ചോറ്റാനിക്കര: നാലുപാടും മഞ്ഞുമൂടിക്കിടക്കുന്ന കൊടുമുടികൾ കുഞ്ഞുനാൾ മുതൽ തന്നെ കെലീറ്റയുടെ സ്വപ്നങ്ങളിലുണ്ടായിരുന്നു. ഒരു സൈക്കിൾ പോലും വാങ്ങാൻ സാധിക്കാതിരുന്ന കുട്ടിക്കാലത്ത് നിന്ന് സ്വന്തമായി അദ്ധ്വാനിച്ചുണ്ടാക്കിയ പൈസയുമായി കെലീറ്റ കൊടുമുടികൾ കയറി. അതു ബുള്ളറ്റിൽ. നിശ്ചയദാർഢ്യം മാത്രം കൈമുതലാക്കി 23-ാം വയസിൽ കെലീറ്റ തെരേസ കെ. ജെയിംസ് യാത്ര പൂർത്തിയാക്കി.
ടി.വി മെക്കാനിക്കായ ജെയിംസിന്റെയും സെയിൽസ് എക്സിക്യുട്ടീവായ മിനിയുടെയും രണ്ടാമത്തെ മകളാണ് കെലീറ്റ.
പ്ലസ്ടു കഴിഞ്ഞ് ബി.എ അനിമേഷൻ വിഷ്വൽ എഫക്ട്സ് കോഴ്സ് ചങ്ങനാശ്ശേരി എസ്.ജി.സി.സി കോളേജിൽ നിന്ന് പാസായി ഇറങ്ങുമ്പോൾ കെലീറ്റയുടെ മനസിൽ ഹിമാലയൻ യാത്രയായിരുന്നു. രണ്ടുവർഷം കാരിക്കേച്ചർ രംഗത്ത് കഠിനാധ്വാനം ചെയ്ത് പണം സ്വരുക്കൂട്ടി. യാത്രയെ പ്രണയിക്കുന്ന കൂട്ടുകാരായ അർഷാദിനെയും ലിയോയെയും കൂട്ടി അവരുടെ രണ്ട് ബൈക്കുകളിലായിരുന്നു യാത്ര.
ഉംലിംഗ് ലാ പാസിലേക്ക്
സമുദ്ര നിരപ്പിൽ നിന്ന് 19,024 അടിയിയിൽ ഉംലിംഗ് ലാ പാസിലേക്കുള്ള യാത്രയൊരു സ്വപ്നസാക്ഷാത്കാരമായിരുന്നു. 2024 ഏപ്രിൽ 12ന് പുറപ്പെട്ട സംഘം 6000 കിലോമീറ്റർ താണ്ടി മേയ് 13ന് ഉംലിംഗ് ലായെത്തി. കർണാടകയും ഗോവയും മഹാരാഷ്ട്രയും ഗുജറാത്തും താണ്ടി രാജസ്ഥാനിലെ മൗണ്ട് അബുവുമെല്ലാം സന്ദർശിച്ചായിരുന്നു ഹിമാലയത്തിലേക്കുള്ള യാത്ര.
കൊടും തണുപ്പും മണ്ണിടിച്ചിലും ഇടയ്‌ക്കുണ്ടായ വീഴ്ചകളും യാത്ര ദുഷ്കരമാക്കി. ജമ്മു- കാശ്മീർ എത്തുന്നതോടെ മൊബൈൽ ഫോൺ റേഞ്ചില്ലാത്തതിനാൽ ലോകത്ത് നിന്ന് തന്നെ മുറിച്ചുമാറ്റപ്പെടും. തിരുവനന്തപുരം രജിസ്ട്രേഷനിലുള്ള ബുള്ളറ്റുകൾ കണ്ടപ്പോൾ മലയാളികളായ ആർമി ഉദ്യോഗസ്ഥർ ഹോംസ്റ്റേ സൗകര്യം ഒരുക്കിക്കൊടുത്തു. നാഗാലാൻഡിലേക്കാണ് കെലീറ്റയുടെ അടുത്ത യാത്ര. ഇൻഫോപാർക്ക് ജീവനക്കാരി കെസീനയാണ് സഹോദരി.
മറക്കാനാകാത്ത
ആലപ്പുഴ യാത്ര
ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോൾ അമ്മ വാങ്ങി നൽകിയ സൈക്കിളിൽ സമീപപ്രദേശങ്ങളിലേക്കായിരുന്നു ആദ്യ യാത്രകൾ. പിന്നീടത് കൊച്ചിയിലേക്കും ആലപ്പുഴയിലേക്കുമെല്ലാം നീണ്ടു. കൊവിഡ് ലോക്ക്ഡൗൺ ലംഘിച്ച് ആലപ്പുഴ ബീച്ചിലെത്തിയ കെലീറ്റയെ പൊലീസ് പിടികൂടിയെങ്കിലും 75 കിലോമീറ്റർ താണ്ടിയെത്തിയതാണെന്ന് അറിഞ്ഞ് ബീച്ച് കാണാൻ അവസരം നൽകി.
21-ാം വയസ്സിൽ 56 സെക്കൻഡിൽ മുൻ രാഷ്ട്രപതി എ.പി.ജെ. അബ്ദുൽ കലാമിന്റെ കാരിക്കേച്ചർ വരച്ച് ഇന്ത്യ ബുക്ക് ഒഫ് റെക്കാഡ്സിലും ഏഷ്യൻ ബുക്ക് ഒഫ് റെക്കാഡ്സിലും കെലീറ്റ ഇടം നേടിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |