കോഴിക്കോട്: കടുത്ത വെയിലിന് ആശ്വാസമായി പെയ്ത കനത്ത മഴ മലയോരത്തെ വിറപ്പിച്ചു. കുറ്റ്യാടി, പേരാമ്പ്ര, കൊയിലാണ്ടി, ബാലുശ്ശേരി ഭാഗങ്ങളിലാണ് ഇന്ന ലെ വൈകിട്ട് ഇടിമിന്നലോടെ ശക്തമായ മഴ പെയ്തത്. പലയിടത്തും കാറ്റ് വീശിയടിച്ചു. ഒരുമണിക്കൂറോളം നീണ്ട കാറ്റിലും മഴയിലും ഇലക്ട്രിക് തൂണു കൾ ഉൾപ്പെടെ നിലംപൊത്തി. കോഴിക്കോട് നഗരത്തിലും ചെറിയ തോതിൽ മഴ പെയ്തു.
കൊയിലാണ്ടി: കൊയിലാണ്ടി മേഖലയിൽ വൈകിട്ട് അഞ്ചരയോടെയാണ് മഴ തുടങ്ങിയത്. അപ്രതീക്ഷിതമായി പെയ്ത കനത്ത മഴയിൽ റോഡുകളിൽ കല്ലും മണ്ണും നിറഞ്ഞതോടെ ഇരുചക്രവാഹന യാത്രക്കാർ തെന്നിവീണു. കുടിവെള്ള പൈപ്പ് ഇടുന്നതിനായി എടുത്ത കുഴിയിൽ വെള്ളം നിറഞ്ഞതോടെ പലയിടത്തും റോഡ് ചളിക്കുളമായി. ശക്തമായ കാറ്റിൽ മരക്കൊമ്പുകളും തെങ്ങിൻ മടലുകളും റോഡിലാകെ വീണു. വൈദ്യുതി ബന്ധം നിലച്ചു .കാപ്പാട് തുവ്വപ്പാറയിൽ തെങ്ങ് വീണ് ഗതാഗതം തടസപ്പെട്ടു. ആർക്കും പരിക്കില്ല. കുറ്റ്യാടി ഇടതുകര കനാലിന്റെ നമ്പ്രത്ത് കര ഭാഗം തകർന്ന് വെള്ളവും ചെളിയും റോഡിലേക്ക് ഒഴുകി. തൊട്ടടുത്തുളള ഫ്ലോർ മില്ലിലേക്ക് വെള്ളവും ചളിയും ഒഴുകിയെത്തി. കനാൽ പൊട്ടിയതോടെ നടേരിയിലുള്ള ഷട്ടർ അടച്ച് ജലവിതരണം നിർത്തി. സംഭവ സ്ഥലം ഇറിഗേഷൻ വിഭാഗം ഉദ്യോഗസ്ഥർ സന്ദർശിച്ചു
പേരാമ്പ്ര: കിഴക്കൻ പ്രദേശങ്ങളിൽ വൈകിട്ട് നാലു മണിയോടെ ചിനുങ്ങി പെയ്ത മഴ ആറുമണിയോടെ ശക്തിയായി. പേരാമ്പ്ര, കൂത്താളി, പന്തിരിക്കര, മുതുകാട്, ചക്കിട്ടപാറ, കിഴക്കൻ പേരാമ്പ്ര എന്നിവിടങ്ങളിലെല്ലാം മഴപെയ്തു.
കുറ്റ്യാടി: വൈകിട്ട് മൂന്ന് മണിക്ക് ആരംഭിച്ച മഴ ഇടവിട്ട് പെയ്ത് കനത്ത മഴയായി മാറി. പ്രതീക്ഷിക്കാതെ പെയ്ത മഴയിൽ ടൗണുകളിലെത്തിയവർ ഏറെ നേരം വലഞ്ഞു. കുറ്റ്യാടിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി, നിർമ്മാണം പൂർത്തിയാവാത്ത റോഡുകളിലൂടെ വെള്ളം കുത്തി ഒഴുകിയതോടെ റോഡ് പൂർണമായും തകർന്നു.
ബാലുശ്ശേരി: ഇന്നലെ വൈകിട്ടോടെ ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും ബാലുശ്ശേരി അറപ്പീടിക സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ബിൽഡിംഗിൽ സ്ഥാപിച്ച കൂറ്റൻ
ഇരുമ്പ് ഷീറ്റും ഫ്രെയിമും ഇളകി സംസ്ഥാന പാതയിലേക്ക് പതിച്ചു. തിരക്കുള്ള റോഡിൽ വാഹനങ്ങൾ ഇല്ലാത്തതിനാൽ വൻ അപകടം ഒഴിവായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |