അഹമ്മദാബാദ്: കുളിമുറി ദൃശ്യം കാണിച്ച് കോളേജ് വിദ്യാർത്ഥിനിയെ പതിനാറുമാസത്തോളം കൂട്ട ബലാത്സംഗം ചെയ്തെന്ന് പരാതി. ഗുജറാത്തിലെ പാലൻപൂരിലായിരുന്നു സംഭവം. ഇരുപതുകാരിയാണ് ക്രൂരപീഡനത്തിന് ഇരയായത്. സംഭവത്തിൽ പ്രതികളായ ഏഴുപേർക്കുവേണ്ടി പൊലീസ് അന്വേഷണം ആരംഭിച്ചു.
2023ൽ പെൺകുട്ടി പാലൻപൂരിലെ കോളേജിൽ പ്രവേശനം നേടി. ഇതിനെത്തുടർന്നാണ് സംഭവങ്ങൾ തുടങ്ങിയത്. കഴിഞ്ഞമാസം വരെ പീഡനം തുടർന്നു. കേസിലെ പ്രധാന പ്രതിയായ വിശാൽ ചൗധരി 2023ൽ ഇൻസ്റ്റഗ്രാമിലൂടെ പെൺകുട്ടിയുമായി സൗഹൃദത്തിലായി. തുടർന്ന് പെൺകുട്ടിയെ ഭക്ഷണം കഴിക്കാനായി ഒരു ഹോട്ടലിലേക്ക് വിളിച്ചുവരുത്തി. കഴിക്കുന്നതിനിടെ ഇയാൾ മനഃപൂർവം വിദ്യാർത്ഥിനിയുടെ ശരീരത്തിലേക്കും വസ്ത്രത്തിലേക്കും ഭക്ഷണം തെറിപ്പിച്ചു. തുടർന്ന് ഭക്ഷണം വീണ വസ്ത്രം മാറ്റാനെന്നപേരിൽ ഹോട്ടലിലെ ഒരു മുറിയിലേക്ക് പെൺകുട്ടിയെ കൂട്ടിക്കൊണ്ടുപോയി. അവിടെ കുളിമുറിയിൽ കയറി പെൺകുട്ടി വസ്ത്രംമാറുന്നതിനിടെ വിശാൽ അതിക്രമിച്ചുകയറുകയും ദൃശ്യങ്ങൾ പകർത്തുകയും ചെയ്തു. പെൺകുട്ടി ഇതിനെ എതിർത്തോടെ ദൃശ്യങ്ങൾ ഇൻസ്റ്റഗ്രാമിൽ പോസ്റ്റുചെയ്യുമെന്ന് ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു.
തുടർന്ന് തന്റെ സുഹൃത്തുക്കൾക്ക് പെൺകുട്ടിയെ കൈമാറി. പലയിടങ്ങളിൽ വച്ച് പലപ്പോഴായി ഇവർ പെൺകുട്ടിയെ പീഡിപ്പിച്ചു. സംഭവം പുറത്തുപറഞ്ഞാൽ ഗുരുതര പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് ഇവർ ഭീഷണിപ്പെടുത്തുകയും ചെയ്തു. അതിനാൽ പുറത്തുപറഞ്ഞില്ല. ഒടുവിൽ സഹിക്കാനാകാതെവന്നതോടെ പെൺകുട്ടി പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. തുടർന്ന് വിശാൽ ഉൾപ്പടെ കണ്ടാൽ അറിയാവുന്ന ആറുപേർക്കെതിരെയും മറ്റൊരാൾക്കെതിരെയും പൊലീസ് കേസെടുത്തു. ഇവർ ഒളിവിലാണ്. അന്വേഷണം ഊർജിതമാക്കിയെന്നും പ്രതികൾ ഉടൻ പിടിയിലാവുമെന്നുമാണ് പൊലീസ് പറയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |