ആലപ്പുഴ: നഗരസഭാ പരിധിയിൽ മുല്ലക്കൽ സീറോ ജംഗ്ഷൻ മുതൽ കൈ ചൂണ്ടി ജംഗ്ഷൻ വരെ പ്രധാന റോഡുകളുടെ ഇരുവശത്തെയും വ്യാപാര സ്ഥാപനങ്ങൾക്ക് മുമ്പിൽ ബങ്കുകൾ സ്ഥാപിച്ച് വഴിയോരക്കച്ചവടക്കാരെ പുനരധിവസിപ്പിക്കാനുള്ള നീക്കത്തിനെതിരെ ചെറുകിട വ്യാപാരികൾ രംഗത്ത്. അംഗീകൃത വ്യാപാരികളുടെ കച്ചവടത്തെ താറുമാറാക്കുന്ന നീക്കമാണ് അധികൃതർ സ്വീകരിക്കുന്നതെന്നാണ് ആരോപണം. നഗരത്തിലെ മുന്നോറോളം വരുന്ന വഴി വാണിഭക്കാരെ നഗരചത്വരത്തിലേക്ക് പുനരധിവാസിപ്പാക്കാൻ ആദ്യം ആലോചനയുണ്ടായിരുന്നെങ്കിലും, ചത്വരം സാംസ്ക്കാരിക കേന്ദ്രമാക്കുന്നതിനാൽ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു. അതേസമയം, വഴിവാണിഭക്കാർക്ക് ബങ്കുകൾ സ്ഥാപിച്ച് കച്ചവടം തുടരാൻ മുല്ലയ്ക്കൽ സീറോ ജംഗ്ഷൻ മുതൽ കൈചൂണ്ടിമുക്ക് വരെയുള്ള റോഡാണ് അഭികാമ്യമെന്ന റിപ്പോർട്ട് നഗരസഭ ഹൈക്കോടതിയിൽ സമർപ്പിച്ചു കഴിഞ്ഞു.
എതിർപ്പ് ശക്തമാക്കി വ്യാപാരികൾ
നഗരസഭ സ്വകാര്യ സ്ഥാപനവുമായി ചേർന്ന് നടത്തിയ പഠന പ്രകാരം, സീറോ ജംഗ്ഷൻ മുതൽ കോടതി പാലം വരെ നടപ്പാത മാത്രമാക്കി മാറ്റുകയും തുടർന്ന് കൈ ചൂണ്ടിമുക്ക് വരെ വൺവേ സംവിധാനം നടപ്പാക്കാനുമാണ് ആലോചന. തുടർന്ന് റോഡിന്റെ ഇരുവശങ്ങളിലും വഴിയോരക്കച്ചവടക്കാരെ പുനരധിവസിപ്പിക്കും
സീറോ ജംഗ്ഷൻ മുതൽ കോടതിപ്പാലം വരെ റോഡിന്റെ ഇരുവശത്തും, കോടതിപ്പാലം മുതൽ കൈചൂണ്ടി മുക്ക് വരെ ഒരു വശത്തും കച്ചവടം അനുവദിക്കാനാണ് നഗരകച്ചവട സമിതിയുടെ
തീരുമാനം
തെരുവോര കച്ചവടക്കാർക്കായി ബൈലോ പ്രകാരം അനുവദിക്കുന്ന സ്ഥല പരിമിതിയിലോ, അല്ലാത്തപക്ഷം കച്ചവടതരം അനുസരിച്ച് സ്ഥലപരിമിത കണക്കിലെടുത്ത് പരമാവധി 25 സ്ക്വയർ ഫീറ്റിൽ കവിയാത്ത സ്ഥലത്തിൽ കച്ചവടം നടത്താമെന്നും നഗരസഭ അധികൃതർ പറയുന്നു
ആലപ്പുഴയുടെ വ്യാപാര സിരാകേന്ദ്രമായ മുല്ലയ്ക്കൽ - കൈചൂണ്ടി ഭാഗത്ത് അംഗീകൃത വ്യാപാരം നടത്തുന്ന 400ൽ പരം കടകളാണുള്ളത്. പദ്ധതി നടപ്പായാൽ ഇവയിൽ അധികവും പൂട്ടിപ്പോകും. അതിനാൽ പദ്ധതിയെ ശക്തമായി എതിർക്കുകയും ആവശ്യമെങ്കിൽ നിയമപരമായി നേരിടുകയും ചെയ്യുമെന്നാണ് വ്യാപാരികൾ പറയുന്നത്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |