കരിക്കെ: വീടിന് സമീപം സൂക്ഷിച്ച 11 ചാക്ക് അടയ്ക്ക മോഷ്ടിച്ച കള്ളനെ കുടുക്കാൻ മീശമാധവൻ സിനിമ രീതിയിൽ വീട്ടുകാർ കെണിയൊരുക്കി. ഇതൊന്നും അറിയാതെ മോഷ്ടിക്കാനെത്തിയ കള്ളൻ വീട്ടുടമയുടെ വെടിയേറ്റ് മരിച്ചു. കേരള അതിർത്തിയോട് ചേർന്ന് കർണാടക കരിക്കെ പഞ്ചായത്തിലെ കുണ്ടൂത്തിക്കാനത്തെ ഡി.സി ഗണേഷനാണ് (40) എള്ളുക്കൊച്ചിയിലെ ഹൊന്നണ്ണയുടെ(65) വെടിയേറ്റ് മരിച്ചത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.
ഹൊന്നണ്ണയും ഭാര്യയും മാത്രമാണ് ഈ വീട്ടിലുണ്ടായിരുന്നത്. മോഷണം പതിവായതോടെ വൃദ്ധദമ്പതികൾ ബംഗളൂരിൽ താമസിക്കുന്ന മകൻ ഇന്ദുധരനെ വിളിച്ച് വരുത്തി. തുടർന്ന് കള്ളനെ പിടിക്കാനുള്ള വഴി ആലോചിച്ചു. ദിലീപ് നായകനായ മീശമാധവൻ എന്ന ചിത്രത്തെ ഓർമ്മിപ്പിക്കുന്ന രീതിയിലുള്ള കെണിയാണ് ആലോചനയ്ക്കൊടുവിൽ ഇവർ ഒരുക്കിയത്.
വീടിനടുത്തായുള്ള ഒറ്റമുറി ഷെഡിലാണ് അടക്ക ചാക്കുകൾ സൂക്ഷിക്കുന്നത്. ഈ മുറിയുടെ വാതിലിൽ കയർ കെട്ടി മറ്റേയറ്റം അടുക്കളയിലെ ചെറിയ അലൂമിനിയപ്പാത്രവുമായി ബന്ധിപ്പിച്ചു. അടയ്ക്ക സൂക്ഷിച്ച മുറിയുടെ വാതിൽ തുറക്കുമ്പോൾ അടുക്കളയിലെ ആലൂമിനിയ പാത്രത്തിൽ തട്ടുകയും അത് ശബ്ദത്തോടെ നിലത്ത് വീഴുകയും ചെയ്യും. അങ്ങനെ വരുമ്പോൾ ശബ്ദം കേട്ടയുടൻ പുറത്തിറങ്ങി കള്ളനെ പിടിക്കുകയും ചെയ്യാം.
ഇത്തരത്തിൽ വ്യാഴാഴ്ച രാത്രി കള്ളൻ വാതിൽ തുറന്നതും പാത്രം വീഴുന്ന ശബ്ദം കേട്ട് വീട്ടുകാർ ഉണർന്നുവാതിൽ തുറന്ന് പുറത്തെത്തി. അടയ്ക്ക ചാക്ക് നിലത്തിട്ട് കൈയ്യിലുള്ള കത്തി ചൂണ്ടി രക്ഷപ്പെടാൻ ശ്രമിച്ച ഗണേഷനുനേരെ ഹോന്നണ്ണ വീട്ടിൽ സൂക്ഷിക്കുന്ന തോക്കുപയോഗിച്ച് വെടിയുതിർത്തു. ഉടൻ പൊലീസിനെ വിവരമറിയിച്ചു. പൊലീസ് സ്ഥലത്തെത്തുമ്പോഴേക്ക് മരണം സംഭവിച്ചിരുന്നു. ഇയാൾ സ്ഥിരം മോഷ്ടാവാണ്.