ന്യൂഡൽഹി: ആശാ വർക്കർമാർക്ക് നൽകേണ്ട ധനസഹായം ഉയർത്തണമെന്ന നിർദ്ദേശവുമായി ആരോഗ്യമന്ത്രാലയ സ്റ്റാൻഡിംഗ് കമ്മിറ്റി. ആശമാർ താഴേത്തട്ടിൽ നടത്തുന്നത് നിർണായക സേവനമാണെന്നും കമ്മിറ്റി വ്യക്തമാക്കി.നിലവിൽ 5000 മുതൽ 9000 രൂപ വരെയാണ് ആശാവർക്കർമാർക്ക് ധനസഹായം കിട്ടുന്നത്. ഇത് രണ്ട് നേരത്തെ ഭക്ഷണത്തിന് പോലും തികയില്ലെന്നും കമ്മിറ്റി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
രാം ഗോപാൽ യാദവ് അദ്ധ്യക്ഷനായ കമ്മിറ്റിയുടേതാണ് ശുപാർശ. ആശമാരുടെ അടിസ്ഥാന ആവശ്യങ്ങൾക്കും ആരോഗ്യ പരിപാലനത്തിനും ധനസഹായം തികയുന്നില്ല. ആരോഗ്യ ഗവേഷണ രംഗത്തും ആശമാരെ പ്രയോജനപ്പെടുത്തണം. ഇതിന് അധിക ധനസഹായം ഗവേഷണ ഫണ്ടിൽ നിന്ന് നൽകണമെന്നും കമ്മിറ്റി ശുപാർശ ചെയ്യുന്നുണ്ട്. കേരളത്തിന് എയിംസ് അനുവദിക്കണമെന്നും സമിതി ശുപാർശ ചെയ്തിട്ടുണ്ട്.
അതേസമയം, ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് പ്രതിഷേധ പൊങ്കാല ഇട്ട് സമരം ശക്തമാക്കാനൊരുങ്ങിയിരിക്കുകയാണ് ആശാ വർക്കർമാർ. കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമനും മുഖ്യമന്ത്രി പിണറായി വിജയനും തമ്മിലുളള കൂടിക്കാഴ്ചയിൽ ആശാ വർക്കർമാരുടെ പ്രശ്നം വരാത്തതിന്റെ നിരാശയിലും അതൃപ്തിയിലുമാണ് സമരക്കാർ. ഫണ്ട് അനുവദിച്ചതിനെ ചൊല്ലി കേന്ദ്രവും കേരളവും തമ്മിലെ തർക്കം ഉടൻ തീർത്ത് പ്രശ്നപരിഹാരം ഉണ്ടാക്കണമെന്നാണ് ആശാ വർക്കർമാർ ഉന്നയിക്കുന്ന ആവശ്യം. തിങ്കളാഴ്ച സെക്രട്ടറിയേറ്റ് ഉപരോധം പ്രഖ്യാപിച്ച് സമരം കടുപ്പിക്കാനാണ് പ്രതിഷേധക്കാർ തീരുമാനിച്ചിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |