തിരുവല്ല: പത്തുവയസുകാരന്റെ ശരീരത്തിൽ ലഹരിമരുന്ന് ഒട്ടിച്ചുവച്ച് വില്പന നടത്തിയ സംഭവത്തിൽ പിതാവ് മുഹമ്മദ് ഷെമീറിനെതിരെ (39) മറ്റൊരു കേസ് കൂടി രജിസ്റ്റർ ചെയ്തു. അമ്മയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ബാലനീതി നിയമപ്രകാരം തിരുവല്ല പൊലീസ് പുതിയ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
കേസിൽ സൈക്കോളജിസ്റ്റിന്റെ സാന്നിദ്ധ്യത്തിൽ കുട്ടിയുടെ മൊഴി കൂടി എടുക്കേണ്ടതുണ്ട്. അന്വേഷണം മുന്നോട്ട് പോകണമെങ്കിൽ കുട്ടിയെ ചൂഷണം ചെയ്തതായുള്ള കേസുകൂടി രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. അതിനാലാണ് കുട്ടിയെ ഉപയോഗിച്ച് ലഹരിക്കച്ചവടം നടത്തിയെന്ന പുതിയ കേസുകൂടി ഷെമീറിനെതിരെ ചുമത്തിയിരിക്കുന്നത്. കുട്ടിയെ ലഹരിക്കച്ചവടത്തിന് ഉപയോഗിച്ചതിന്റെ പേരിലാണ് ഷെമീറും ഭാര്യയും തമ്മിൽ അകന്നത്. കുട്ടിയുടെ അമ്മ ഇപ്പോൾ സ്വന്തം വീട്ടിലാണ് കഴിയുന്നത്. ഷെമീറിനെ തിരുത്താൻ ശ്രമിച്ചിട്ടും ഫലംകണ്ടില്ല. തുടർന്നാണ് കുട്ടിയുടെ അമ്മയുടെ മൊഴിയിൽ പൊലീസ് പുതിയ കേസ് ചുമത്തിയിരിക്കുന്നത്.
അഞ്ചാം ക്ളാസുകാരനെ സ്കൂളിൽ കൊണ്ടുപോകുന്നതിന്റെ മറവിലായിരുന്നു ഷെമീർ എം.ഡി.എം.എ കച്ചവടം നടത്തിവന്നത്. പ്ളാസ്റ്റിക് കവറിൽ പൊതിഞ്ഞ് സെല്ലോ ടേപ്പ് ഉപയോഗിച്ച് മകന്റെ ശരീരത്തിൽ ഒട്ടിക്കും. കാറിലോ ബൈക്കിലോ പോകും. സ്‌കൂൾ, കോളേജ് വിദ്യാർത്ഥികൾക്ക് എം.ഡി.എം.എ എത്തിച്ചു നൽകാറുണ്ടെന്ന് ഇയാൾ പൊലീസിനോട് സമ്മതിച്ചു. വിദ്യാർത്ഥികളെ ഏജന്റുമാരുമാക്കിയിട്ടുണ്ട്. ചുമത്രയിലെ പിതാവിന്റെ വീട്ടിൽ നിന്ന് വെള്ളിയാഴ്ച രാത്രിയാണ് ഷെമീർ അറസ്റ്റിലായത്. 3.78 ഗ്രാം എം.ഡി.എം.എ ഇയാളിൽ നിന്ന് പിടിച്ചെടുത്തു.
കഴിഞ്ഞ ഒരു വർഷമായി മകനെ ഉപയോഗിച്ച് ഷമീർ ലഹരി വില്പന നടത്തിയിരുന്നുവെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. കർണാടകയിൽ നിന്നടക്കം മയക്കുമരുന്നും എം.ഡി.എം.എയും ഇയാൾ നാട്ടിലെത്തിക്കുന്നുണ്ടെന്നാണ് വിവരം. കഴിഞ്ഞ ആറുമാസമായി പൊലീസിന്റെയും ഡാൻസാഫ് സംഘത്തിന്റെയും നിരീക്ഷണത്തിലായിരുന്നു മുഹമ്മദ് ഷമീർ. ഇയാളുടെ ഫോൺ ഉൾപ്പെടെ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |