കോട്ടയം : റോഡ് വികസനത്തിന്റെ ഭാഗമായി ട്രീ കമ്മിറ്റി വിളിക്കാതെ 13 തണൽമരങ്ങൾ വെട്ടിയതിനെതിരെ ജില്ലാ പരിസ്ഥിതി കൂട്ടായ്മയുടെ നേതൃത്വത്തിൽ പ്രവർത്തകർ മരത്തിൽ കയറി ഇന്ന് പ്രതിഷേധിക്കും. ചുട്ടുപൊള്ളുന്ന ചൂടിൽ ശാസ്ത്രി റോഡിൽ ലോഗോസ് ജംഗ്ഷൻ മുതൽ നല്ല ഇടയൻ പള്ളിവരെ കാൽനടയാത്രക്കാർക്ക് ആശ്വാസമായിരുന്നു ഈ തണൽ മരങ്ങൾ. പരിസ്ഥിതി പ്രവർത്തകനായ ഡോ. സി.പി.റോയി വർഷങ്ങൾക്ക് മുൻപ് നട്ടുസംരക്ഷിച്ച പത്തുലക്ഷം രൂപ വിലമതിക്കുന്ന മരങ്ങളാണിവ. റോഡിൽ നിന്ന് മൂന്നുമീറ്റർ മാറിയാണ് മരങ്ങൾ സ്ഥിതി ചെയ്യുന്നത്.
കോട്ടയം നഗരസഭാ പരിധിയിൽ സർക്കാർ വക സ്ഥലത്തെ മരങ്ങൾ വെട്ടണമെങ്കിൽ സോഷ്യൽ ഫോറസ്റ്റി അസിസ്റ്റന്റ് കൺസർവേറ്ററെയും മറ്റു കമ്മിറ്റി അംഗങ്ങളെയും പങ്കെടുപ്പിച്ച് നഗരസഭാ സെക്രട്ടറി ട്രീ കമ്മിറ്റി വിളിക്കണം. ഇത് ലംഘിച്ചാണ് കഴിഞ്ഞദിവസം രാത്രിയിൽ മാവും ഞാവലും ഊതയും അടക്കമുള്ള മരങ്ങൾ വെട്ടിയത്. ഇതു സംബന്ധിച്ച് പരിസ്ഥിതി പ്രവർത്തകർ വനം വകുപ്പ് ഉദ്യോഗസ്ഥർക്കും നഗരസഭാ സെക്രട്ടറിക്കും പൊലീസ് മേധാവിക്കും പരാതി നൽകി.
''റോഡരികിൽ ആർക്കും ശല്യമില്ലാതെ നിന്ന വർഷങ്ങൾ പഴക്കമുള്ള തണൽ മരങ്ങൾ മുറിച്ചതിന് മറുപടി നൽകാൻ നഗരസഭാ സെക്രട്ടറി തയ്യാറായില്ല. ജില്ലാ ട്രീ കമ്മിറ്റി അറിയാതെ ലക്ഷങ്ങൾ വാർഷിക പരിസ്ഥിതി മൂല്യമുള്ള പൊതുമുതൽ നശിപ്പിച്ചതിനെതിരെ സമഗ്രാന്വേഷണം നടത്തി കുറ്റക്കാരെ മാതൃകാപരമായി ശിക്ഷിക്കണം.
ഡോ.ബി.ശ്രീകുമാർ, കെ.ബിനു (ജില്ലാ ട്രീകമ്മിറ്റി അംഗങ്ങൾ)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |