മനില : ഫിലിപ്പീൻസ് മുൻ പ്രസിഡന്റ് റൊഡ്രിഗോ ഡുറ്റർട്ടെ (79) അറസ്റ്റിൽ. മയക്കു മരുന്നിനെതിരായ പോരാട്ടത്തിന്റെ പേരിൽ ആയിരക്കണക്കിന് പൗരന്മാരെ കൊലപ്പെടുത്തിയതിലെ പങ്ക് ആരോപിച്ചാണ് നടപടി. റൊഡ്രിഗോയ്ക്കെതിരെ അന്താരാഷ്ട്ര ക്രിമിനൽ കോടതി (ഐ.സി.സി) വാറണ്ട് പുറപ്പെടുവിച്ചതിന് പിന്നാലെയാണ് അറസ്റ്റ്.
ഹോങ്കോങ്ങ് സന്ദർശനത്തിന് ശേഷം ഇന്നലെ രാവിലെ മനില എയർപോർട്ടിൽ എത്തിയ ഉടൻ പൊലീസ് ഇദ്ദേഹത്തെ പിടികൂടുകയായിരുന്നു. കസ്‌റ്റഡിയിലുള്ള റൊഡ്രിഗോയുമായി പൊലീസ് സംഘം മണിക്കൂറുകൾക്കകം ഐ.സി.സിയുടെ ആസ്ഥാനമായ നെതർലൻഡ്സിലെ ഹേഗിലേക്ക് പുറപ്പെട്ടു.
2016 മുതൽ 2022 വരെ റൊഡ്രിഗോ പ്രസിഡന്റായിരിക്കെ മയക്കുമരുന്ന് കേസിൽ സംശയിക്കപ്പെട്ട 6000ത്തിലേറെ പേരെ പൊലീസും അജ്ഞാത ആയുധധാരികളും വെടിവച്ചു കൊന്നെന്നാണ് റിപ്പോർട്ട്. താൻ കുറ്റംചെയ്തിട്ടുണ്ടെങ്കിൽ ഫിലിപ്പീൻസ് കോടതിയിൽ തന്നെ പ്രോസിക്യൂട്ട് ചെയ്യണമെന്നും സ്വന്തം രാജ്യത്തെ ജയിലിൽ പോകാൻ തയ്യാറാണെന്നും ആരോപണങ്ങൾ നിഷേധിച്ച് റൊഡ്രിഗോ മുമ്പ് പ്രതികരിച്ചിരുന്നു.
റൊഡ്രിഗോ 2019ൽ ഐ.സി.സിയിൽ നിന്ന് ഫിലിപ്പീൻസിന്റെ അംഗത്വം പിൻവലിച്ചിരുന്നു. അതിനാൽ അറസ്റ്റ് ചെയ്യാൻ കോടതിക്ക് അധികാരമില്ലെന്ന് റൊഡ്രിഗോയുടെ അനുയായികൾ പറയുന്നു. എന്നാൽ, അംഗത്വം പിൻവലിക്കുന്നതിന് മുമ്പ് നടന്നതായി ആരോപിക്കപ്പെടുന്ന കുറ്റകൃത്യങ്ങളിൽ ഇപ്പോഴും അധികാരമുണ്ടെന്നാണ് ഐ.സി.സിയുടെ നിലപാട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |