കൊച്ചി: കായലിനു കുറുകേ റെയിൽവേ മേൽപാലം നിർമ്മിക്കുന്നതിനായി താത്കാലികമായി തീർത്ത വടുതലയിലെ ബണ്ട് അടിയന്തര പ്രാധാന്യം നൽകി പൊളിക്കുമെന്ന് സർക്കാർ. ജനങ്ങളുടെ ജീവിതത്തിനാണ് പ്രാധാന്യമെന്നും ബണ്ട് പൊളിക്കുന്നത് സംബന്ധിച്ച് എൻ.എച്ച്.എ.ഐ ഉൾപ്പടെയുള്ളവരുമായി അന്തിമ ചർച്ചകൾ പുരോഗമിക്കുകയാണെന്നും വ്യവസായ വകുപ്പു മന്ത്രി പി. രാജീവ് പറഞ്ഞു. ബണ്ട് മൂലമുണ്ടാകുന്ന പ്രശ്നങ്ങളെ അധികരിച്ച് 'കേരളകൗമുദി'യിൽ പ്രസിദ്ധീകരിച്ച പരമ്പരയെ തുടർന്ന് പ്രതികരിക്കുകയായിരുന്നു മന്ത്രി.
പ്രശ്‌നത്തിന്റെ തുടക്കം മുതൽ സർക്കാർ വിഷയം അതീവ പ്രാധാന്യത്തോടെ പരിഗണിക്കുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. വടുതല ബണ്ട് പൊളിക്കുമെന്ന നിലപാടിൽ നിന്ന് പിന്നോട്ടില്ലെന്നും ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന് പറഞ്ഞു.
ബണ്ടിൽ നിന്നുള്ള മണ്ണും ചെളിയും നീക്കുന്നത് സംബന്ധിച്ച് എൻ.എച്ച്.എ.ഐയുടെ ശിവാലയ കൺട്രക്ഷൻസുമായുൾപ്പെടെ അവസാനഘട്ട ചർച്ചകളിലാണെന്ന് ജില്ലാ കളക്ടർ എൻ.എസ്.കെ. ഉമേഷ് പറഞ്ഞു.
2010 മുതൽ ജില്ലയിലെ വെള്ളപ്പൊക്കത്തിന് കാരണമായി മാറിയ ബണ്ട് പൊളിക്കണമെന്ന ആവശ്യം മത്സ്യത്തൊഴിലാളികളുടെ പരാതിയേത്തുടർന്നാണ് കോടതിയിലെത്തിയത്. 2018ലെ പ്രളയത്തിനു ശേഷം സോഷ്യൽ വെൽഫെയർ ആക്ഷൻ അലയൻസ് സൊസൈറ്റി വിഷയത്തിൽ ഇടപെട്ടു. തുടർന്ന് വിഷയത്തിന്റെ പ്രധാന്യം കേരളകൗമുദി വിവിധ വാർത്താ റിപ്പോർട്ടുകളിലൂടെ ജനങ്ങളിലേക്കും അധികൃതരിലേക്കും എത്തിക്കുകയായിരുന്നു. ജലവിഭവ വകുപ്പും ജില്ലാ ഭരണകൂടവുമടക്കം ഒറ്റക്കെട്ടായി നിന്നാൽ താമസംവിന ബണ്ട് പൊളിക്കും.
ജനങ്ങളുടെ ജീവിതത്തെ ബാധിക്കുന്ന പ്രശ്‌നം സംസ്ഥാന സർക്കാർ അതീവ ഗൗരവമായാണ് കാണുന്നത്. ജില്ലയിലെ മന്ത്രിയെന്ന നിലയിൽ ക്രിയാത്മകമായ ഇടപെടലുണ്ടാകും. ബണ്ട് പൊളിക്കുമെന്ന് സർക്കാർ ഉറപ്പ് നൽകുന്നു.
പി. രാജീവ്
വ്യവസായ മന്ത്രി
ഒരു ജില്ലയുടെ ഇത്രയേറെ പ്രദേശങ്ങളെ ബാധിക്കുന്ന സുപ്രധാന വിഷയമായതിനാൽ ബണ്ട് പൊളിക്കും
റോഷി അഗസ്റ്റിൻ
ജലവിഭവ വകുപ്പ് മന്ത്രി
ജില്ലാ ഭരണകൂടം ബണ്ട് പൊളിക്കുന്നതിനുള്ള എല്ലാ ചർച്ചകളും തുടരുകയാണ്. മഴക്കാലത്തിനു മുമ്പ് ബണ്ട് പൊളിക്കാനുള്ള ശ്രമങ്ങളാണ് പുരോഗമിക്കുന്നത്.
എൻ.എസ്.കെ. ഉമേഷ്
ജില്ലാ കളക്ടർ
ബണ്ട് മൂലം പ്രദേശത്ത് കൂടി കൊതുമ്പുവള്ളം പോലും കടന്നു പോകാനാവുന്നില്ല. സർക്കാർ സംവിധാനങ്ങൾ മൗനം പാലിച്ചതാണ് പ്രശ്‌നം ഇത്രമേൽ രൂക്ഷമാക്കിയത്.
സന്തോഷ് ജേക്കബ്
സോഷ്യൽ വെൽഫെയർ ആക്ഷൻ അലയൻസ് സൊസൈറ്റി (സ്വാസ്)
റെയിൽവേ, പോർട്ട്, അഫ്‌കോൺസ് എല്ലാവരും ഉത്തരവാദികളാണ്.
ഡെന്നി തോമസ്
പ്രദേശവാസി
സാധാരണക്കാരായ മത്സ്യത്തൊഴിലാളികൾ മുതൽ ചെമ്മീൻകെട്ട് വ്യവസായികൾ വരെ ഒരേപോലെ ബണ്ടുമൂലം ദുരിതമനുഭവിക്കുന്നു.
പി.എ. സാജു
മത്സ്യത്തൊഴിലാളി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |