കോഴിക്കോട് : വേനൽ കനത്തതോടെ കടുത്ത ആശങ്കയിലായി ഇടവിള കർഷകർ. വെള്ളരി, മത്തൻ, പയർ, ചീര, വെണ്ട, തുടങ്ങി വിവിധ പച്ചക്കറി കൃഷി സജീവമാകുന്നത് ജനുവരി മുതൽ ഏപ്രിൽ വരെയുള്ള മാസങ്ങളിലാണ്. വിഷു വിപണി ലക്ഷ്യമാക്കി വാഴകൃഷിയും സജീവമാണ്.
കനത്ത ചൂടിൽ ഇവയെല്ലാം കരിഞ്ഞുപോകുമോയെന്ന ആശങ്കയാണ് കർഷകരുടെ ഉറക്കം കെടുത്തുന്നത്. വേണ്ടത്ര വെള്ളം ലഭിക്കാത്തതിനാൽ ഗുണമേന്മ കുറയുമോയെന്ന ആധിയുമുണ്ട്. കഴിഞ്ഞ രണ്ട് ദിവസമായി ജില്ലയിൽ 35-36 ഡിഗ്രി സെൽഷ്യസ് ചൂടാണ് പകൽ സമയത്ത് അനുഭവപ്പെടുന്നത്. പലയിടത്തും കിണറുകളും തോടുകളും നീരുറവകളും വറ്റിത്തുടങ്ങി. കർഷകർക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകാൻ വിശദമായ ഹീറ്റ് ആക്ഷൻ പ്ലാൻ കൃഷി വകുപ്പ് തയ്യാറാക്കിയിരിക്കുകയാണ്.
പ്രോത്സാഹിപ്പിക്കാം ശാസ്ത്രീയ രീതികൾ
1. ജലക്ഷാമം രൂക്ഷമാകുമ്പോൾ പുതയിടൽ, തുള്ളിനന തുടങ്ങിയ ജലസേചന രീതികൾ പരീക്ഷിക്കാം. കുറച്ചു വെള്ളംകൊണ്ട് കൂടുതൽ വിളവ് എന്ന രീതിയാണ് തുള്ളിനന. ഇതിന് യോജിച്ച ഡ്രിപ് യൂണിറ്റ് കിറ്റുകൾ മാർക്കറ്റിൽ സുലഭമാണ്.
2. വിളകൾക്ക് പുതയിടാനായി കരിയില, ഉണങ്ങിയ കളകൾ, അഴുകാൻ തുടങ്ങിയ ഓല എന്നിവയെല്ലാം ഉപയോഗിക്കാം.
3. കൊയ്തൊഴിഞ്ഞ വയലുകളിൽ വേനൽകാലത്ത് കുറഞ്ഞ അളവിൽ മാത്രം വെള്ളം ആവശ്യമുള്ള പയറുവർഗങ്ങൾ കൃഷി ചെയ്യുന്നത് അഭികാമ്യം.
4. കമുകിന്റെ അടിഭാഗത്ത് ചുണ്ണാമ്പ് തേക്കുന്നത് ചൂടിനെ ഒരു പരിധിവരെ തടയാൻ സഹായിക്കും.
'' ജലക്ഷാമം രൂക്ഷമാകുന്ന ഘട്ടങ്ങളിൽ കുറഞ്ഞ അളവിൽ മാത്രം വെള്ളം ആവശ്യമുള്ള പയറുവർഗങ്ങൾ കൃഷി ചെയ്യുന്നതാണ് അഭികാമ്യം. ശാസ്ത്രീയമായ കാർഷിക, ജലസേചന രീതികളിലൂടെ കൃഷിനാശം ഒരു പരിധിവരെ തടയാനാകും.
- ശെെലജ ( അസി. പ്രിൻസിപ്പൽ അഗ്രിക്കൾച്ചറൽ ഓഫീസർ , കോഴിക്കോട് )
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |