ന്യൂഡൽഹി: സുനന്ദ പുഷ്കറിന്റെ ദുരൂഹമരണത്തിൽ ഭർത്താവും എം.പിയുമായ ശശി തരൂരിനെതിരെ കൊലക്കുറ്റം ചുമത്തണമെന്ന് പ്രോസിക്യൂഷൻ. കൊലക്കുറ്റം ചുമത്തിയില്ലെങ്കിൽ ആത്മഹത്യാ പ്രേരണക്കുറ്റമോ ഗാർഹിക പീഡനക്കുറ്റമോ ചുമത്തണമെന്ന് കേസ് അന്വേഷിച്ച ഡൽഹി പൊലീസ് കോടതിയിൽ ആവശ്യപ്പെട്ടു. ഐ.പി.എല്ലുമായി ബന്ധപ്പെട്ട് വാർത്താസമ്മേളനം നടത്താനിരിക്കെയാണ് സുനന്ദ പുഷ്കർ മരിച്ചതെന്നും ഡൽഹി പൊലീസ് പട്യാല ഹൗസ് കോടതിയിൽ പറഞ്ഞു. കുറ്റംചുമത്തലിൽ പ്രോസിക്യൂഷന്റെ വാദം പൂർത്തിയായി.
മരണത്തിന് മുമ്പ് സുനന്ദ പുഷ്കർ സ്ഥിരമായി തരൂരുമായി വഴക്കിട്ടിരുന്നു എന്നും പബ്ലിക് പ്രോസിക്യൂട്ടർ അതുൽ ശ്രീവാസ്തവ കോടതിയിൽപറഞ്ഞു. സുനന്ദയും തരൂരും ദുബായിൽ വച്ച് വഴക്കിട്ടെന്ന് സഹായിയുടെ മൊഴിയുണ്ടെന്നും പൊലീസ് വ്യക്തമാക്കി.
തരൂരും പാക്ക് മാദ്ധ്യമ പ്രവർത്തക മെഹർ തരാറും മൂന്ന് ദിവസം ദുബായിൽ ഒരുമിച്ച് കഴിഞ്ഞെന്ന് സുനന്ദ പറഞ്ഞതായും മൊഴിയുണ്ടെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. മെഹർ തരാറിന്റെ പേരിലല്ലാതെ 'കാറ്റി' എന്ന് പേരുള്ള മറ്റൊരു സ്ത്രീയുടെ കാര്യത്തിലും ഇവർ തമ്മിൽ തർക്കിച്ചിരുന്നുവെന്ന് സഹായി വ്യക്തമാക്കിയതായി അതുൽ പറഞ്ഞു. സുനന്ദ കടുത്ത മാനസിക സംഘർഷത്തിലായിരുന്നുവെന്നും ജീവിക്കാൻ താത്പര്യമല്ലെന്ന് വ്യക്തമാക്കുന്ന സുനന്ദയുടെ മെയിൽ കണ്ടുകിട്ടിയിട്ടുണ്ടെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി.
മരണത്തിന് മുമ്പ് സുനന്ദ മാദ്ധ്യമ പ്രവർത്തക നളിനി സിംഗുമായി സംസാരിച്ചിരുന്നു. തിരഞ്ഞെടുപ്പിന് ശേഷം തരൂർ ബന്ധം വേര്പെടുത്തുമെന്നും മെഹർ തരാറിനെ വിവാഹം ചെയ്യുമെന്നും സുനന്ദ പറഞ്ഞതായി നളിനിയുടെ മൊഴിയിൽ പറയുന്നുവെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി.
മരണ കാരണം ആത്മഹത്യയല്ലെന്നും മറ്റു ചില ആരോഗ്യ പ്രശ്നങ്ങൾകൊണ്ടാണെന്നും മെഡിക്കൽ പരിശോധനയിൽ പറയുന്നുണ്ടെന്നും അതിനാൽ എങ്ങനെ ആത്മഹത്യ പ്രേരണ കുറ്റം ചുമത്തണമെന്ന് പ്രോസിക്യൂഷന് പറയാനാകുമെന്നും തരൂരിന് വേണ്ടി ഹാജരായ അഭിഭാഷകൻ വികാസ് പഹ്വ ചോദിച്ചു. തെളിവുകളുടെ മുക്കുംമൂലയും മാത്രമാണ് പ്രോസിക്യൂഷൻ വായിച്ചതെന്നും അഭിഭാഷകൻ പറഞ്ഞു. .
അതേസമയം, സുനന്ദ ആത്മഹത്യ ചെയ്യുമെന്ന് കരുതുന്നില്ലെന്ന് സഹോദരൻ ആശിഷ് ദാസ് കോടതിയിൽ മൊഴി നല്കി. കേസ് വാദം കേൾക്കാൻ അടുത്തമാസം പതിനേഴിലേക്ക് മാറ്റി വച്ചു.