ന്യൂഡൽഹി: മൗറീഷ്യസിൽ പുതിയ പാർലമെന്റ് മന്ദിരം നിർമ്മിക്കാൻ ഇന്ത്യയുടെ സഹായം വാഗ്‌ദാനം ചെയ്‌ത് പ്രധാനമന്ത്രി നരേന്ദ്രമോദി. വിവിധ മേഖലകളിൽ തുടരുന്ന സഹായ, സഹകരണ പദ്ധതികൾക്ക് പുറമെ ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ സഹകരണം കൂടുതൽ ഉയരത്തിലെത്തിക്കാൻ തീരുമാനിച്ചതായി മൗറീഷ്യസ് പ്രധാനമന്ത്രി നവീൻചന്ദ്ര രാംഗൂലവുമായുള്ള കൂടിക്കാഴ്‌ചയ്‌ക്ക് ശേഷം മോദി പറഞ്ഞു. ഇരു നേതാക്കളുടെയും സാന്നിദ്ധ്യത്തിൽ എട്ട് ധാരണാപത്രങ്ങളിൽ ഒപ്പിട്ടു.
പാർലമെന്റ് മന്ദിരം പണിയാനുള്ള സഹായം മൗറീഷ്യസിന് ജനാധിപത്യ മാതാവിൽ നിന്നുള്ള സമ്മാനമാണെന്ന് മോദി ചൂണ്ടിക്കാട്ടി. പ്രാദേശിക കറൻസിയിൽ വ്യാപാരം നടത്താനുള്ള കരാറിലെത്തിയെന്ന് അറിയിച്ച മോദി, കമ്മ്യൂണിറ്റി വികസന പദ്ധതികളുടെ രണ്ടാം ഘട്ടത്തിൽ, 500 ദശലക്ഷം മൗറീഷ്യൻ രൂപയുടെ പുതിയ പദ്ധതികൾ ആരംഭിക്കുമെന്നും പറഞ്ഞു. മൗറീഷ്യസിൽ 100 കിലോമീറ്റർ നീളമുള്ള ജല പൈപ്പ്‌ലൈൻ നവീകരണം, അഞ്ച് വർഷത്തിനുള്ളിൽ 500 മൗറീഷ്യസ് സിവിൽ സർവീസുകാർക്ക് ഇന്ത്യയിൽ പരിശീലനം എന്നിവയിലും ധാരണയായി.
ഇരുരാജ്യങ്ങൾക്കുമിടയിലെ പ്രതിരോധ സഹകരണവും സമുദ്ര സുരക്ഷയും തന്ത്രപരമായ പങ്കാളിത്തത്തിൽ പ്രധാനമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യൻ മഹാസമുദ്രത്തിലെ താത്പര്യം കണക്കിലെടുത്ത് മൗറീഷ്യസ് എക്സ്ക്ലൂസീവ് ഇക്കണോമിക് സോണിന് ഇന്ത്യൻ തീരദേശ സേനയുടെ സുരക്ഷ നൽകുമെന്നും പ്രധാനമന്ത്രി ഉറപ്പു നൽകി. മൗറീഷ്യസിൽ പൊലീസ് അക്കാഡമിയും നാഷണൽ മാരിടൈം ഇൻഫർമേഷൻ ഷെയറിംഗ് സെന്ററും സ്ഥാപിക്കാനും ഇന്ത്യ സഹായിക്കും. വൈറ്റ് ഷിപ്പിംഗ്, ബ്ലൂ ഇക്കണോമി, ഹൈഡ്രോഗ്രാഫി എന്നിവയിൽ സഹകരണം കൂട്ടും. മൗറീഷ്യസുകാർക്ക് ഇന്ത്യയിലെ ചാർ ധാം യാത്രയ്ക്കും രാമായണ ടൂറിസത്തിലും സൗകര്യം ലഭിക്കും. മൗറീഷ്യസ് സിവിൽ സർവീസുകാരുടെ പരിശീലനത്തിനായി ഇന്ത്യയുടെ സഹകരണത്തോടെ സ്ഥാപിച്ച അടൽ ബിഹാരി വാജ്‌പേയി പബ്ളിക് സർവീസ് ഇൻസ്റ്റിറ്റ്യൂട്ട് മോദി ഉദ്ഘാടനം ചെയ്‌തു. മൗറീഷ്യസിലെ ഹിന്ദു തീർത്ഥാടന കേന്ദ്രമായ ഗംഗാ തലാവോ സന്ദർശിച്ച പ്രധാനമന്ത്രി ത്രിവേണി സംഗമത്തിൽ നിന്നുള്ള ജലം അർപ്പണം ചെയ്‌തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |