കാലിഫോർണിയ: ആശങ്കകൾക്കൊടുവിൽ ബഹിരാകാശ സഞ്ചാരികളായ സുനിത വില്യംസിന്റെയും ബുച്ച് വിൽമോറിന്റെയും ഭൂമിയിലേക്കുളള മടക്കയാത്ര ഔദ്യോഗികമായി സ്ഥിരീകരിച്ച് നാസ. അടുത്ത തിങ്കളാഴ്ചയായിരിക്കും ബഹിരാകാശസംഘം ഭൂമിയിലേക്കെത്തുകയെന്ന് നാസ അറിയിച്ചു. പതിനേഴാം തീയതി ഇന്ത്യൻ സമയം വൈകിട്ട് 6.35ന് സുനിത കൂടി ഭാഗമായ ക്രൂ 9 ദൗത്യ സംഘം നിലയത്തിൽ നിന്ന് പുറപ്പെടും. കാലാവസ്ഥ അനുസരിച്ച് ഈ സമയത്തിലും തീയതിയിലും മാറ്റം വരുത്തേണ്ടി വന്നേക്കാമെന്നും നാസ അറിയിച്ചിട്ടുണ്ട്.
ഇന്ന് രാവിലെ സാങ്കേതിക പ്രശ്നം കാരണം മാറ്റിവച്ച ക്രൂ 10 വിക്ഷേപണം നാളെ രാവിലെ നടക്കുമെന്നും നാസ അറിയിച്ചിട്ടുണ്ട്. നാലംഗ സംഘമാണ് സ്‌പേസ് എക്സ് ക്രൂ 10 ദൗത്യത്തിന്റെ ഭാഗമായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് പോകുന്നത്. ഇന്ത്യൻ സമയം പുലർച്ചെ 4:56നായിരിക്കും ഈ വിക്ഷേപണം. ഇന്ത്യൻ സമയം ഇന്ന് പുലർച്ചെ 5:18നായിരുന്നു വിക്ഷേപണം നടക്കേണ്ടിയിരുന്നത്. ഫാൽക്കൺ 9 റോക്കറ്റിൽ വിക്ഷേപിക്കുന്ന സ്‌പേസ് എക്സിന്റെ തന്നെ ഡ്രാഗൺ പേടകത്തിലായിരുന്നു നാല് സഞ്ചാരികൾ ബഹിരാകാശത്തേക്ക് പോകേണ്ടിയിരുന്നത്. അവസാന നിമിഷം കണ്ടെത്തിയ ലോഞ്ച് പാഡിലെ സാങ്കേതിക പ്രശ്നം കാരണമാണ് വിക്ഷേപണം മാറ്റിവച്ചത്.
ബോയിംഗ് സ്റ്റാർലൈനറിൽ പത്ത് ദിവസത്തെ ദൗത്യത്തിനായി പുറപ്പെട്ട ഇരുവരും കഴിഞ്ഞ ഒമ്പത് മാസമായി ബഹിരാകാശ നിലയത്തിൽ കുടുങ്ങിക്കിടക്കുകയാണ്. ജൂൺ അഞ്ചിന് ക്രൂവേർഡ് ഫ്ല്ളൈറ്റ് ടെസ്റ്റിലാണ് സുനിതയും വിൽമോറും സ്പേസ് സ്റ്റേഷനിൽ എത്തിയത്. എന്നാൽ തിരിച്ചുവരാനുള്ള ദൗത്യം പരാജയപ്പെട്ടതോടെ ബഹിരാകാശ നിലയത്തിൽ തുടരുകയായിരുന്നു. പലതവണ ഇരുവരെയും മടക്കികൊണ്ടുവരാൻ നാസ ശ്രമിച്ചെങ്കിലും സ്റ്റാർലൈനറിന്റെ അപകട സാദ്ധ്യത മുന്നിൽക്കണ്ട് മടക്കയാത്ര നീട്ടിവയ്ക്കുകയായിരുന്നു. അതിനിടയിൽ ഏറ്റവും കൂടുതൽ സമയം ബഹിരാകാശ നടത്തം പൂർത്തിയാക്കിയ വനിതയെന്ന ലോക റെക്കാഡും സുനിത സ്വന്തമാക്കിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |