ഒ.ആർ. കേളു
പട്ടികജാതി- വർഗ, പിന്നാക്ക ക്ഷേമ മന്ത്രി
രണ്ടാം പിണറായി മന്ത്രിസഭയിലെ ഏറ്റവും പുതിയ മന്ത്രിയാണ് ഒ.ആർ. കേളു. കെ. രാധാകൃഷ്ണൻ
ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് മാനന്തവാടി എം.എൽ.എയായ കേളു. പട്ടികജാതി- പട്ടിക വർഗ വികസനം, പിന്നാക്ക ക്ഷേമ വകുപ്പുകളുടെ മന്ത്രിയായത്. പട്ടികവർഗ വിഭാഗത്തിൽപ്പെട്ട ഒരാളെ സി.പി.എം മന്ത്രിയാക്കിയതും ആദ്യം. വയനാട് ജില്ലയിൽ നിന്ന് സി.പി.എം സംസ്ഥാന സമിതിയിലെത്തിയ ആദ്യ പട്ടികവർഗ നേതാവുകൂടിയാണ് ഒ.ആർ. കേളു. കുറിച്യ സമുദായക്കാരനായ കേളു പട്ടികജാതി, വർഗ, പിന്നാക്ക ക്ഷേമം എന്നിവ സംബന്ധിച്ച നിയമസഭാ സമിതിയുടെ ചെയർമാൻ കൂടിയാണ്. മന്ത്രിയായി അറുമാസം പിന്നിടുന്ന സാഹചര്യത്തിൽ അദ്ദേഹം 'കേരളകൗമുദി"യുമായി സംസാരിക്കുന്നു.
? ആറുമാസം കൊണ്ട് വകുപ്പുകളെക്കുറിച്ച് എത്രത്തോളം അറിയാനും, എന്തെല്ലാം ചെയ്യാനും കഴിഞ്ഞു.
എല്ലാ ജില്ലയിലും പോയി എസ്.സി, എസ്.ടി, പിന്നാക്ക വകുപ്പുകൾ നടപ്പാക്കുന്ന കാര്യങ്ങൾ മനസിലാക്കി. ഒരുപാട് പദ്ധതികൾ നടന്നുകൊണ്ടിരിക്കുന്നുണ്ട്. അതൊക്കെ മന്ദഗതിയിലാണ്. അതുകൊണ്ടു തന്നെ അത്തരം പദ്ധതികൾ വേഗത്തിലാക്കാൻ നടപടികളെടുത്തു.
മറ്റൊന്ന്, കുട്ടികളുടെ സ്റ്റൈപന്റ്, ലംപ്സംഗ്രാൻഡ്, സ്കോളർഷിപ്പ് തുടങ്ങിയവ മുടങ്ങിക്കിടക്കുന്നതായി മനസിലാക്കി. അതൊക്കെ കൊടുത്തു തീർത്തു. തുടർന്നുള്ളതും വേഗത്തിൽ കൊടുക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
പിന്നെ, പാലക്കാട് മെഡിക്കൽ കോളേജ് വിഷയത്തിൽ ഇടപെട്ട് നിർമ്മാണം വേഗത്തിലാക്കി.
അട്ടപ്പാടിയിൽ പോയി പ്രശ്നങ്ങളൊക്കെ മനസിലാക്കി. ആറളം ഫാമിൽ രണ്ടു തവണ യോഗം നടത്തി. സങ്കീർണമായ പ്രശ്നങ്ങളുണ്ട്. പരിഹാരങ്ങൾ വേഗത്തിലാക്കാനാണ് ശ്രമം
? പുതിയ പദ്ധതികൾ.
ഈ സർക്കാരിന്റെ അവസാന കാലമാണല്ലോ. പുതിയതൊന്നും വിഭാവനം ചെയ്യാൻ ഉദ്ദേശിക്കുന്നില്ല. നിലവിലുള്ള പദ്ധതികൾ പൂർത്തിയാക്കുന്നതിലാണ് പ്രധാന ശ്രദ്ധ.
? ഒ.ബി.സി വിഭാഗത്തിൽ കൂടുതൽ സമുദായങ്ങളെ ഉൾപ്പെടുത്തുന്നതായി കാണുന്നു. അതിനുള്ള സാഹചര്യമുണ്ടോ.
ഒ.ബി.സിയിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് അപേക്ഷ നൽകുന്ന എല്ലാവരെയും പട്ടികയിൽ ഉൾപ്പെടുത്താറില്ല. അത്തരം അപേക്ഷകൾ പിന്നാക്ക വിഭാഗ കമ്മിഷന് കൈമാറും. അവർ ഇതു സംബന്ധിച്ച് പഠനം നടത്തി റിപ്പോർട്ട് തരും. ആ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ചിലത് ഉൾപ്പെടുത്തും, ചിലത് ഉൾപ്പെടുത്തില്ല.
സമുദായത്തിന്റെ സാമ്പത്തിക, സാമൂഹ്യ, സാംസ്കാരിക കാര്യങ്ങളാണ് കമ്മിഷൻ പഠിക്കുന്നത്.
കേരളത്തിൽ ഇപ്പോൾ എസ്.സി വിഭാഗത്തിലായാലും എസ്.ടി വിഭാഗത്തിലായാലും നൂറുകണക്കിന് സംഘടനകളുണ്ട്. ജാതി തിരിച്ച് സംഘടന, ആ ജാതിയിൽത്തന്നെ ഉപജാതി തിരിച്ച് സംഘടന.... ഇങ്ങനെ സംഘടനകൾ രൂപപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഇതൊരു നല്ലകാര്യമല്ലെന്നാണ് വ്യക്തിപരമായ അഭിപ്രായം.
?ആദിവാസി കുട്ടികൾക്കുള്ള പഠനമുറി, വിദ്യാവാഹൻ പദ്ധതികൾ ഫണ്ടില്ലാത്തതുകൊണ്ട് കാര്യക്ഷമമായി നടക്കുന്നില്ലെന്ന് പരാതിയുണ്ടല്ലോ
അതെല്ലാം പരിഹരിച്ചുവരികയാണ്. വിദ്യാവാഹനി പദ്ധതി കുറച്ചു സങ്കീർണമാണ്. കുട്ടികൾ നടന്ന് സ്കൂളിൽ പോകുന്ന രീതിയൊക്കെ മാറി. എല്ലാവരും വാഹനങ്ങളിലാണ് പോകുന്നത്. വാഹനം വന്നാലെ പോകൂ എന്നത് പൊതുവിൽ ഗുണകരമല്ലാത്ത രീതിയാണ്. എന്നാലും ഈ പദ്ധതി നമ്മൾ നടപ്പിലാക്കികൊണ്ടിരിക്കുന്നുണ്ട്. ആദ്യം ഇത് പഞ്ചായത്ത് വഴിയാണ് നടപ്പാക്കിയത്. പിന്നെ പഞ്ചായത്തുകൾ പിന്മാറി. അപ്പോൾ, വകുപ്പു തന്നെ ഏറ്റെടുത്തു. മുടങ്ങുന്നത് ഫണ്ടിന്റെ അപര്യാപ്തത കൊണ്ടല്ല, ധനവകുപ്പ് അനുവദിക്കുന്നതനുസരിച്ച് ഓരോ ജില്ലയ്ക്കായി ഫണ്ട് കൊടുക്കുന്നുണ്ട്.
? പട്ടിക വിഭാഗക്കാരിലെ ഉപസംവരണം സംബന്ധിച്ച് സർക്കാരിന്റെ നിലപാട്.
ഉപസംവരണം സംബന്ധിച്ചും ജാതി സംവരണം സംബന്ധിച്ചും സർക്കാർ ഒരു പുതിയ നിലപാടും സ്വീകരിച്ചിട്ടില്ല
? ഇക്കാര്യത്തിലെ സുപ്രീം കോടതി വിധി നടപ്പിലാക്കുന്നതിനെ കുറിച്ച്.
സർക്കാർ അതേക്കുറിച്ച് ആലോചിച്ചിട്ടില്ല.
? ഉപസംവരണം വേണമെന്നും വേണ്ടെന്നും പറഞ്ഞ് സമരങ്ങളുണ്ടല്ലോ.
അതെ, അത് ശ്രദ്ധയിൽപ്പെട്ടു. ഈ സർക്കാർ എന്തായാലും ആലോചനയൊന്നും നടത്തിയിട്ടില്ല.
? ഉപസംവരണത്തിനായി തെലങ്കാനയിലും മറ്റും വലിയ സമരങ്ങൾ നടന്നിരുന്നു. അത്തരം അവസ്ഥ
കേരളത്തിലില്ല എന്നാണോ മനസിലാക്കുന്നത്.
കേരളം അതിവേഗം പുരോഗതിയിലേക്കു നീങ്ങുകയാണ്. നിയമനങ്ങളിലെ സംവരണമൊക്കെ ആവശ്യമാണ്. പൊതുവേ കേരളത്തിൽ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് എസ്.സി, എസ്.ടി സമുദായങ്ങളിൽ നല്ല പുരോഗതി കാണാനാകും. ഒറ്റപ്പെട്ട കാര്യങ്ങളുണ്ട്. അതിനാണ് അതിദരിദ്രരെ കണ്ടെത്തി, സർക്കാർ പ്രത്യേക പരിഗണന നൽകുന്നത്.
? സംവരണ കാര്യത്തിൽ മാറ്റമുണ്ടാകാനിടയുണ്ടോ.
ഇല്ല. ഇപ്പോഴത്തെ രീതിയിൽ തുടരും. താഴെത്തട്ടിലുള്ള ആളുകളെ സമൂഹ്യമായും വിദ്യാഭ്യാസപരമായും സാംസ്കാരികമായും ഉയർത്തുന്നതിനു വേണ്ടിയാണ് സംവരണം നടപ്പിലാക്കിയത്. അത്തരം കാര്യങ്ങളിൽ ആശ്വാസകരമായ പുരോഗതി മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിനുണ്ടായിട്ടുണ്ട്.
ലക്ഷ്യത്തിലെക്കാൻ ഇനിയും കുറച്ചുകൂടിയുണ്ട്.
? ആദിവാസികളുടെ ഭൂമി തട്ടിയെടുക്കുന്ന സംഭങ്ങളുണ്ട്. അട്ടപ്പാടിയിൽ നഞ്ചമ്മയുടെ ഭൂമി നഷ്ടപ്പെട്ടതായി പരാതിപ്പെട്ടിട്ടുണ്ട്...
ചൂഷണം എല്ലാക്കാലത്തുമുണ്ടല്ലോ. ലോകമുള്ള കാലത്തോളം അത് തുടർന്നുകൊണ്ടേയിരിക്കും. എന്നാലും ഇപ്പോൾ പഴയതുപോലെയുള്ള തട്ടിപ്പുകൾ ഇല്ലെന്നാണ് മനസിലാക്കുന്നത്. നിയമത്തിന്റെ പരിരക്ഷയുണ്ട്. ഇതിനൊക്കെ പരിഹാരം കാണുന്നതിനായി കമ്മിഷനും നിരീക്ഷണ സംവിധാനങ്ങളുമൊക്കെ ഉണ്ട്.
? വയനാട് പുനരധിവാസം വൈകിയപ്പോഴല്ലേ, പ്രദേശവാസിൾ സമരം ചെയ്യുന്ന സാഹചര്യത്തിലേക്ക് എത്തിയത്.
ചൂരൽമല ദുരന്തം ചെറുതല്ലല്ലോ, വലിയൊരു ദേശീയ ദുരന്തമല്ലേ. പുനരധിവാസ പദ്ധതിയിലെ പ്രവൃത്തികൾ ആരംഭിക്കാൻ പോവുകയാണ്.
? മഴക്കാലത്തിനു മുമ്പ് പരിഹാരമുണ്ടാകുമോ.
ഉണ്ടാകും. അർഹരായവരെ മാത്രമെ ഗുണഭോക്താക്കളാക്കാൻ പറ്റൂ. ഏതു പരാതി വന്നാലും സർക്കാർ കേൾക്കും. ന്യായമാണെങ്കിൽ പരിഹരിക്കും. അതിൽ തർക്കമൊന്നുമില്ല. പുനരധിവാസത്തിന് ഭൂമി ഏറ്റെടുത്തപ്പോൾ കേസിന്റെ വിഷയങ്ങൾ വന്നു. കേന്ദ്രം സഹായിക്കാത്ത നിലപാടുണ്ടായി. ഇപ്പോൾ എല്ലാം പരിഹരിച്ച് മുന്നോട്ടു പോകുന്നുണ്ട്.
? ആശാ വർക്കർമാരുടെ സമരം നടക്കുന്നു. പാർട്ടി നേതാക്കൾ തന്നെ സമരത്തെ തള്ളിപ്പറയുന്നല്ലോ...
എല്ലാ സംസ്ഥാനങ്ങളിലെയും കാര്യമെടുത്ത് പരിശോധിക്കുമ്പോൾ കേരളമാണ് ആശാ വർക്കർമാർക്ക് ഏറ്റവും കൂടുതൽ വേതനം നൽകുന്നത്. നമ്മൾ സമരത്തെ തള്ളിപ്പറഞ്ഞിട്ടില്ല. സേവന- വേതന വ്യവസ്ഥകളുണ്ട്. സേവനം ചെയ്യണ്ടേ? ജോലി ചെയ്തുകൊണ്ട് സമരം ചെയ്യണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |