തിരുവനന്തപുരം: അനന്തപുരിയെ ഭക്തി സാന്ദ്രമാക്കി പൊങ്കാല നിവേദിച്ച് ഭക്തലക്ഷങ്ങൾ. ഉച്ചയ്ക്ക് 1.15ന് ആറ്റുകാൽ ക്ഷേത്രത്തിൽ പൊങ്കാല നിവേദിച്ചു. തുടർന്ന് വഴിനീളെ ഒരുക്കിയ പൊങ്കാലക്കലങ്ങളിൽ പുണ്യാഹം തളിച്ചു. ഇനി ആത്മസമർപ്പണത്തിന്റെ നിർവൃതിയിൽ ഭക്തരുടെ മടക്കം. രാവിലെ 10.15ന് ക്ഷേത്രത്തിന് മുന്നിലെ പണ്ടാരയടുപ്പിൽ തീ പകർന്നതോടെയാണ് പൊങ്കാലയ്ക്ക് തുടക്കമായത്.
രാത്രി 7.45ന് കുത്തിയോട്ട ബാലന്മാരെ ചൂരൽ കുത്തും. 582 ബാലന്മാരാണ് ഇക്കുറി കുത്തിയോട്ടത്തിനുള്ളത്. രാത്രി 11.15ന് മണക്കാട് ശാസ്താക്ഷേത്രത്തിലേക്ക് ദേവിയെ എഴുന്നള്ളിക്കും. വെള്ളിയാഴ്ച രാവിലെ എഴുന്നള്ളത്ത് തിരിച്ച് ക്ഷേത്രത്തിലെത്തും. രാത്രി 10ന് കാപ്പഴിച്ച് കുടിയിളക്കിയശേഷം ഒരു മണിക്ക് നടക്കുന്ന കുരുതി സമർപ്പണത്തോടെ പൊങ്കാല ഉത്സവം സമാപിക്കും.
ഇത്തവണ തലസ്ഥാന നഗരിയിൽ പൊങ്കാല സമർപ്പണത്തിന് മുൻവർഷങ്ങളിലേക്കാൾ തിരക്കാണ് അനുഭവപ്പെട്ടത്. കേരളത്തിന്റെ പല ജില്ലകളിൽ നിന്നായി സ്ത്രീജനങ്ങൾ ആറ്റുകാലമ്മയ്ക്ക് പൊങ്കാലയർപ്പിക്കാനെത്തി. നിരവധി സിനിമ - സീരിയൽ താരങ്ങൾ പൊങ്കാല അർപ്പിച്ചു. സെക്രട്ടേറിയേറ്റിന് മുന്നിൽ ആശാവർക്കർമാരും പൊങ്കാല അർപ്പിച്ചു. പൊങ്കാലയോടനുബന്ധിച്ച് വലിയ രീതിയിലുളള സുരക്ഷാക്രമീകരണങ്ങളാണ് പൊലീസ് ഒരുക്കിയിട്ടുളളത്.
ഹരിത ചട്ടങ്ങൾ പൂർണമായും പാലിക്കണമെന്നാണ് നഗരസഭ അറിയിച്ചിരിക്കുന്നത്. കടുത്ത വേനലായതുകൊണ്ട് ശുചീകരണ പ്രവർത്തനങ്ങൾ വെെകുന്നേരം മൂന്ന് മണി മുതൽ ആരംഭിക്കുമെന്ന് നഗരസഭ അറിയിച്ചു. ശുചീകരണ പ്രവർത്തനം മികച്ച രീതിയിൽ പൂർത്തീകരിക്കുന്നതിനായി നഗരസഭ ശുചീകരണ തൊഴിലാളികൾ ഉൾപ്പടെ ആകെ 3204 തൊഴിലാളികളെ നിയോഗിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |