ഇന്ത്യയിൽ വീണ്ടും ഇന്റർനെറ്റ് വിപ്ലവത്തിന് തുടക്കം കുറിക്കുന്ന പ്രഖ്യാപനമായിരുന്നു ഭാരതി എയർടെല്ലുമായി ചേർന്ന് രാജ്യത്ത് ഉപഗ്രഹ ഇന്റർനെറ്റ് സേവനങ്ങൾ ലഭ്യമാക്കുന്ന സ്‌പേസ് എക്സ് പദ്ധതി. ഇന്ത്യയിലെ അതിവിദൂര ഗ്രാമങ്ങളിൽ മികച്ച കണക്ടിവിറ്റി ഉറപ്പാക്കാൻ സാഹചര്യമൊരുക്കുന്നതായിരുന്നു പദ്ധതി. എയർടെല്ലുമായി സ്റ്റാർലിങ്ക് കൈകോർത്തതോടെ വികസനമെത്താത്ത ഉൾനാടൻ ഗ്രാമങ്ങളിലെ സ്‌കൂളുകളിലും ആരോഗ്യ കേന്ദ്രങ്ങളിലും വിദൂര സമൂഹങ്ങൾക്കും ഇന്റർനെറ്റ് സേവനങ്ങൾ ലഭ്യമാക്കി ജീവിത നിലവാരം ഉയർത്താൻ സാങ്കേതികവിദ്യ സഹായമാകുമെന്നാണ് കരുതുന്നത്.
എയർടെല്ലുമായി സ്റ്റാർലിങ്ക് കൈകോർക്കുമെന്ന വാർത്ത പുറത്തുവന്ന് ദിവസങ്ങൾക്ക് ശേഷം ജിയോയും അതേ പാത പിന്തുടരാൻ ഒരുങ്ങിയിരിക്കുകയാണ്. ഇന്ത്യയിലെ ഉപഭോക്താക്കൾക്ക് സ്റ്റാർലിങ്കിന്റെ അതിവേഗ ഇന്റർനെറ്റ് സേവനങ്ങൾ നൽകുന്നതിനായി റിലയൻസിന്റെ ഉടമസ്ഥതയിലുള്ള ജിയോ പ്ലാറ്റ്‌ഫോംസ് (ജെപിഎൽ) ഇലോൺ മസ്‌കിന്റെ സ്‌പേസ് എക്സുമായി സഹകരിക്കുന്നു എന്നാണ് കമ്പനി ഔദ്യോഗികമായി പുറത്തുവിട്ട വാർത്താക്കുറിപ്പിൽ അറിയിച്ചിരിക്കുന്നത്. ജിയോയുടെ പുതിയ നീക്കം ഇന്ത്യയിലെ ഉപയോക്താക്കൾക്ക് ഏതൊക്കെ തരത്തിൽ ഗുണം ചെയ്യുമെന്ന സംശയമാണ് എല്ലാവരിലുമുള്ളത്. എന്താണ് സ്റ്റാർലിങ്ക്? ജിയോയുമായി ചേരുമ്പോൾ ഈ സേവനങ്ങൾ ഇന്ത്യയിൽ എങ്ങനെ ഉപയോഗിക്കാം? പരിശോധിക്കാം.
എന്താണ് ജിയോ സ്റ്റാർ ലിങ്ക് കരാർ?
സ്റ്റാർലിങ്കിന് ജിയോയുടെ ഓഫറുകൾ എങ്ങനെ വിപുലീകരിക്കാൻ കഴിയും, ഉപഭോക്താക്കൾക്ക് സ്‌പേസ് എക്സിന്റെ സേവനങ്ങൾ എങ്ങനെ ജിയോ വഴി ഉപയോഗിക്കാൻ കഴിയും എന്നതിലാണ് ഇരു കമ്പനികളും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. സ്റ്റാർലിങ്കിന്റെ സേവനങ്ങൾ ജിയോയുടെ ഓഫ്‌ലൈൻ, ഓൺലൈൻ സ്‌റ്റോറുകൾ വഴി ഉപയോക്താക്കൾക്ക് ലഭിക്കും.
ഡാറ്റാ ട്രാഫിക്കിന്റെ കാര്യത്തിൽ ലോകത്തിലെ ഏറ്റവും വലിയ മൊബൈൽ ഓപ്പറേറ്റർ എന്ന നിലയിലുള്ള ജിയോയുടെ സ്ഥാനവും ലോകത്തിലെ മുൻനിര ലോ എർത്ത് ഓർബിറ്റ് സാറ്റലൈറ്റ് കോൺസ്റ്റലേഷൻ ഓപ്പറേറ്റർ എന്ന നിലയിലുള്ള സ്റ്റാർലിങ്കിന്റെ സ്ഥാനവും ഉപയോഗപ്പെടുത്തി ഇന്ത്യയിലെ ഗ്രാമപ്രദേശങ്ങളിലേക്കും വിദൂര പ്രദേശങ്ങളിലേക്കും ഇന്റർനെറ്റ് സേവനം വ്യാപിപ്പിക്കാൻ കഴിയുമെന്ന് കമ്പനി പ്രതീക്ഷിക്കുന്നു. കരാർ പ്രകാരം സ്റ്റാർലിങ്കിന്റെ ഉപകരണങ്ങൾ ജിയോ വഴി ലഭ്യമാക്കും. ജിയോയുടെ നേതൃത്വത്തിലായിരിക്കും ആക്ടിവേഷനും മറ്റ് സർവീസുകളും ലഭ്യമാക്കുക.
ഇന്ത്യയിലെ ഉപയോക്താക്കൾക്ക് എങ്ങനെ ഗുണകരമാകും?
സ്‌പേസ് എക്സുമായുള്ള കരാറിൽ ഇന്ത്യയിലുടനീളമുള്ള എല്ലാ സംരംഭങ്ങൾക്കും, ചെറുകിട, ഇടത്തരം ബിസിനസുകൾക്കും, സമൂഹങ്ങൾക്കും വിശ്വസനീയമായ ഇന്റർനെറ്റ് പൂർണ്ണമായും ആക്സസ് ചെയ്യാൻ കഴിയുന്നുണ്ടെന്ന് ഉറപ്പാക്കുമെന്ന് ജിയോ അറിയിച്ചിട്ടുണ്ട്.
ഏറ്റവും വെല്ലുവിളി നിറഞ്ഞ സ്ഥലങ്ങളിൽ വേഗത്തിലും താങ്ങാനാവുന്ന നിരക്കിലും സേവനങ്ങൾ എത്തിക്കുന്നതിന് സ്റ്റാർലിങ്കിന്റെ അതിവേഗ ഇന്റർനെറ്റ് ജിയോഎയർ ഫൈബറിനെയും ജിയോ ഫൈബറിനെയും പൂരകമാക്കും.
ഇന്ത്യയിൽ താമസിക്കുന്ന ഏതൊരു പൗരനും, എവിടെയാണ് താമസിക്കുന്നത് പോലും നോക്കാതെ ഹൈസ്പീഡ് ഇന്റർനെറ്റ് സേവനം ലഭ്യമാക്കാനുള്ള പ്രതിബദ്ധത കമ്പനിയ്ക്കുണ്ടെന്ന് റിലയൻസ് ജിയോ ഗ്രൂപ്പ് സിഇഒ മാത്യു ഉമ്മൻ അറിയിച്ചു.
കൂടുതൽ ആളുകൾക്കും സ്ഥാപനങ്ങൾക്കും ബിസിനസുകൾക്കും സ്റ്റാർലിങ്കിന്റെ അതിവേഗ ഇന്റർനെറ്റ് സേവനങ്ങൾ ലഭ്യമാക്കുന്നതിന് സർക്കാരിൽ നിന്ന് അനുമതി ലഭിക്കുന്നതിനായി ജിയോയുമായി സഹകരിച്ച് പ്രവർത്തിക്കാൻ കമ്പനി ആഗ്രഹിക്കുന്നുവെന്ന് സ്‌പേസ് എക്സിന്റെ പ്രസിഡന്റും സിഒഒയുമായ ഗ്വിൻ ഷോട്ട്‌വെൽ പറഞ്ഞു.
എന്താണ് സ്റ്റാർലിങ്ക്?
കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് പറയുന്നത് അനുസരിച്ച് ലോകത്തിലെ ആദ്യത്തെ സാറ്റ്‌ലൈറ്റ് ഇന്റർനെറ്റ് പ്രൊവൈഡറാണ് സ്റ്റാർലിങ്ക്. ലോ എർത്ത് ഓർബിറ്റിന്റെ സഹായത്തലാണ് വൈ-ഫൈ ഇന്റർനെറ്റ് സേവനങ്ങൾ ലഭ്യമാക്കുന്നത്. ഓൺലൈൻ സ്ട്രീമിംഗ്, ഗെയിമിംഗ്, വീഡിയോ കോളിംഗ് എന്നിങ്ങനെയുള്ള എല്ലാ സേവനങ്ങളും സ്റ്റാർലിങ്ക് സേവനങ്ങൾ വഴി ലഭ്യമാകും. ശതകോടീശ്വരൻ ഇലോൺ മസ്‌കിന്റെ സ്‌പേസ് ടെക്ക് സ്റ്റാർട്ടപ്പായ സ്‌പേസ് എക്സ് ആണ് സ്റ്റാർലിങ്കിന്റെ ഉടമസ്ഥർ. ഇന്ത്യയിലെ ടെലക്കോം അതോറിറ്റിയുടെ അന്തിമ അനുമതി ലഭിച്ചാൽ മാത്രമാണ് ഇന്ത്യയിലെ പ്രവർത്തനം സ്റ്റാർലിങ്ക് ആരംഭിക്കും.
നൂറോളം രാജ്യങ്ങളിൽ
യുഎസിന് പുറമെ നൂറോളം രാജ്യങ്ങളിൽ സ്റ്റാർലിങ്ക് സാറ്റ്‌ലൈറ്റ് സേവനം ലഭ്യമാണ്. പരമ്പരാഗത മൊബൈൽ ടവറുകൾക്കും ഫൈബർ നെറ്റ്‌വർക്കുകളും ലഭ്യമാകാത്ത സ്ഥലങ്ങളിൽ പോലും ഇന്റർനെറ്റ് സേവനം ലഭ്യമാക്കാൻ സ്റ്റാർ ലിങ്കിന് സാധിക്കും. ഇന്ത്യയുടെ തൊട്ടടുത്തുള്ള ഭൂട്ടാനിൽ ഇതിനോടകം തന്നെ സ്റ്റാർലിങ്ക് പ്രവർത്തനം ആരംഭിച്ചു. പാകിസ്ഥാൻ, ശ്രീലങ്ക, നേപ്പൾ തുടങ്ങിയ രാജ്യങ്ങളിലേക്ക് സ്റ്റാർലിങ്ക് പ്രവർത്തനങ്ങൾ വ്യാപിപ്പിക്കാനുള്ള ശ്രമങ്ങൾ നടത്തുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |