കുളത്തൂർ: ഇൻഫോസിസിന് സമീപം വീട്ടിലെ കാർ ഷെഡിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾ കത്തിനശിച്ചു. കുളത്തൂർ കോരാളംകുഴി ഗീതുഭവനിൽ രാകേഷിന്റെ വീട്ടിലെ ഇന്നോവ ക്രിസ്റ്റ കാറും ഒരു ബുള്ളറ്റും രണ്ട് ആക്ടീവ സ്കൂട്ടറും ഒരു സൈക്കിളുമാണ് പൂർണമായി കത്തിനശിച്ചത്. ചൊവ്വാഴ്ച പുലർച്ചെ 2ഓടെയാണ് സംഭവം. പൊട്ടിത്തെറി ശബ്ദം കേട്ട് വീട്ടുകാർ ഉണർന്ന് നോക്കുമ്പോഴാണ് തീ ആളിപ്പടരുന്നത് കണ്ടത്. ഇന്നോവ കാറിനോട് ചേർന്നു കിടന്ന മറ്റൊരു കാർ തീ പടരാതെ വീട്ടുകാർ പുറത്തേക്കുമാറ്റി. കഴക്കൂട്ടം ഫയർഫോഴ്സും തുമ്പ പൊലീസും സ്ഥലത്തെത്തി തീയണച്ചു. പുറത്തെ റാേഡിൽ നിന്നാരെങ്കിലും തീയിട്ടതാകാമെന്നാണ് പൊലീസ് നിഗമനം. സമീപത്തെ സിസി.ടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരുന്നു. സംഭവത്തിൽ തുമ്പ പൊലീസ് കേസെടുത്തു.
അതേസമയം,രക്ഷാപ്രവർത്തനത്തിനിടെ വെള്ളം തീർന്ന ഫയർഫോഴ്സിന് അടുത്തുള്ള യു.എസ്.ടി കമ്പനി വെള്ളം നൽകിയില്ലെന്ന് ആരോപണം. യു.എസ്.ടിക്കു മുന്നിലെ വലിയ കുളത്തിൽ നിന്ന് വെള്ളമെടുക്കുന്നതിനെ അധികൃതർ തടഞ്ഞുവെന്നാണ് ആരോപണം. സംഭവത്തിന്റെ പ്രാധാന്യം എത്ര വിവരിച്ചിട്ടും വെള്ളം നൽകുന്നതിനോ ഗേറ്റ് തുറക്കുന്നതിനോ അധികൃതർ തയാറായില്ലെന്നാണ് ആരോപണം. തുടർന്ന് അടുത്തുള്ള ഇൻഫോസിസിന്റെ കെട്ടിടത്തിൽ കയറിയാണ് സേന വെള്ളം നിറച്ചതെന്നും കഴക്കൂട്ടം ഫയർ സ്റ്റേഷൻ ഓഫീസർ ജിഷാദ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |