ഈ വർഷം മാർച്ച് മാസത്തിൽ അസാധാരണമായ ചൂടാണ് അനുഭവപ്പെടുന്നത്. മുൻ വർഷങ്ങളെ അപേക്ഷിച്ച് ജനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പും നൽകി. കഴിഞ്ഞ 124 വർഷങ്ങളിലെ ഫെബ്രുവരി മാസത്തെ അപേക്ഷിച്ച് ഏറ്റവും ഉയർന്ന ചൂടാണ് ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ അനുഭവപ്പെട്ടത്. ഇങ്ങനെ അസാധാരണമായി ഉണ്ടാകുന്ന കാലാവസ്ഥാ വ്യതിയാനം അരി, ഗോതമ്പ് ഉൽപ്പാദനത്തെ സാരമായി ബാധിക്കുമെന്നാണ് കണ്ടെത്തൽ.
കാലാവസ്ഥാ വ്യതിയാനം കാരണം അരിയുടെയും ഗോതമ്പിന്റെയും ഉൽപ്പാദനം ആറ് മുതൽ പത്ത് ശതമാനം വരെ കുറയാൻ സാദ്ധ്യതയുണ്ടെന്നാണ് ഭൗമ ശാസ്ത്ര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ പറയുന്നത്. 2023 -24 കാലയളവിൽ 113.29 ദശലക്ഷം ടൺ ഗോതമ്പും 137 ദശലക്ഷം ടൺ അരിയും വിളവെടുത്തു. 1.4 ബില്യൺ ജനസംഖ്യയുള്ള നമ്മുടെ രാജ്യത്ത് 80 ശതമാനം ജനങ്ങളും സർക്കാർ സബ്‌സിഡിയായി നൽകുന്ന ധാന്യത്തെ ആശ്രയിച്ച് ജീവിക്കുന്നവരാണ്.
1901 മുതൽ ഇന്ത്യയുടെ ശരാശരി താപനില വർദ്ധനവ് 0.7 ഡിഗ്രി സെൽഷ്യസാണ്. എന്നാൽ, 2024ൽ റെക്കോർഡ് പിന്നിട്ടായിരുന്നു താപനില വർദ്ധനവുണ്ടായത്. 0.90 ഡിഗ്രി സെൽഷ്യസാണ് ഇത്തവണ കൂടിയത്.
ചൂട് വിളവെടുപ്പിനെ എങ്ങനെ ബാധിക്കുന്നു
വടക്കുപടിഞ്ഞാറൻ ഇന്ത്യയിലേക്ക് ശൈത്യകാല മഴ കൊണ്ടുവരുന്ന കാലാവസ്ഥാ സംവിധാനങ്ങൾ ഉൾപ്പെടെ തകരാറിലാവാൻ കാരണം ആഗോളതാപനമാണ്. ഇക്കാരണത്താൽ ഹിമാലയൻ മേഖലയിലും ചുറ്റുമുള്ള സമതലങ്ങളിലും താമസിക്കുന്ന കോടിക്കണക്കിന് ആളുകൾക്ക് കടുത്ത ജലക്ഷാമം ഉണ്ടാക്കാൻ സാദ്ധ്യതയുണ്ടെന്ന് ഭൗമ ശാസ്ത്ര മന്ത്രാലയം സെക്രട്ടറി എം രവിചന്ദ്രൻ പറഞ്ഞു.
നാഷണൽ ഇന്നൊവേഷൻസ് ഇൻ ക്ലൈമറ്റ് റെസിലന്റ് അഗ്രികൾച്ചറിന്റെ ഡാറ്റ പ്രകാരം, 2100 ആകുമ്പോഴേക്കും ഗോതമ്പ് വിളവ് ആറ് മുതൽ 25 ശതമാനം വരെ കുറയും. അരി വിളവ് 2050 ആകുമ്പോൾ ഏഴ് ശതമാനം കുറയും. 2080 ആകുമ്പോഴേക്കും പത്ത് ശതമാനം കുറയും. വർദ്ധിച്ചുവരുന്ന ആഗോളതാപനം മൂലമുണ്ടാകുന്ന താപ സമ്മർദ്ദം ഗോതമ്പിന്റെ വളർച്ചയെ ഗണ്യമായി ബാധിക്കുന്നു. ഇത് ധാന്യ ഉൽപ്പാദനത്തിലും ഗുണനിലവാരത്തിലും കുറവുണ്ടാക്കുന്നുവെന്ന് 2022ൽ ഇന്റർനാഷണൽ ജേണൽ ഓഫ് മോളിക്യുലാർ സയൻസസിൽ പ്രസിദ്ധീകരിച്ച ഒരു പഠന റിപ്പോർട്ടിൽ പറഞ്ഞിട്ടുണ്ട്.
മാത്രമല്ല, കടലിൽ താപനില ഉയരുന്നത് കാരണം മത്സ്യങ്ങൾ തണുത്ത വെള്ളമുള്ള പ്രദേശങ്ങളിലോ കടലിന്റെ ആഴങ്ങളിലേക്കോ പോകാൻ സാദ്ധ്യതയുണ്ട്. ഇത് തീരദേശ മത്സ്യബന്ധനത്തെ ആശ്രയിച്ച് ജീവിക്കുന്നവരെ സാരമായി ബാധിക്കും. മാത്രമല്ല, ഹിമാലയത്തിലെ മഞ്ഞ് ഉരുകുന്നത് വലിയ ജലക്ഷാമത്തിലേക്ക് നയിക്കും.
യഥാർത്ഥ പ്രശ്‌നം
2024ൽ പൂനെയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കൽ മെറ്റീരിയോളജി നടത്തിയ പഠനമനുസരിച്ച്, ഇന്ത്യൻ മഹാസമുദ്രത്തിൽ ചൂട് കൂടുന്നത് ഇങ്ങനെ തുടർന്നാൽ ഇതൊരു സ്ഥിരമായ പ്രതിഭാസമായി മാറുമെന്നാണ്. ഇത് ഇന്ത്യയുടെ കാർഷിക മേഖല ആശ്രയിച്ചിരിക്കുന്ന മൺസൂണിനെ മാറ്റിമറിക്കും. വേനൽക്കാല വിളകൾ വൈകി വളർച്ച പൂർത്തിയാകും. ഇതോടെ റാബി സീസണിൽ വളർത്തേണ്ട വിളകൾ നടാൻ വൈകും.
ഗോതമ്പ് ഒരു റാബി വിളയാണ്. ഗോതമ്പ് വളർച്ചയ്‌ക്ക് മൂന്ന് ഘട്ടങ്ങളുണ്ട്. വിതയ്‌ക്കാൻ വൈകിയാൽ സസ്യങ്ങളുടെ അവസാനഘട്ട വളർച്ച കൊടും വേനലിലാകും. ഇത് ഗോതമ്പിൽ പ്രോട്ടീനിന്റെ അളവ് വർദ്ധിക്കാനും സ്റ്റാർച്ചിന്റെ അളവ് കുറയാനും കാരണമാകുന്നു. ധാന്യത്തിന്റെ കാഠിന്യം കൂടും. ധാന്യത്തിന്റെ ഭാരവും ഗുണനിലവാര പ്രശ്‌നങ്ങളും കാരണം കർഷകർക്ക് കുറഞ്ഞ വിപണിവില നേരിടേണ്ടി വന്നേക്കാം.
ഉഷ്‌ണ സമ്മർദ്ദത്തിന്റെ ആഘാതം എങ്ങനെ കുറയ്‌ക്കാം
വളങ്ങൾ, കീട നിയന്ത്രണം തുടങ്ങിയ മാർഗങ്ങൾ കൃത്യമായി ചെയ്യണം. ഉഷ്ണതരംഗങ്ങൾ കാണാൻ സാധ്യതയുള്ള പ്രദേശങ്ങളിൽ വിളകൾ നേരത്തേ വിതയ്‌ക്കണം. ശാസ്ത്രീയ ഗവേഷണം, സാമ്പത്തിക സഹായം, സാങ്കേതിക പരിഹാരം, കർഷക വിദ്യാഭ്യാസം എന്നിവ സംയോജിപ്പിക്കുന്നതിലൂടെ വർദ്ധിച്ചുവരുന്ന ചൂടിൽ നിന്നും വിളകളെ സംരക്ഷിക്കാൻ കഴിയും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |