വടക്കഞ്ചേരി: ചക്കയ്ക്ക് വിപണിയിൽ പ്രിയമേറിയെങ്കിലും വിലക്കുറവിൽ തിരിച്ചടി നേരിടുകയാണ് കർഷകരും വ്യാപാരികളും. കടുത്ത വേനൽ ചൂടിൽ ചക്ക വിരിഞ്ഞു തുടങ്ങുമ്പോൾ തന്നെ കൊഴിയുന്നതും, ചൂടിനെ അതിജീവിച്ചവ വളർച്ച മുരടിച്ചു നിൽക്കുന്നതുമാണ് മറ്റൊരു പ്രതിസന്ധി. ചക്കയുടെ ചില്ലറ വില്പന വില കൂടുതലാണെങ്കിലും മൊത്തവില കിലോക്ക് പത്ത് രൂപയാണെന്ന് വടക്കഞ്ചേരിയിലെ ചക്ക കയറ്റുമതി കേന്ദ്രം ഉടമ ഷാഹുൽ ഹമീദ് പറഞ്ഞു. ചക്ക കയറ്റുമതി സജീവമാകുമ്പോഴും മതിയായ വില ലഭിക്കാത്തത് കർഷകർക്കെന്നപോലെ വ്യാപാരികൾക്കും തിരിച്ചടിയാണ്. ചക്കയുടെ ഗുണഗണങ്ങൾ തിരിച്ചറിഞ്ഞ് അന്യ സംസ്ഥാനങ്ങളിലേക്കും വിദേശങ്ങളിലേക്കും കയറ്റുമതിയുണ്ട്.
വിദേശ കയറ്റുമതിയും വർദ്ധിച്ചു
വടക്കഞ്ചേരി ഉൾപ്പെടെ കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ നിന്നും ഇടിയൻ ചക്കക്കു പിന്നാലെ മൂപ്പെത്തിയ ചക്കയുടെ കയറ്റുമതിയും ആരംഭിച്ചു. ചക്കയുടെ തൂക്കമനുസരിച്ചാണ് ഓരോ സ്ഥലത്തേയും ഡിമാൻഡ്. ഒന്നു മുതൽ മൂന്നു കിലോ വരെയുള്ള ചക്കയാണ് കൊൽക്കത്തക്കാർക്ക് പ്രിയം. നാലുകിലോ മുതൽ എട്ട് കിലോ വരെയുള്ള ചക്ക നാഗ്പൂർ, ഭോപ്പാൽ, ഇൻഡോർ എന്നിവിടങ്ങളിലേക്ക് കയറ്റിപ്പോകും. എട്ട് കിലോ മുതൽ 20 കിലോ വരെയുള്ള വലിയ ചക്ക ഉത്തർപ്രദേശിലാണ് വിറ്റഴിയുക. അര കിലോ മുതൽ ഒരു കിലോ വരെ വരുന്ന ചക്കയാണ് വിദേശികൾക്ക് പ്രിയപ്പെട്ടതെന്ന് കാൽനൂറ്റാണ്ടായി ചക്ക, മാങ്ങ കയറ്റുമതി രംഗത്തുള്ള ഷാഹുൽ ഹമീദ് പറയുന്നു.
പൊടിയാക്കി ഉപയോഗിക്കാനും കറിക്കുമായാണ് ഇടിയൻചക്ക കയറ്റി പോകുന്നത്. ഔഷധമൂല്യം ഏറെയുള്ള ചക്ക മറുനാട്ടുകാർ അവരുടെ ഇഷ്ടഭോജ്യമാക്കി മാറ്റിക്കഴിഞ്ഞു. വടക്കഞ്ചേരി ദേശീയ പാതയുടെ വശങ്ങളിൽ പച്ചയും പഴുത്തതുമായ ചക്ക ചില്ലറ വിൽപ്പനക്കാർ ധാരാളമുണ്ട്.
വടക്കഞ്ചേരി, മംഗലംഡാം, കിഴക്കഞ്ചേരി മലയോരമേഖലയിൽ കഴിഞ്ഞ വർഷങ്ങൾക്കിടെ പ്ലാവ് കൃഷി വ്യാപകമായിട്ടുണ്ട്. വാൽകുളമ്പ് , ചിറ്റ പോലെയുള്ള പ്രദേശങ്ങളിൽ ഏക്കർ കണക്കിന് സ്ഥലത്ത് പ്ലാവിൻ തോട്ടങ്ങളാണിപ്പോൾ. മംഗലം ഡാം പള്ളി അങ്കണത്തിൽ വിവിധ തരം പ്ലാവുകളുടെ നേഴ്സറി തന്നെയുണ്ട്. വടക്കഞ്ചേരിക്ക് പുറമെ ചാലക്കുടി, അങ്കമാലി, പെരുമ്പാവൂർ, തിരുവനന്തപുരം, കൊല്ലം, വയനാട് തുടങ്ങിയ സ്ഥലങ്ങളിലെല്ലാം ചക്ക കയറ്റുമതി കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |