മിക്ക വീടുകളിലും ഹോട്ടലുകളിലുമൊക്കെ ബാത്ത്റൂമിലെ ചുമരിൽ കണ്ണാടിയുണ്ടാകാറുണ്ട്. പലപ്പോഴും വാഷ്‌ബേസിനോട് ചേർന്നായിരിക്കും കണ്ണാടി സ്ഥാപിച്ചിട്ടുണ്ടാകുക. ഇംഗ്ലണ്ടിലെ സ്‌കൂൾ ടോയ്‌ലറ്റുകളിലെ ചുമരുകളിലും ഇത്തരത്തിൽ കണ്ണാടി വച്ചിട്ടുണ്ട്. എന്നാൽ ഇതൊക്കെ അവിടെ നിന്ന് നീക്കം ചെയ്യാനാണ് അധികൃതരുടെ തീരുമാനം.
ലിങ്കൺസ് വെൽട്ടണിലുള്ള വില്യം ഫാർ കോംപ്രിഹെൻസീവ് സ്‌കൂൾ ഇതിനോടകം തന്നെ ടോയ്‌ലറ്റ് ചുമരുകളിൽ നിന്ന് കണ്ണാടികളെല്ലാം നീക്കം ചെയ്തുകഴിഞ്ഞു. എന്താണ് അധികൃതരുടെ ഈ തീരുമാനത്തിന് കാരണം?
ഇത്തരത്തിലുള്ള കണ്ണാടികൾ ചില വിദ്യാർത്ഥികളിൽ അസ്വസ്ഥത സൃഷ്ടിക്കുന്നുണ്ടെന്നും കൃത്യനിഷ്ഠയെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്നും അധികൃതർ പറയുന്നു. ഈ നീക്കത്തിന് തൊട്ടുപിന്നാലെ, കണ്ണാടികൾ തിരികെ സ്ഥാപിക്കണമെന്ന് ആവശ്യപ്പെടുന്ന ചില സന്ദേശങ്ങൾ അധികൃതരെ തേടിയെത്തി.പലരും ഇതിനെ വിഡ്ഢിത്തം എന്നാണ് വിശേഷിപ്പിച്ചത്.
സ്‌കൂൾ ടോയ്‌ലറ്റുകളിലെ കണ്ണാടി നിരോധനം
പലപ്പോഴും കുട്ടികൾ ഗ്രൂപ്പുകളായി തിരിഞ്ഞ് ടോയ്‌ലറ്റിന്റെ പരിസരത്ത് വരുന്നു. തുടർന്ന് കണ്ണാടികൾക്ക് മുന്നിൽ കൂടുതൽ സമയം ചെലവഴിക്കുന്നു. ഇതാണ് ഇത്തരമൊരു നിയന്ത്രണമേർപ്പെടുത്താൻ കാരണമെന്ന് വെൽട്ടൺ സെക്കൻഡറി സ്‌കൂളിലെ അധികൃതർ പറഞ്ഞു.
ഇത്തരത്തിൽ കണ്ണാടിയുടെ മുന്നിൽ കൂടുതൽ സമയം ചെലവഴിക്കുന്നത് കുട്ടികളുടെ ഏകാഗ്രതയേയും സമനിഷ്ഠയേയും ബാധിച്ചേക്കാമെന്ന് പ്രധാനാദ്ധ്യാപകനായ ഗ്രാന്റ് എഡ്ഗർ അവകാശപ്പെട്ടു. 'ടോയ്‌ലറ്റുകൾ ഒത്തുചേരാനുള്ള കേന്ദ്രമായി ഉപയോഗിച്ചു. കണ്ണാടി നോക്കാൻ തിക്കും തിരക്കുമായി. ടോയ്ലറ്റ് ബ്ലോക്കുകളിലെ നീണ്ട ക്യൂകൾ മൂലം ക്ലാസ് വരെ വൈകി. ഓരോ ക്ലാസും ആസൂത്രണം ചെയ്തതിനേക്കാൾ രണ്ട് മിനിറ്റ് വൈകി ആരംഭിച്ചാൽ അദ്ധ്യയന വർഷത്തിൽ 6.4 ദിവസത്തെ പഠനം നഷ്ടപ്പെടും. സുരക്ഷിതമായ അന്തരീക്ഷം ഒരുക്കാൻ വേണ്ടിയാണ് കണ്ണാടി നീക്കിയത്.
ചില വിദ്യാർത്ഥികൾക്ക് കണ്ണാടി നോക്കേണ്ടത് അത്യാവശ്യമായി വന്നേക്കാം. കണ്ണിൽ വച്ചിരിക്കുന്ന ലെൻസ് മാറ്റിവയ്‌ക്കേണ്ടിയും വന്നേക്കാം. ഇത്തരം സന്ദർഭങ്ങളിൽ സ്‌കൂൾ റിസപ്ഷനിൽ നിന്നും ഞങ്ങളുടെ മെഡിക്കൽ ഏരിയയിൽ നിന്നും കണ്ണാടി ഉപയോഗിക്കാം. രാജ്യത്തുടനീളമുള്ള പല സ്‌കൂളുകളും ഈ നടപടി സ്വീകരിച്ചിട്ടുണ്ട്.'- അധികൃതർ വ്യക്തമാക്കി.
രക്ഷിതാക്കളുടെ പ്രതികരണം
സ്‌കൂളുകളിലെ ടോയ്‌ലറ്റുകളിൽ നിന്ന് കണ്ണാടി നീക്കം ചെയ്ത് തെറ്റായിപ്പോയെന്നാണ് പല അമ്മമാരുടെയും നിലപാട്. ഇതൊക്കെ അസംബന്ധമാണെന്നും കണ്ണാടിയും പഠിപ്പും തമ്മിൽ എന്താണ് ബന്ധമെന്നുമൊക്കെ ചോദിക്കുന്നവരേറെയാണ്. 'അവ വെറും കണ്ണാടികൾ മാത്രമാണ്, അല്ലേ? നമ്മുടെ വീട്ടിൽ കണ്ണാടികളുണ്ട്, എന്തുകൊണ്ട് നമുക്ക് അവ സ്‌കൂളിൽ വച്ചുകൂടാ?'എന്നാണ് ഒരു രക്ഷിതാവ് ചോദിക്കുന്നത്.
മുമ്പും സമാന സംഭവങ്ങൾ
ഇത്തരമൊരു നടപടിയിലേക്ക് കടന്ന ആദ്യ രാജ്യമല്ല ഇംഗ്ലണ്ട്. അമേരിക്കയിലെ നോർത്ത് കരോലിനയിലെ ഒരു സ്‌കൂൾ 2024 ജനുവരിയിൽ ടോയ്ലറ്റ് കണ്ണാടികൾ നീക്കം ചെയ്തിരുന്നു. വിദ്യാർത്ഥികൾ ടോയ്ലറ്റ് മുറികളിൽ കണ്ണാടിയിൽ നോക്കി ടിക് ടോക്ക് വീഡിയോയെടുത്ത് സമയം കളയുന്നെന്ന് പറഞ്ഞായിരുന്നു ഇത്.
2023ൽ ന്യൂ ഇംഗ്ലണ്ടിലെ വോർസെസ്റ്ററിലുള്ള ക്രിസ്റ്റഫർ വൈറ്റ്‌ഹെഡ് ലാംഗ്വേജ് കോളേജ് പെൺകുട്ടികളുടെ ടോയ്‌ലറ്റുകളിലെ കണ്ണാടികൾ മാറ്റിയിരുന്നു. മേക്കപ്പ് 'ഹാനികരമായ മയക്കുമരുന്ന്' എന്നെ വിശേഷിപ്പിച്ചുകൊണ്ടായിരുന്നു നടപടി. എതിർപ്പ് ഉയർന്നതോടെ കോളേജ് അധികൃതർ തീരുമാനം മാറ്റിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |