ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ കോൺഗ്രസുമായി നേർക്കുനേർ മത്സരിച്ച ഹരിയാന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലും ബി.ജെ.പിക്ക് മിന്നും ജയം. പത്ത് കോർപറേഷനുകളിൽ ഒൻപതിലും ബി.ജെ.പി മേയർ സ്ഥാനാർത്ഥികൾ ജയിച്ചു. മുതിർന്ന നേതാവും മുൻ മുഖ്യമന്ത്രിയുമായ ഭൂപേന്ദർ ഹൂഡയുടെ ശക്തികേന്ദ്രമായ റോത്തക്കിൽ വരെ കോൺഗ്രസിന് അടിപതറി. ഒരിടത്ത് ബി.ജെ.പി വിമതൻ ജയിച്ചു. രണ്ട്, ഒമ്പത് തിയതികളിൽ നടന്ന തിരഞ്ഞെടുപ്പിന്റെ ഫലമാണ് ഇന്നലെ വന്നത്.
ഫരീദാബാദ്, അംബാല, ഹിസാർ, റോത്തക്, കർണാൽ, യമുനാനഗർ, ഗുരുഗ്രാം, സോനിപഥ്, പാനിപ്പത്ത് എന്നീ കോർപറേഷനുകളിലാണ് ബി.ജെ.പി സ്ഥാനാർത്ഥികൾ ജയിച്ചത്. മനേസറിൽ സ്വതന്ത്രനായി മത്സരിച്ച വിമത നേതാവ് ഡോ. ഇന്ദർജിത് യാദവ് ബി.ജെ.പിയുടെ സുന്ദർലാലിനെ തോൽപ്പിച്ചു.
അംബാലയിൽ ഷൈലജ സച്ച്ദേവ, ഫരീദാബാദിൽ പർവീൺ ജോഷി, ഹിസാറിൽ ബിപ്രവീൺ പോപ്ലി, കർണാലിൽ രേണു ബാല ഗുപ്ത, പാനിപ്പത്തിൽ കോമൾ സൈനി, സോണിപഥിൽ രാജീവ് ജെയിൻ, യമുനനഗറിൽ സുമൻ, ഗുരുഗ്രാമിൽ റാജ് റാണി മൽഹോത്ര എന്നിവരാണ് മറ്റ് ബി.ജെ.പി മേയർമാർ.
ആം ആദ്‌മി ഒറ്റയ്‌ക്ക്
മത്സരിച്ചതും തിരിച്ചടി
നയാബ് സൈനിക്കു പുറമെ ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത അടക്കം നേതാക്കളെ ഇറക്കിയാണ് ബി.ജെ.പി പ്രചാരണം നടത്തിയത്. കോൺഗ്രസിനായി ഭൂപേന്ദ്ര ഹൂഡയ്‌ക്കൊപ്പം രാജസ്ഥാൻ മുൻ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റുമുണ്ടായിരുന്നു. ഡൽഹിക്ക് പിന്നാലെ 'ഇന്ത്യ' മുന്നണി കക്ഷികളായ കോൺഗ്രസും ആം ആദ്‌മി പാർട്ടിയും ഒറ്റയ്‌ക്ക് മത്സരിച്ചതും ബി.ജെ.പിയെ സഹായിച്ചു. ഭൂപേന്ദ്രർ ഹൂഡയുടെ ശക്തികേന്ദ്രമായ റോത്തക്കിൽ കോൺഗ്രസിന്റെ സൂരജ്മൽ കിലോയിയെ ബി.ജെ.പിയുടെ രാം അവതാർ ബാൽമീകി 45,000 ൽ അധികം വോട്ടുകൾക്കാണ് പിന്നിലാക്കിയത്.
ട്രിപ്പിൾ എൻജിൻ' സർക്കാരിനുള്ള ജനങ്ങളുടെ അംഗീകാരം. നന്ദി. പ്രധാനമന്ത്രിയുടെ 'വികസിത ഇന്ത്യ' എന്ന ദർശനം നിറവേറ്റുന്നതിൽ ഹരിയാന മികച്ച സംഭാവനം നൽകും.
നയാബ് സിംഗ് സൈനി
മുഖ്യമന്ത്രി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |