ലോകം മനുഷ്യത്വത്തിനായി ദാഹിക്കുമ്പോൾ ഗുരുദേവ ദർശനം അമൃതായിത്തീരുന്നു. മതമേതായാലും മനുഷ്യൻ നന്നായാൽ മതിയെന്ന വിശ്വമാനവിക സന്ദേശം ലോകജനത വളരെ പ്രസക്തമായി കാണുന്ന കാലമാണിത്.
മനുഷ്യനെ ഏകതയിലേക്കു നയിക്കുന്ന ഗുരുദർശനം മത, വർണ, വർഗ, കാല, ദേശങ്ങൾക്കതീതമാണ്. ആധുനിക യുഗത്തിന്റ ഏറ്റവും സ്വീകാര്യമായ ദർശനമാണ് ഗുരുദേവന്റേത്. ഇന്നിന്റെ മാത്രമല്ല, നാളെയുടെയും ഭാവി ലോകത്തിന്റെയും തത്വദർശനമാണ്.
തന്റെ മതദർശനത്തെ "ഏകമതം" എന്നാണ് ഗുരു വിശേഷിപ്പിച്ചത്. മഹാഗുരുവിനെ അറിയുന്നതിനും അനുഭവിക്കുന്നതിനും ഗുരുദേവ ദർശനം പ്രാവർത്തികമാക്കുന്നതിനും ലോകമെമ്പാടും ആശ്രമങ്ങൾ ഉണ്ടാകേണ്ടതുണ്ട്. ശിവഗിരി മഠത്തിന്റെ ഈ തീരുമാനമാണ് ശിവഗിരി ആശ്രമം യു .കെയിൽ പ്രവർത്തികമാക്കിയത് .
യു.കെയിലെ ഗുരുഭക്തരുടെ സ്വപ്നമായിരുന്നു ശിവഗിരി മഠത്തിന്റെ അഫിലിയേറ്റഡ് സെന്റർ യു.കെയിൽ സ്ഥാപിക്കുക എന്നത്. ശിവഗിരി മഠത്തിന്റെ പോഷക സംഘടനയായ ഗുരുധർമ്മ പ്രചാരണ സഭയുടെയും,'സേവനം- യു.കെ"യുടെയും, യു.കെയിലെ ശ്രീനാരായണീയരുടെയും ആഭിമുഖ്യത്തിൽ പ്രാരംഭനിധി സ്വരൂപിച്ചാണ് 2023 ഏപ്രിൽ 30-ന് ആശ്രമം യാഥാർത്ഥ്യമാക്കിയത്. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പ്രവർത്തനോദ്ഘാടനം നിർവഹിച്ചു. യു.കെയുടെ മദ്ധ്യഭാഗമായ വൂൾവർഹാംടൺ ലോർഡ്‌സ് സ്ട്രീറ്റിലാണ് ആശ്രമം.
ഗുരുവചനങ്ങൾ ജീവിതധർമ്മമാക്കി ഗുരുഭക്തിയും അചഞ്ചലമായ വിശ്വാസവും പ്രകടിപ്പിക്കുന്ന ശ്രീനാരായണീയർ യു.കെയിൽ അനവധിയാണ്. ഗുരുദേവന്റെ സർവാദരണീയമായ ഉപദേശ രത്നങ്ങളുടെ മൂല്യം ലോകസമക്ഷം അവതരിപ്പിക്കുന്നതിനൊപ്പം, ഗുരുദേവഭക്തർ ഒത്തുചേരുന്ന സമർപ്പണ ചടങ്ങുകളിൽ വിശ്വശാന്തിപൂജ, ദേവീപൂജ, ഹോമം, കലശപൂജ, ഗുരുപൂജ, സമൂഹ പ്രാർത്ഥന, ഗുരുദേവ കൃതികളുടെ ആലാപനം, കുട്ടികൾക്കായി ബാലദീപം, സ്ത്രീകൾക്കായി ഗുരുമിത്ര, വിവിധ വിഷയങ്ങളിലെ സമ്മേളനങ്ങൾ തുടങ്ങിയവയും ശിവഗിരി ആശ്രമം യു .കെയുടെ പ്രവർത്തനങ്ങളുടെ ഭാഗമാണ്.
ഗുരുദർശനം അന്താരാഷ്ട്ര തലത്തിലേക്ക് എത്തിക്കുക എന്ന ശിവഗിരി മഠത്തിന്റെ ലക്ഷ്യം ലോകസമാധാനത്തിനുള്ള നവയുഗാരംഭം കുറിച്ചുകൊണ്ട് വത്തിക്കാനിൽ നടത്തി. ഇതേ ദൗത്യമാണ് വരുന്ന മേയ് മാസം രണ്ട്, മൂന്ന്, നാല് തീയതികളിൽ ശിവഗിരി മഠത്തിന്റെയും യു.കെയിലെ ശിവഗിരി ആശ്രമത്തിന്റെയും ആഭിമുഖ്യത്തിൽ യു.കെയിൽ നടക്കുന്ന 'ശ്രീനാരായണഗുരു ഹാർമണി." ആലുവ അദ്വൈതാശ്രമത്തിൽ നടന്ന സർവമത സമ്മേളന ശതാബ്ദിയുടെ ആഘോഷവും ഗുരുദേവൻ - ഗാന്ധിജി സമാഗമത്തിന്റെ ശതാബ്‌ദി ആഘോഷവും, ഗുരുദർശനം ആസ്പദമാക്കിയുള്ള അന്താരാഷ്ട്ര സെമിനാർ, ആഗോള ബിസിനസ് മീറ്റ്, യുവജന സമ്മേളനം എന്നിങ്ങനെ വിവിധ പരിപാടികളാണ് മൂന്നു ദിവസങ്ങളിലായി സംഘടിപ്പിക്കുക.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മതമേലദ്ധ്യക്ഷരും രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക രംഗങ്ങളിലെ പ്രമുഖരും 'ഹാർമണി"യിൽ പങ്കെടുക്കും. ആലുവ സർവമത സമ്മേളനത്തിന്റെ സംഘാടക സെക്രട്ടറിയായി ഗുരു നിയോഗിച്ചത് സത്യവ്രത സ്വാമികളെ ആയിരുന്നു. നൂറു വർഷങ്ങൾക്കു ശേഷം ലോകമത പാർലമെന്റ് വത്തിക്കാനിൽ സംഘടിപ്പിക്കുന്നതിന് ഇതേ നിയോഗം എന്നിൽ അർപ്പിതമായി. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ, ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, ട്രഷറർ സ്വാമി ശാരദാനന്ദ എന്നിവർ ഉൾപ്പെടെ മഠത്തിലെ സംന്യാസി ശ്രേഷ്ഠരുടെ നേതൃത്വത്താലും, ഫ്രാൻസിസ് മാർപ്പാപ്പയുടെ ആശീർവാദത്താലും ലോക മത പാർലമെന്റ് ഇന്ന് ചരിത്രത്തിന്റെ ഭാഗമാണ്.
യു.കെയിൽ ശ്രീനാരായണഗുരു 'ഹാർമണി" സംഘടിപ്പിക്കുന്നതിനുള്ള പരിശ്രമങ്ങൾ തുടരുകയാണ്. പ്രോഗ്രാം ഓർഗനൈസിംഗ് കമ്മിറ്റിയുടെ ജനറൽ സെക്രട്ടറി എന്ന ചുമതല, ഭഗവാൻ ശ്രീനാരായണ ഗുരുദേവന്റെ അനുഗ്രഹമായി കാണുന്നു.
..................................
ഫോട്ടോ: ശിവഗിരി ആശ്രമം യു.കെ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |