ന്യൂഡൽഹി: ഗുജറാത്തിലെ റാൻ ഓഫ് കച്ചിൽ അതിർത്തിക്ക് സമീപം അദാനി ഗ്രൂപ്പിന് സൗരോർജ്ജ പദ്ധതി അനുവദിച്ചതിനെക്കുറിച്ചുള്ള ചോദ്യത്തിന് തൃപ്തികരമായ ഉത്തരം ലഭിച്ചില്ലെന്ന് ആരോപിച്ച് ലോക്‌സഭയിൽ പ്രതിപക്ഷം വാക്കൗട്ട് നടത്തി.
അതിർത്തിയിൽ നിന്ന് ഒരു കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന പദ്ധതിക്ക് ദേശീയ സുരക്ഷ മാനിക്കാതെയാണ് അനുമതി നൽകിയതെന്ന് കോൺഗ്രസ് എംപി മനീഷ് തിവാരി ചൂണ്ടിക്കാട്ടി. കേന്ദ്ര സർക്കാരിൽ നിന്നും സംസ്ഥാന സർക്കാരിൽ നിന്നും ആവശ്യമായ എല്ലാ അനുമതികളും പദ്ധതിക്ക് ലഭിച്ചിട്ടുണ്ടെന്നും ആശങ്കയ്‌ക്ക് അടിസ്ഥാനമില്ലെന്നും കേന്ദ്ര നവ, പുനരുപയോഗ ഊർജ്ജ മന്ത്രി പ്രഹ്ലാദ് ജോഷി വിശദീകരിച്ചു. മറുപടിയിൽ തൃപ്‌തിവരാതെയാണ് കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രതിപക്ഷ എംപിമാർ ലോക്‌സഭയിൽ നിന്ന് ഇറങ്ങിപ്പോയത്.
ഗുജറാത്തിലെ റാൻ ഓഫ് കച്ചിൽ ഇന്ത്യ-പാകിസ്ഥാൻ അതിർത്തിയോട് ചേർന്നുള്ള ഖാവ്ഡയിൽ സോളാർ എനർജി കോർപ്പറേഷൻ ഓഫ് ഇന്ത്യയ്ക്ക് (എസ്.ഇ.സി.ഐ) അനുവദിച്ച ഭൂമിയിലാണ് മെഗാ സോളാർ എനർജി പാർക്ക് സ്ഥാപിക്കാൻ അദാനി ഗ്രൂപ്പിന് അനുമതി നൽകിയത്. ഇതിനായി കേന്ദ്ര സർക്കാർ ദേശീയ സുരക്ഷാ പ്രോട്ടോക്കോളുകളിൽ ഇളവ് വരുത്തിയെന്നാണ് ആരോപണം.
പ്രകൃതിവാതക, പെട്രോളിയം ഖനനവുമായി ബന്ധപ്പെട്ട ഒായിൽഫീൽഡ് ഭേദഗതി ബിൽ ലോക്‌സഭ പാസാക്കി. രാജ്യസഭയിൽ റെയിൽവേ മന്ത്രാലയത്തിന്റെ പ്രവർത്തനത്തെക്കുറിച്ചുള്ള ചർച്ച തുടർന്നു. ഇരു സഭകളും മാർച്ച് 17 തിങ്കളാഴ്‌ച വരെ പിരിഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |