കൊച്ചി: സതേൺ റെയിൽവേ തിരുവനന്തപുരം ഡിവിഷനിൽ 2023 മുതൽ 2025 ഫെബ്രുവരി വരെ പിടികൂടിയത് 1312.57 കിലോ തൂക്കം വരുന്ന, 6,49,14,545 രൂപയുടെ രാസലഹരി! വടക്കേ ഇന്ത്യയിൽ നിന്ന് എത്തുന്ന ലഹരി വസ്തുക്കൾ ആർ.പി.എഫും റെയിൽവേ പൊലീസും നടത്തിയ പരിശോധനയിലാണ് കണ്ടെത്തിയത്. വിദഗ്ദ്ധമായി സ്റ്റേഷനിൽ നിന്ന് കടത്തിയവ വേറെയുമുണ്ട്. 230 കേസുകളിലായാണ് ഇത്രയധികം രൂപയുടെ ലഹരി പിടികൂടിയത്. 140 പേർ അറസ്റ്റിലായി.
18 - 30 വയസുകാരാണ് പ്രതികൾ. കഞ്ചാവ്, എം.ഡി.എം.എ, ബ്രൗൺ ഷുഗർ, നൈട്രാസെപാം ഗുളിക, ബ്യൂപ്രിനോർഫിൻ ഗുളിക, മെത്തംഫെറ്റമിൻ ഗുളിക, ഹെറോയിൻ, ഹാഷിഷ് ഓയിൽ എന്നിവ പിടികൂടിയതിൽ ഉൾപ്പെടുന്നു.
ഒരു ട്രെയിനിൽ തന്നെ ലക്ഷ്യസ്ഥാനത്ത് എത്തുന്ന രീതിയായിരുന്നു മുമ്പ് ഉണ്ടായിരുന്നതെങ്കിൽ ഇപ്പോൾ വിവിധ സ്റ്റേഷനുകളിൽ ഇറങ്ങി ട്രെയിൻ മാറി ജനറൽ കോച്ചുകളിൽ കയറിയുള്ള യാത്രാരീതിയാണ്. ഇവർക്ക് ഓരോ സ്ഥലത്തും വിവരം നൽകാൻ ആളുകളുണ്ടാകും. സമീപകാലത്തായി സ്ത്രീകളെയും കുട്ടികളെയും ഇടനിലക്കാരാക്കിയുള്ള ലഹരിക്കടത്തുമുണ്ട്.
എത്തുന്നത് ഉൾനാടൻ
ഗ്രാമങ്ങളിൽ നിന്ന്
ലഹരിയുമായി എത്തുന്നവർ കൂടുതൽ വടക്കേ ഇന്ത്യയിലെ ഉൾനാടൻ ഗ്രാമങ്ങളിൽ നിന്നാണെന്ന് ആർ.പി.എഫ് പറയുന്നു. പലർക്കും ഹിന്ദി അറിയില്ല. അവരുടെ പ്രാദേശിക ഭാഷയാണ് സംസാരിക്കുന്നത്. ഇതിനാൽ റെയിൽവേയിലെ മറ്റ് ഉദ്യോഗസ്ഥരുടെ സഹായം തേടിയാണ് കാര്യങ്ങൾ മനസിലാക്കുന്നത്. ഒറീസ, ബീഹാർ, വെസ്റ്റ് ബംഗാൾ, ആന്ധ്രാപ്രദേശ്, വിശാഖപട്ടണം എന്നിവിടങ്ങളിൽ നിന്നാണ് കഞ്ചാവും ഹെറോയിനും എത്തുന്നത്. ഇവിടെ വ്യാപകമായി കൃഷി നടക്കുന്നുണ്ട്. ബംഗളൂരു, ഡൽഹി എന്നിവിടങ്ങളിൽ നിന്നാണ് എം.ഡി.എം.എ എത്തുന്നത്.
പിടിച്ച രാസലഹരി
(2023 - 2025 ഫെബ്രുവരി വരെ)
കഞ്ചാവ്- 1,303.442 കിലോ,കേസ്- 212, അറസ്റ്റ്-111, വില- 5,73,62,316 രൂപ
എം.ഡി.എം.എ- 2.408 കിലോ, കേസ്-7, അറസ്റ്റ്- 8, വില- 19,96,471
ബ്രൗൺ ഷുഗർ- 0.585 ഗ്രാം, കേസ്-2, അറസ്റ്റ്- 2, വില- 5,490
ബ്യൂപ്രിനോഫിൻ ഗുളിക- 3.87 ഗ്രാം, കേസ്-1, അറസ്റ്റ്- 1, വില-3,168
മെറ്റാഫെറ്റമിൻ ഗുളിക- 0.382 ഗ്രാം, കേസ്-1, അറസ്റ്റ്-1, വില- 3,82,620
ഹെറോയിൻ- 0.91 ഗ്രാം- കേസ്- 3, അറസ്റ്റ്- 2, വില- 3,05,100
ഹാഷിഷ് ഓയിൽ- 0.73 ഗ്രാം- കേസ്- 2, അറസ്റ്റ്-1, വില- 52,40,000
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |