മരട്: പ്ലാസ്റ്റിക് മാലിന്യങ്ങളാൽ പരിസ്ഥിതിക്ക് സംഭവിക്കാവുന്ന ദോഷവശങ്ങളെ സംബന്ധിച്ചും പ്ലാസ്റ്റിക്കിന്റെയും പുനരുപയോഗ പ്രദമല്ലാത്ത സാധനങ്ങളുടെയും ഉപയോഗം പരമാവധി കുറച്ചുകൊണ്ടുവരുന്നതിന്റെ ആവശ്യകതയെ സംബന്ധിച്ചുള്ള തീംമാറ്റിക് സ്റ്റിൽ മോഡൽ മരട് നഗരസഭ പ്രദർശിപ്പിച്ചു. നഗരസഭ കോമ്പൗണ്ടിലും കുണ്ടന്നൂർ ജംഗ്ഷനിലുമാണ് ഇവ സ്ഥാപിച്ചിരിക്കുന്നത്. പൊതുജനങ്ങൾ വഴിയോരത്ത് ഉപേക്ഷിച്ച പ്ലാസ്റ്റിക് ബോട്ടിലുകൾ ശേഖരിച്ചാണ് ഇവ നിർമ്മിച്ചിരിക്കുന്നത്. നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ കണ്ടിൻജന്റ് ജീവനക്കാരാണ് നിർമ്മാണത്തിന് നേതൃത്വം നൽകിയത്.
പ്ലാസ്റ്റിക് ഉൾപ്പെടെ പാഴ് വസ്തുക്കളുടെ ക്രമാതീതമായ ഉപയോഗം മൂലം ഭാവിയിൽ കുടിവെള്ളത്തിൽപ്പോലും പ്ലാസ്റ്റിക് അംശങ്ങൾ കണ്ടുതുടങ്ങുമെന്നും അത്തരം ഒരു സന്ദേശം ഉൾക്കൊണ്ടാണ് കുടിവെള്ളപൈപ്പിൽനിന്ന് പ്ലാസ്റ്റിക് വരുന്ന രീതിയിലുള്ള ഇൻസ്‌റ്റലേഷൻ സ്ഥാപിച്ചിരിക്കുന്നത്.
നമ്മുടെ പുഴകളെയും ജലസ്രോതസുകളെയും കടലിനെയും സംരക്ഷിച്ചാൽ മാത്രമേ വരുംതലമുറയ്ക്ക് ശുദ്ധമായ ഭൂമിയും വെള്ളവും വായുവും കൈമാറാൻ സാധിക്കുകയുള്ളൂ എന്നതാണ് ഇതിന്റെ ഉദ്ദേശലക്ഷ്യം. എന്റെ മരട് ക്ലീൻ മരട് എന്ന ആശയം പ്രവർത്തന പഥത്തിൽ എത്തിക്കുക എന്ന പ്രതിജ്ഞാബദ്ധമായ ദൗത്യമാണ് നഗരസഭ ഏറ്റെടുത്തിരിക്കുന്നതെന്ന് നഗരസഭ ചെയർമാൻ ആന്റണി ആശാംപറമ്പിൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |