലുകൾ ഉണ്ടാവുമെങ്കിലും ഈ രണ്ടു മുന്നണികൾക്കും ഹിന്ദു, മുസ്ലിം, കൃസ്ത്യൻ വിഭാഗക്കാരുടെ പിന്തുണ സാമാന്യമായി ലഭിച്ചു പോരുന്നുണ്ട്. ഈ മുന്നണികളുടെ നേതൃപദവികളിലും അണികൾക്കിടയിലും വ്യത്യസ്ത മതവിഭാഗക്കാരുടെ ഒരു ബാലൻസ് സ്വാഭാവികമായി ഉണ്ടായിവരികയോ ബോധപൂർവ്വം ഇടപെട്ട് ഉണ്ടാക്കിയെടുക്കുകയോ ചെയ്യാറുണ്ട്.

എന്നാൽ കേരളത്തിലെ ഈ സോഷ്യൽ, പൊളിറ്റിക്കൽ ബാലൻസ് തകർന്നു കാണണം എന്ന് ആഗ്രഹിക്കുന്ന/ആഗ്രഹിച്ചേക്കാവുന്ന/ അതുകൊണ്ട് പ്രയോജനമുണ്ടാവുമെന്ന് പ്രതീക്ഷിക്കുന്ന പ്രധാന വിഭാഗം ബിജെപിക്കാരാണ്. കാരണം അവർക്കാണ് ഇവിടെ പുതിയതായി ഒരു സ്പേസ് ഉണ്ടാക്കിയെടുക്കേണ്ടത്. ഇവിടത്തെ ഹിന്ദു വിഭാഗം ഇതര വിഭാഗങ്ങളുമായി അകൽച്ചയിലാവുന്ന ഒരു സാഹചര്യമുണ്ടായാൽ അതിന്റെ ഗുണഭോക്താക്കളാവുക ബിജെപിയായിരിക്കും എന്നാണവർ കണക്കുകൂട്ടുന്നുണ്ടാവുക. അതുകൊണ്ടുതന്നെ ഹിന്ദുക്കൾക്കിടയിൽ അതൃപ്തിയും ആശങ്കയുമുണ്ടാക്കുക എന്നതാണ് ബിജെപി രാഷ്ട്രീയത്തിന്റെ ആത്യന്തിക ലക്ഷ്യം. ഏത് വിഷയത്തേയും ഈയൊരു കണ്ണിലൂടെയല്ലാതെ അവർക്ക് കാണാൻ കഴിയില്ല. ജാതിയും അതു സൃഷ്ടിച്ച സാമൂഹിക, സാമ്പത്തിക അസമത്വവുമൊന്നും അവരുടെ കണ്ണിൽപ്പെടില്ല, അതിനെയെല്ലാം മൂടിവച്ച് ഒരു ഏകീകൃത ഹിന്ദു സ്വത്വ നിർമ്മാണമാണ് അവരുടെ അജണ്ട. അതിന്റെ തുടർച്ചയായുണ്ടാവുന്ന ഹിന്ദു വോട്ട് ബാങ്കാണ് അവരുടെ ലക്ഷ്യം. സമാന ലക്ഷ്യങ്ങളാണ് മുസ്ലിം വോട്ട് ബാങ്ക് തങ്ങൾക്കനുകൂലമാക്കി മാറ്റാനാഗ്രഹിക്കുന്ന എസ്ഡിപിഐ പോലുള്ള സംഘടനകൾക്കും ഉള്ളത്.

പറഞ്ഞുവന്നത്, കേരളത്തിൽ വ്യത്യസ്ത സമുദായങ്ങൾ തമ്മിലുണ്ടാവുന്ന ഓരോ സംഘർഷത്തിലും ഉള്ളുകൊണ്ട് ആഹ്ലാദിക്കുന്നവർ ആരെല്ലാമാണെന്ന് തിരിച്ചറിയുക എന്നത് നമ്മെ സംബന്ധിച്ച് വളരെ പ്രധാനമാണ്. ഗുണഭോക്താക്കൾ തന്നെയായിരിക്കുമോ പ്രശ്നങ്ങളുടെ സ്രഷ്ടാക്കളും എന്ന് ഓരോ ഘട്ടത്തിലും ചിന്തിച്ച് ഉറപ്പു വരുത്തേണ്ടത് ഒരു സമൂഹമെന്ന നിലയിൽ നമ്മുടെ ഉത്തരവാദിത്തമായി ഇനിയുള്ള കാലത്തെങ്കിലും മാറേണ്ടിയിരിക്കുന്നു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: VT BALRAM, BJP, SDPI, RSS ACTIVIST ARREST, TEMPLE ATTACK
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.