അബുദാബി: യുഎഇയിൽ ഡ്രൈവിംഗ് ലൈസൻസ് ലഭിക്കാനുള്ള കുറഞ്ഞ പ്രായം 17 ആയി കുറച്ചു. ഈ മാസം 29 മുതൽ കൗമാരക്കാർക്ക് ലൈസൻസിനായി ഔദ്യോഗികമായി രജിസ്റ്റർ ചെയ്യാമെന്ന് യുഎഇ പ്രഖ്യാപിച്ചു. 2024 ഒക്‌ടോബറിൽ യുഎഇ സർക്കാർ ട്രാഫിക് നിയന്ത്രണങ്ങൾ സംബന്ധിച്ച് പുതിയ ഫെഡറൽ ഡിക്രി നിയമം പ്രഖ്യാപിച്ചിരുന്നു. ഇതാണ് ഈ മാസം 29 മുതൽ പ്രാബല്യത്തിൽ വരുന്നത്.
കാറുകളും മറ്റ് ചെറിയ വാഹനങ്ങളും ഓടിക്കാനുള്ള ലൈസൻസാണ് 17 വയസായവർക്ക് ലഭിക്കുകയെന്ന് യുഎഇ ഗവൺമെന്റ് മീഡിയ ഓഫീസ് അറിയിച്ചു. പുതിയ നിയമം പ്രാബല്യത്തിൽ വരുന്നതിന്റെ സന്തോഷത്തിലാണ് യുഎഇയിൽ താമസിക്കുന്ന കൗമാരക്കാരിൽ ഭൂരിഭാഗവും. കാർ ഓടിച്ച് സ്‌കൂളിൽ പോകാൻ ആഗ്രഹമുണ്ടെന്നും ഇനി ഇടയ്‌ക്കിടെ ചെറിയ യാത്രകൾ പോകാൻ മാതാപിതാക്കളെ ശല്യപ്പെടുത്തേണ്ടതില്ല എന്നുമാണ് കുട്ടികൾ പറയുന്നത്.
പൊതുഗതാഗതമില്ലാത്ത സ്ഥലങ്ങളിലേക്ക് സ്വയം ഡ്രൈവ് ചെയ്‌ത് ഇനി പോകാമല്ലോ എന്ന സന്തോഷത്തിലാണ് ചില കൗമാരക്കാർ. പരിചയസമ്പന്നരായ പരീശിലകരുടെ കീഴിൽ പഠിച്ച് ആർടിഎ ടെസ്റ്റ് പാസായാൽ മാത്രമാണ് ലൈസൻസ് ലഭിക്കുക. അതിനാൽ, മക്കൾ വാഹനവുമായി നിരത്തിലിറങ്ങുന്നതിൽ ആശങ്കയില്ലെന്നാണ് പല രക്ഷിതാക്കളും പറയുന്നത്. മാത്രമല്ല, യുഎഇയിൽ വാഹനമോടിക്കുന്നതിന് അച്ചടക്കം അനിവാര്യമാണ്. പുതിയ നിയമത്തെക്കുറിച്ച് കൂടുതൽ അറിയാനായി അന്വേഷണം നടത്തുന്നവരുടെ എണ്ണം ദിനംപ്രതി കൂടുകയാണെന്ന് എമിറേറ്റ്സ് ഡ്രൈവിംഗ് ഇൻസ്റ്റിറ്റ്യൂട്ടിലെ കസ്റ്റമർ എക്സ്പീരിയൻസ് ആൻഡ് മാർക്കറ്റിംഗ് ഡയറക്ടർ ഫാത്തിമ റയീസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |